- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീർ ഇന്ത്യയുടെ കോളനി മാത്രം; ഒരിടവും രക്ഷയ്ക്കായ് ഇല്ലെന്ന് തോന്നുമ്പോഴാണ് ഭീകരർ ജനിക്കുന്നത്; സംശയത്തിന്റെ പേരിൽ ഏത് നിരപരാധിയേയും വകവരുത്താനുള്ള സൈനികന്റെ ലൈസൻസാണ് ഇന്ത്യൻ നിയമങ്ങൾ; അഫ്‌സൽ ഗുരു നിരപരാധി; ഗിലാനിയുടെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച് ഒരു മലയാളം വാരിക
ഇന്ത്യയുടെ അധിനിവേശ പ്രദേശം മാത്രമാണ് കശ്മീരെന്നും സംശയം തോന്നിയാൽ ഏത് നിരപരാധിയെയും വകവരുത്താനുള്ള സൈനികന്റെ ലൈസൻസാണ് രാജ്യത്തെ നിയമങ്ങളെന്നും എസ് എ ആർ ഗിലാനി. 2001ൽ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയാണ് ഡൽഹി സർവകലാശാലയിലെ സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ ഗിലാനി. 'പ്രസാധകൻ' മാസികയ്ക്ക് അനുവദിച്ച അഭിമ
ഇന്ത്യയുടെ അധിനിവേശ പ്രദേശം മാത്രമാണ് കശ്മീരെന്നും സംശയം തോന്നിയാൽ ഏത് നിരപരാധിയെയും വകവരുത്താനുള്ള സൈനികന്റെ ലൈസൻസാണ് രാജ്യത്തെ നിയമങ്ങളെന്നും എസ് എ ആർ ഗിലാനി. 2001ൽ പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യക്തിയാണ് ഡൽഹി സർവകലാശാലയിലെ സാക്കീർ ഹുസൈൻ കോളേജിലെ അദ്ധ്യാപകനായ ഗിലാനി. 'പ്രസാധകൻ' മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഗിലാനിയുടെ വിവാദ പ്രതികരണങ്ങൾ. പാർലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയേറ്റുവാങ്ങേണ്ടി വന്ന അഫ്‌സൽ ഗുരു നിരപരാധിയെന്നും എസ് എ ആർ ഗിലാനി പറയുന്നു.
ഇന്ത്യയുടെ ഒരു കോളനി മാത്രമാണ് കശ്മീർ. വിവിധ പ്രശ്‌നങ്ങളിൽ കശ്മീർ ജനതയോടുള്ള സർക്കാരിന്റെയും മറ്റും ഇടപെടലുകൾ അതാണ് വെളിപ്പെടുത്തുന്നത്. ഇപ്പോഴുണ്ടായ പ്രളയത്തിന്റെ സമയത്തെ രക്ഷാപ്രവർത്തനം പരിശോധിച്ചാലും ഇത് വ്യക്തമാണ്. പ്രളയസമയത്ത് തദ്ദേശവാസികളെയല്ല രക്ഷാപ്രവർത്തകർ രക്ഷിച്ചത്. മറുനാടുകളിൽ നിന്ന് കശ്മീർ കാണാനെത്തിയവരെയാണ്. കശ്മീരികൾക്ക് ദുരിതാശ്വാസ സഹായവും ആരും നൽകിയുമില്ല. സ്വന്തം മണ്ണിൽ തന്നെ രണ്ടാംതരം പൗരന്മാരായാണ് അവർ ഗണിക്കപ്പെട്ടത്.
മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയാണ് അഫ്‌സൽ ഗുരുവെന്നും പൊലീസ് ബലമായി ഒപ്പുവയ്പിച്ച ചില പേപ്പറുകൾ തെളിവാക്കി മാറ്റിയാണ് തൂക്കുകയർ ഉറപ്പിച്ചതെന്നും അഭിമുഖത്തിൽ ഗിലാനി ചൂണ്ടിക്കാട്ടുന്നുണ്ട്.
