പാരീസ്: ഫ്രഞ്ച് ലേബർ നിയമം ലംഘിച്ചതിന് 8.1 മില്യൺ യൂറോ പിഴയടയ്ക്കാൻ റയാൻ എയറിന് ഫ്രഞ്ച് കോടതിയുടെ ഉത്തരവ്. എട്ടു മില്യൺ യൂറോ കൂടാതെ രണ്ടു ലക്ഷം യൂറോ ഫൈൻ ഇനത്തിൽ അടയ്ക്കാനും കോടതി ഐറീഷ് ബജറ്റ് എയർലൈനായ റയാൻ എയറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രാൻസിലുള്ള ജീവനക്കാർക്ക് ഐറീഷ് കോൺട്രാക്ട് വ്യവസ്ഥകളനുസരിച്ചാണ് ശമ്പളം നൽകുന്നതെന്നും ഇതുവഴി കമ്പനിക്ക് സാമ്പത്തിക ലാഭവും മറ്റ് നികുതി ലാഭങ്ങളും ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നുമാണ് റയാൻ എയറിനെതിരേയുള്ള ആരോപണം. ഫ്രാൻസിൽ സോഷ്യൽ ചാർജുകൾ 40 മുതൽ 45 ശതമാനം വരെയാണ്. അതേസമയം അയർലണ്ടിലാകട്ടെ ഇത് 10.75 ശതമാനം മാത്രമാണ്.
ഇതുവഴി കമ്പനി യൂറോപ്യൻ നിയമങ്ങൾ ലംഘിക്കുന്നുവെന്നും ഫ്രഞ്ച് സോഷ്യൽ ലെജിസ്ലേഷന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നുമാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. പാരീസിൽ ഓഫീസുള്ള കമ്പനി ഇവിടെയുള്ള ഇതിന്റെ നാലു വിമാനങ്ങളെക്കുറിച്ചും 127 സ്റ്റാഫുകളെക്കുറിച്ചും വേണ്ടത്ര ടാക്‌സ് വെളിപ്പെടുത്തലുകൾ നടത്തുന്നില്ലെന്നും ജീവനക്കാരുടെ കാര്യത്തിൽ ഫ്രഞ്ച് ലേബർ നിയമങ്ങൾ പാലിക്കുന്നില്ലെന്നുമാണ് കോടതി വ്യക്തമാക്കുന്നത്.

എന്നാൽ മാർസീല്ലെ-മാരിഗ്നെയിനിൽ തങ്ങൾക്ക് സ്വന്തമായി ഓഫീസില്ലെന്നും അതുകൊണ്ടാണ് ഐറീഷ് കോൺട്രാക്ട് അനുസരിച്ച് ജീവനക്കാർക്ക് ശമ്പളം നൽകുന്നതെന്നുമാണ് റയാൻഎയർ വാദിച്ചത്. എന്നാൽ കമ്പനിയുടെ വാദഗതികൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇവിടെയുള്ള ജീവനക്കാർ ജീവിക്കുന്നത് ഇവിടെത്തന്നെയാണെന്നും എയർലൈന് ഓഫീസ് ഇല്ലെന്നു പറയുന്നത് വിശ്വസിക്കാൻ സാധിക്കാത്ത കാര്യമാണെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.

ഒരു മാസത്തിനുള്ളിൽ തന്നെ കോടതി വിധി നടപ്പാക്കണമെന്നും നഷ്ടപരിഹാരം ട്രേഡ് യൂണിയനുകൾക്കാണ് നൽകേണ്ടതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.