ബിസയിൽ നിന്നും ലണ്ടനിലേക്ക് വന്ന റൈൻഎയർ വിമാനത്തിൽ സൗരക്കാറ്റ് ആഞ്ഞടിച്ചു. തൽഫലമായി ഒട്ടേറെ തവണ കീഴോട്ട് വീണ ഫ്‌ലൈറ്റ് വീണ്ടും മുകളിലേക്ക് പറത്തുകയായിരുന്നു. തുടർന്ന് ലാൻഡ് ചെയ്യാനാവാതെ വിമാനം പറന്നത് മണിക്കൂറുകളാണെന്നാണ് റിപ്പോർട്ട്. എന്നിട്ടും വിമാനം അപകടത്തിൽ പെടാതെ തലനാരിഴയ്ക്ക് ജീവൻ തിരിച്ച് കിട്ടിയതിന്റെ ആവേശത്തിലാണ് യാത്രക്കാരിപ്പോൾ. ഇത്തരത്തിൽ വിമാനം ഉയരുകയും താഴുകയുംചെയ്തതിനെ തുടർന്ന് യാത്രക്കാരിൽ പലരും ഛർദിക്കുന്നുണ്ടായിരുന്നു.

സ്റ്റാൻസ്റ്റെഡ് എയർപോർട്ടിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെയായിരുന്നു ഈ നാടകീയ രംഗങ്ങൾ ആകാശത്ത് അരങ്ങേറിയത്. രാത്രി 11.30 വിമാനം ഇവിടെ ഇറങ്ങാനായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും ഈ പ്രശ്‌നങ്ങൾ മൂലം സമയം അഞ്ച് മണിക്കൂറോളം വൈകുകയും ചെയ്തു. തുടർന്ന് ഇത് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് എയർപോർട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു. തന്റെ കുടുംബത്തെയും കുട്ടികളെയും അപകടത്തിൽ നിന്നും സംരക്ഷിച്ചതിൽ ദൈവത്തോട് നന്ദി പറയുന്നുവെന്നാണ് ഇതിലെ ഒരു യാത്രക്കാരനായ അലക്‌സ് റേയ്‌നർ പ്രതികരിച്ചിരിക്കുന്നത്.

വിമാനം നൂറ് കണക്കിന് അടി താഴോട്ട് വീഴുകയും വീണ്ടും ഉയരുകയും ചെയ്ത അനുഭവം ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരു കളിപ്പാട്ട വിമാനം പോലെയായിരുന്നു പ്ലെയിനിന്റെ മണിക്കൂറുകളോളമുള്ള നീക്കമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വിമാനത്തിലെ യാത്രക്കാർ മരണത്തെ മുഖാമുഖം കണ്ട് ഉറക്കെ കരഞ്ഞിരുന്നു. സൗരക്കാറ്റ് കാരണം അഞ്ച് വിമാനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നുവെന്നാണ് സ്റ്റാൻസ്‌റ്റെഡ് എയർപോർട്ട് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ വിഷമാവസ്ഥ മൂലം അസൗകര്യം നേരിട്ട യാത്രക്കാരാട് റൈൻ എയർ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.