വർഗീയ ധ്രുവീകരണത്തിന് കളമൊരുക്കുകയാണ് ബിജെപി സർക്കാർ. ഇതിന് പിന്നിൽ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ്. ഉപതെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ ലൗ ജിഹാദ് വിഷയം ഉയർത്തിക്കൊണ്ടു വന്നതും ബോധപൂർവമാണ്. ഭാവനാസൃഷ്ടിയായ ഈ വിഷയം കേരളത്തിലാണ് ആദ്യം ഉയർത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഇത് ഗുണം ചെയ്തില്ല. പക്ഷേ, വീണ്ടും അതിനായി കിണഞ്ഞു ശ്രമിക്കുകയാണെന്നും ഗിലാനി പറയുന്നു.
സർക്കാർ നയങ്ങളെല്ലാം വൻകിട കോർപറേറ്റുകൾക്കുവേണ്ടിയാണ്. സാധാരണക്കാർക്കുവേണ്ടി അവർ ഒന്നും ചെയ്യുന്നില്ല. ഭരണകൂടം മുസ്ലിങ്ങളെ ഭയചകിതരാക്കുന്നുവെന്നത് പണ്ടേയുള്ള കാര്യമാണെന്നും പ്രസാധകനോട് ഗിലാനി പറയുന്നു. പ്രസാധകന്റെ ഒക്ടോബർ ലക്കത്തിലാണ് ഗിലാനിയുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും നാളുകൾക്കു മുമ്പ് തിരുവനന്തപുരത്തെത്തിയ എസ് എ ആർ ഗിലാനിയുമായി 'പ്രസാധകൻ' പ്രതിനിധി രാധിക വിശ്വനാഥൻ നടത്തിയ സംഭാഷണത്തിന്റെ പൂർണ രൂപം ഇതാ...
"എസ് എ ആർ ഗിലാനി. ഡൽഹി സർവ്വകലാശാലയിലെ അദ്ധ്യാപകനിൽ നിന്ന് കഴുമരത്തിന്റെ നിഴലിലേക്ക് നടന്നുനീങ്ങിയ വിവാദങ്ങൾ ഇന്നു ചരിത്രമാണ്. ഭീകരവാദത്തിന്റെ അടിവേരുകൾ അന്വേഷിച്ചിറങ്ങുന്നവർക്ക് ഇനിയും തിരിച്ചറിയാൻ കഴിയാത്ത നിരവധി സംഭവങ്ങളുടെ തുടർച്ച.
ഭരണകൂടവും ജനാധിപത്യവും വെല്ലുവിളി നേരിടുമ്പോൾ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട പല പാഠങ്ങളും നാം മറന്നുപോകാറുണ്ട്. അല്ലെങ്കിൽ ബോധപൂർവ്വം മറക്കാറുണ്ട്. ഇത്തരത്തിലുള്ള ചില പ്രശ്‌നങ്ങളാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്. ഭീകരവാദത്തിന്റെ വേരുകൾ അതിജീവനത്തിന്റെ വേരുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങിയതു മുതൽ ഒന്നും തിരിച്ചറിയാൻ കഴിയാത്ത ഒരു സ്ഥിതിവിശേഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
വർഗ്ഗീയവാദത്തിന്റെയും വിഘടനവാദത്തിന്റെയും ഭീഷണി ഉയർന്നുവരുമ്പോൾത്തന്നെ ഭരണകൂട ഭീകരതയും വർദ്ധിച്ചുവരുന്നു. ഇവിടെയാണ് ഒന്നും തിരിച്ചറിയാൻ കഴിയാത്ത ലംഘനങ്ങളുടെ ഘോഷയാത്ര ആരംഭിക്കുന്നത്.
