യൂറോപ്പിലെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനസർവീസുകളിലൊന്നായ റയാൻ എയർ നടപ്പിലാക്കിയ പുതിയ കാബിൻ ബാഗേജ് പോളിസി യാത്രക്കാരുടെ എതിർപ്പിന് കാരണമാകുന്നു. ഇന്നലെ മുതൽ നടപ്പിലാക്കിയ പുതിയ നിയമങ്ങളിൽ നിരവധി യാത്രക്കാരാണ് വെട്ടിലായത്. ഇനിമുതൽ സ്യൂട്ട് കേസുകളും വലിപ്പമുള്ള ബാഗുകളും സൗജന്യമായി കൊണ്ടുപോകാൻ കഴിയില്ലെന്നാതാണ് പ്രധാന മാറ്റം.

മാത്രമല്ല യാത്രക്കാർക്ക് ഡിപ്പാർച്ചർ ഗേറ്റിലേക്ക് കൊണ്ട് പോകാവുന്ന ഹാൻഡ് ലഗേജ് അളവ് മൂന്നിൽ രണ്ടായി വെട്ടിച്ചുരുക്കിയിരിക്കുകയാണ്. പ്രയോറിറ്റി ബോർഡിംഗിനോ അല്ലെങ്കിൽ ബാഗേജ് ചെക്ക് ചെയ്യുന്നതിനോ അധികമായി പണമടക്കാത്ത യാത്രക്കാരെ പുതിയ നിയമം അനുസരിച്ച് 40x25x20cm ഹാൻഡ് ലഗേജുമായി കാബിനിലേക്ക് കയറുന്നതിൽ നിന്നും വിലക്കും. അതായത് ഇതിന് മുമ്പ് 58 ലിറ്റർ അളവിലുള്ള ഹാൻഡ് ലഗേജ് കൊണ്ട് വിമാനത്തിൽ കയറാൻ അനുവദിച്ചിരുന്നുവെങ്കിൽ പുതിയ നിയമം അനുസരിച്ച് അത് 20 ലിറ്ററാക്കി വെട്ടിക്കുറച്ചിരിക്കുകയാണ്.

അധികമായി വരുന്ന ബാഗുകളുടെ ഭാരത്തിന് അനുസരിച്ച് പണം നൽകേണ്ടി വരും. ഒരാൾക്ക് 10 kg വരെയുള്ള ബാഗേജുകൾക്ക് 6 യൂറോ മുതൽ 10 യൂറോ വരെ നിരക്കുകളാണ് അധികമായി ഈടാക്കുന്നത്.അപ്രതീക്ഷിതമായ ചില തീരുമാനങ്ങളെടുത്ത് വിവാദത്തിൽപ്പെട്ട റെയാനെയർ ചെറിയ കാര്യങ്ങൾക്ക് പോലും ചാർജുകൾ ഏർപ്പെടുത്തി യാത്രക്കാരെ വലയ്ക്കുകയാണെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.