[BLURB#1-VL] മൂന്നാം ലോകരാജ്യങ്ങൾ ഇന്നഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി അതിതീവ്രവാദത്തിന്റേതാണ്. വംശീയമായും ജാതീയമായും വിഘടിച്ചുപോയ മനുഷ്യൻ പോർവിളികളുടെ പാതയിലാണ്. അതിരുകൾ കടന്ന് വംശീയവിദ്വേഷം പടർന്നുപിടിച്ചപ്പോൾ അതിതീവ്രവാദത്തിന് വളക്കൂറുള്ള മണ്ണായി മാറി നമ്മുടെ രാജ്യം. അതിന് ഇതിനോടകം തന്നെ നിരവധി നിരപരാധികൾ ജീവൻകൊണ്ട് കണക്കുപറഞ്ഞു. ഇവിടെ എസ് എ ആർ ഗിലാനി തന്റെ അനുഭവങ്ങൾ പറയുകയാണ്. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിൽ നിന്ന് ഇറങ്ങിവന്ന് സംസാരിക്കുകയാണ് അദ്ദേഹം."
2001 ന് ശേഷമുള്ള എന്റെ ജീവിതം
ചില കാര്യങ്ങൾ ആർക്കും പിടികിട്ടിയില്ല എന്നതാണ് ഒരു വസ്തുത. നിജസ്ഥിതി പലരും മനസ്സിലാക്കാറില്ല. പലപ്പോഴും ജനം സ്വീകരിക്കുന്നത് ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവരുന്ന വസ്തുതകളാണ്. അവരംഗീകരിക്കുന്നതാകട്ടെ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നതും. മാദ്ധ്യമങ്ങൾ നിറയ്ക്കുന്നത് എന്തോ അത് അവരുടെ മനസ്സിൽ ആഴത്തിൽ പതിയുന്നു. ഇവിടെയും അതുതന്നെ സംഭവിച്ചു. ഞാൻ ഭീകരവാദിയാണെന്നു കരുതുന്നവർ ഇന്ത്യയിൽതന്നെ ഏറെയാണ്. അത് ഒരു ഘടകം. ഇന്ന് എന്നെ പലരും തിരിച്ചറിയുന്നത് ഭീകരവാദിയായാണ്. ഈ അവബോധം എന്നെ സ്വതന്ത്രമായി സഞ്ചരിക്കാൻ പോലും അനുവദിക്കുന്നില്ല. ഇതിനു വിരുദ്ധമായി വളരെയേറെപ്പേർ വാസ്തവം എന്തായിരുന്നെന്നും എന്താണെന്നും തിരിച്ചറിഞ്ഞിട്ടുള്ളത് എനിക്കൊരനുഗ്രഹമായിട്ടുണ്ട്. ഇത് വേറൊരു ഘടകം.
എന്നാൽ അനുഭവിച്ചതൊന്നും എന്നെ തളർത്തിയിട്ടില്ലെന്നതാണ് എന്റെ നിരീക്ഷണം. മറിച്ച് അതൊക്കെ എന്നെ ശക്തിപ്പെടുത്തുകയാണുണ്ടായത്. സാധാരണയായി പീഡനങ്ങളും പ്രക്ഷുബ്ധതയുമൊക്കെ നിരന്തരം അഭിമുഖീകരിക്കുമ്പോഴാണ് പലപ്പോഴും നമ്മൾ ബലഹീനരാകുന്നത്. പക്ഷേ, വസ്തുതകളുടെ മറുമുഖം കാണാൻ നമുക്ക് കെല്പുണ്ടാകണം. സംഭവിച്ചതെല്ലാം- പ്രക്ഷുബ്ധതയും, പീഠനങ്ങളുമൊക്കെ-മനുഷ്യരാശിക്കുവേണ്ടി പ്രവർത്തിക്കാനുള്ള എന്റെ തീരുമാനത്തിന് ഊർജ്ജമായി മാറുകയായിരുന്നു.
അനുഭവങ്ങൾ ചിന്തകളിൽ വരുത്തിയ മാറ്റങ്ങൾ
ഇല്ല. അതൊന്നും എന്റെ രാഷ്ട്രീയത്തെ സ്ഥിതിഭേദം വരുത്തിയിട്ടില്ല. മറിച്ച് തീർച്ചയായും അത് രാഷ്ട്രീയ ചിന്താമണ്ഡലങ്ങളെ വികസിപ്പിക്കുകയാണ് ചെയ്തത്. കാശ്മീരിനെപ്പറ്റി കൂടുതൽ താല്പര്യം അന്തർഭവിക്കാനത് കാരണമായി. മുൻപ് കാശ്മീർ ജനതയെപ്പറ്റിയുള്ള ചിന്തകളാണെന്നെ നയിച്ചിരുന്നത്. എന്റെ അനുഭവങ്ങൾ എന്റെ യൗക്തികചക്രവാളത്തെ വികസിപ്പിച്ചുവെന്നതാണ് യാഥാർത്ഥ്യം.
രാജ്യത്തുടനീളമുള്ള ആദിവാസികൾ, ദലിതർ, രാഷ്ട്രീയത്തടവുകാർ, തുറുങ്കിലകപ്പെട്ടവർ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്കും, പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുമായി ഇന്ന് ഞാൻ പ്രവർത്തിക്കുന്നു. എല്ലാ മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരായി എന്റെ പ്രവർത്തനമണ്ഡലം വിപുലീകരിച്ചിട്ടുണ്ട്. രാഷ്ട്രീയത്തടവുകാർക്കും തുറുങ്കിലടയ്ക്കപ്പെട്ടവർക്കും വേണ്ടി ഞാൻ കർമ്മനിരതനായിരിക്കുന്നു.
രാഷ്ട്രീയ കാരണങ്ങളാൽ ജയിലിലായവർക്കും അല്ലാതെ തുറുങ്കിലടയ്ക്കപ്പെട്ടവർക്കും തമ്മിലുള്ള തീവ്രമായ അന്തരം ഞാനറിയുന്നത് ഇരുമ്പഴികൾക്കുള്ളിൽ കിടക്കുമ്പോഴാണ്. ജയിലറയക്കുള്ളിൽ അവരോട് പെരുമാറുന്നത് തികച്ചും വിവേചനപരമായിട്ടാണ്. ഞാനവരുടെ അവസ്ഥ നേരിൽ കണ്ടു. അതോടെ രാഷ്ട്രീയത്തടവുകാർക്കും, തുറുങ്കിലടയ്ക്കപ്പെട്ടവർക്കുമുള്ള അവകാശങ്ങൾക്കായി പ്രവർത്തിക്കാൻ ഞാൻ നിശ്ചയിച്ചുറച്ചു. 2003-ന്റെ അവസാനത്തോടെ ഞാൻ മോചിതനായി. 2004-ൽ അവരുടെ അവകാശസംരക്ഷണത്തിനായുള്ള എന്റെ പ്രവർത്തനം ആരംഭിച്ചു. വിവിധ വ്യക്തിത്വങ്ങളെ ഇതിലേക്കായി നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തു.
കാശ്മീരിലെ മുസ്‌ലിംങ്ങൾ/ജനങ്ങൾ
ഞാൻ മുസ്‌ലിംങ്ങളുടെ മാത്രം കാര്യമല്ല പറയുക. മറിച്ച് കാശ്മീരികളെക്കുറിച്ചാണ്. 67 കൊല്ലമായി കാശ്മീർ രാഷ്ട്രീയ ദുരിതമനുഭവിച്ചുകൊണ്ടിരിക്കുന്നു. സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അവകാശം അവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യ കാശ്മീർ പ്രശ്‌നം യു.എൻ ലേക്ക് എത്തിക്കുകയായിരുന്നല്ലോ. അവിടെവച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും സ്വതന്ത്രമായി നിലനില്ക്കാനുള്ള കാശ്മീരിന്റെ അവകാശം അംഗീകരിച്ചത്. ഒരവസരത്തിൽ, ഒരു പാർലമെന്റഗം നെഹ്രുവിനോട് ഈ പ്രശ്‌നമുയർത്തിക്കാട്ടി. അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. 'നിങ്ങൾക്കറിയാമല്ലൊ, ഈ പാർലമെന്റിന് അത് നടപ്പാക്കാനുള്ള അവകാശമില്ല. അത് ജനാധിപത്യവ്യവസ്ഥാ തത്വങ്ങൾക്ക് എതിരായിരിക്കും. കാശ്മീരിലെ ജനങ്ങളാണത് തീരുമാനിക്കേണ്ടത്-നമ്മളവർക്ക് വാഗ്ദാനം നല്കിയിട്ടുണ്ട്. അവർ നമ്മളിൽ നിന്നു പിരിഞ്ഞു മാറാനും സ്വതന്ത്രമായി നിലനില്ക്കാനുമാണ് തീരുമാനിക്കുന്നതെങ്കിൽ-അത് നമുക്ക് വേദനാജനകമാണെങ്കിൽക്കൂടി-നമ്മളംഗീകരിക്കണം.
അതേ പാർലമെന്റാണ് 1994-ൽ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് തീരുമാനമെടുത്തത്. കാശ്മീർ ജനതയുടെ അഭിപ്രായമാരായാതെ, കൂടിയാലോചനകളില്ലാതെ അതെങ്ങനെ സാധ്യമാകും. സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കാശ്മീരിലെ ജനങ്ങൾക്കു കൊടുത്ത വാഗ്ദാനമെവിടെപ്പോയി? ഇക്കാര്യത്തിൽ സമീപകാലത്തുണ്ടായ സംഭവവികാസങ്ങൾ അമ്പരപ്പുണ്ടാക്കുന്നതാണ്. ഈ ഓഗസ്റ്റ് 25-ന് പാക്കിസ്ഥാനുമായി നിശ്ചയിച്ചിരുന്ന ചർച്ചകൾ റദ്ദു ചെയ്തു. വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പത്രികയിൽ സൂചിപ്പിച്ചിരിക്കുന്ന പുതിയ വസ്തുതകളിൽ ഒരു വക്രഭാവം തെളിഞ്ഞു കാണാം. ഇതൊക്കെ പറഞ്ഞുവെയ്ക്കുന്നത് കാശ്മീർ പ്രശ്‌നത്തിൽ രണ്ട് അവകാശികൾ മാത്രമാണുള്ളതെന്നാണ്. ഇതെങ്ങനെ സാധ്യമാകും? ഇത് കാശ്മീർ ജനതയ്ക്കവകാശപ്പെട്ട മണ്ണാണ്. ഇന്ത്യയ്‌ക്കോ പാക്കിസ്ഥാനോ അല്ല. പിന്നെ അവരെങ്ങനെ അവകാശികൾ ആയി അവരെ കാണുന്നു: കാശ്മീർ പ്രശ്‌നത്തിൽ പൂർണ്ണമായി അവരെങ്ങനെ തീരുമാനങ്ങളെടുക്കും?
കാശ്മീർ ജനതയുടെ ഇന്ത്യ. അവരുടെ മനോഭാവം.
ഇത് അങ്ങേയറ്റം നിർഭാഗ്യകരം: ഇന്ത്യയേയും ഇന്ത്യൻ അധിനിവേശത്തേയും ശക്തമായ ഭാഷയിൽ അപലപിക്കുന്നവരാണ് പുതുതലമുറക്കാർ. കാശ്മീർ ഒരു അധിനിവേശപ്രദേശമാണ്. ഇന്ത്യ എന്നും കാശ്മീരിനെ ഒരു കോളനിയായേ പരിഗണിച്ചിരുന്നുള്ളൂ. ഉദാഹരണത്തിന് ആനുകാലിക സംഭവമെടുക്കാം. ഈ പ്രളയബാധിതകാലത്ത് കാശ്മീരിൽ മുഖ്യമായും രക്ഷാപ്രവർത്തനം നടത്തിയത് ഇന്ത്യൻ ആർമിയായിരുന്നല്ലോ? ലോകം മുഴുവൻ അറിഞ്ഞതുപോലെ പ്രളയസമയത്ത് തദ്ദേശവാസികളെയല്ല രക്ഷാപ്രവർത്തകർ രക്ഷിച്ചത്. കാശ്മീരികൾക്ക് ദുരിതാശ്വാസ സഹായമൊന്നും ആരും നല്കിയുമില്ല. സ്വന്തം മണ്ണിൽ തന്നെ രണ്ടാംതരം പൗരന്മാരായാണ് അവർ ഗണിക്കപ്പെട്ടത്.
ഈ രക്ഷാദൗത്യ പ്രവർത്തനത്തിൽ പ്രഥമ ഗണന നല്കിയത് ആർമി പ്രതിഷ്ഠാപനത്തിനായിരുന്നല്ലോ. പിന്നെ സന്ദർശകർ, ടൂറിസ്റ്റുകൾ എന്നിവരുടെ രക്ഷാപ്രവർത്തനത്തിനും. പക്ഷേ, തദ്ദേശജനതയ്ക്കായുള്ള രക്ഷാപ്രവർത്തനം അവർക്ക് മുഖ്യമായിരുന്നില്ല. ഇതിനെതിരെ വാർത്തകൾ വന്നപ്പോൾ അതിനോടുള്ള പ്രതികരണം എന്തായിരുന്നെന്നും തുടർന്നുണ്ടായതെന്തെന്നും പറയേണ്ടതില്ലല്ലോ.
[BLURB#2-VR]ഒരുസംഘം പത്രക്കാർ -എല്ലാം നമുക്കറിയുന്ന ബർക്കമാരും രാഹുൽമാരും, കമാൽമാരും ഗൗരവ്മാരും ഒക്കെയായിരുന്നു- കാശ്മീരിലെ രക്ഷാപ്രവർത്തനം വീക്ഷിക്കുന്നതിലേക്കായി കാശ്മീരിലേക്ക് പറന്നു. ശരിക്കും അവർ ആർമിയുടെ പി.ആർ.ഒ. മാരായാണ് പ്രവർത്തിച്ചത്. ഇത് നാണക്കേടാണ്. ആർമിക്കും ഗവൺമെന്റിനും സ്തുതിപാടാനാണവരെത്തിയത്. ഒരു നൗക നിറയെ സായുധരായ പട്ടാളക്കാരെയും പത്രക്കാരേയും ക്യാമറാമാന്മാരേയും കുത്തിനിറച്ച് രക്ഷാപ്രവർത്തനത്തിനുപോയത് പരിഹാസ്യമായ പണിയല്ലേ. ഈ തിങ്ങിനിറഞ്ഞ ബോട്ടുകളിൽ ആരെ രക്ഷിച്ചുകൊണ്ടുവരാനാണവർ പോയത്. കൂടുതലായൊരു മനുഷ്യജീവിയെപ്പോലും ഉൾക്കൊള്ളാനാകുമായിരുന്നോ ആ കുത്തിനിറച്ച നൗകകൾക്ക്? രക്ഷാദൗത്യത്തിനെത്തിയവർക്ക് ആരെ രക്ഷിക്കാനാകുമായിരുന്നു. അല്ലെങ്കിൽ സ്തുതിപാഠകന്മാരുടെ ഒരു സർക്കാർ പ്രകടനപരിപാടിമാത്രമായി അധഃപതിക്കുകയല്ലേ ഉണ്ടായത്. ആർമിയുടെ മുഖം രക്ഷികാനുള്ള ഒരു ശ്രമമെന്നല്ലാതെ അത് കാശ്മീരിലെ സാധാരണ പൗരന്മാരുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നെന്നങ്ങനെ കരുതാനാവും? അത് ഒരു രക്ഷാദൗത്യദുരന്തം മാത്രമായി പരിണമിച്ചു. ഇത്തരം ഒരു പരിസ്ഥിതിയിൽ കാശ്മീരിലെ യുവജനങ്ങളുടെ മനോനിലയും അഭിപ്രായമൊക്കെ എങ്ങനെ മാറാനാണ്?
ഇന്ത്യൻ മുസ്‌ലിം. അവരുടെ ചിന്താതലങ്ങളിൽ ഉണ്ടാകുന്ന വ്യതിയാനം
ഒരു നേതൃത്വപ്രതിസന്ധി ഇന്ത്യൻ മുസ്‌ലീമുകൾക്കിടയിലുണ്ട്. ഇത് അപകടകരം തന്നെയാണ്. ഈ സർക്കാർ അധികാരത്തിലായിട്ട് 100 ദിവസം കഴിയുമ്പോൾ, ഒരു വിധത്തിലുള്ള ധ്രുവീകരണം ഇവിടെ സംഭവിക്കപ്പെട്ടിട്ടുണ്ട്. കരുതിക്കൂട്ടിയുള്ള ഒരു ശ്രമഫലം. ഇത് വെറും രാഷ്ട്രീയക്കളിയോ, തെരെഞ്ഞെടുപ്പ് വ്യായാമമോ ആണ്. വടക്കേ ഇന്ത്യയിൽ ഉപതെരഞ്ഞുടുപ്പ് ആസന്നമായപ്പോൾ അവർ 'ലൗ ജിഹാദ്' പ്രശ്‌നം ഉയർത്തിക്കൊണ്ടുവന്നു.
കേരളമാണിതിന് തുടക്കമിട്ടത്. ഈ പ്രശ്‌നം തന്നെ ഒരു ഭാവനാസൃഷ്ടിമാത്രം. അതുതന്നെ അവിടെയും തുടരുന്നു. എന്നാൽ തെരഞ്ഞെടുപ്പുകളിൽ ഈ ശ്രമം ബിജെപി.ക്ക് ഗുണം ചെയ്തില്ല, തിരിച്ചടിച്ചു. പക്ഷേ, അതിനവർ വീണ്ടും കിണഞ്ഞു ശ്രമിക്കുന്നു. നൂറുകണക്കിന് സാമൂദായിക ലഹളകൾ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്നു. അതൊരു സംഭവ ശ്രേണിയാകുന്നു. കഴിഞ്ഞ 100 ദിവസങ്ങളിൽ മീററ്റിൽ ജാംനഗറിൽ, മുസാഫിർ നഗറിൽ ഇതു നാം കണ്ടു. ബിജെപി.യും മറ്റുള്ളവരും ചിലപ്പോൾ പറയും മോഹൻ ഭഗവത് 'മൂർദാബാദ്'. എന്നിട്ട് മറുഭാഗത്ത് സാമുദായിക ചർച്ച ചെയ്യുന്നതോ യോഗി ആദിത്യനാഥും. എന്താണിവരുടെ നിലപാട്? വികസനം, വികസനം എന്നു നിങ്ങൾ പറയുന്ന പ്രതിഭാസത്തിന് ആദ്യം വേണ്ടത് 'സ്ഥിരത'യാണ്. പക്ഷേ ന്യൂനപക്ഷത്തെ ഈ രീതിയിലാണ് പരിഗണിക്കുന്നതെങ്കിൽ സ്ഥിരത എങ്ങനെ കൈവരിക്കാനാണ്.
ഇന്നത്തെ ഇടതുപക്ഷം
ഇടതുപക്ഷങ്ങളുടേയും നിലവാരംതാണുകൊണ്ടിരിക്കുന്നു. പാർലമെന്റിൽ നിങ്ങൾക്ക് പ്രതിപക്ഷത്തെ കാണാനാകുന്നില്ലല്ലോ. പക്ഷേ, പല പൊതുജനവിരുദ്ധ ബില്ലുകളും തൊഴിലാളിവിരുദ്ധ ബില്ലുകളും പുഷ്പം പോലെ പാസ്സാക്കപ്പെടുന്നു. ഇടതുപക്ഷങ്ങളുടെ പ്രഖ്യാപനം അവർ ജനങ്ങൾക്കായി നിലകൊള്ളുന്നുവെന്നാണ്. പക്ഷേ, അവർ നമ്മെ അനുദിനം നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
ഇതര മാർഗ്ഗങ്ങൾ
പ്രപഞ്ചം ഒരു ശൂന്യാന്തരാളത്തെയും അംഗീകരിക്കുന്നില്ല. ശൂന്യതയെ ഗർഭത്തിൽ തന്നെ പ്രകൃതി നിശൂന്യമാക്കുന്നു. ഉറപ്പായും എല്ലാ ശൂന്യതയും പൂർണ്ണതയിലേക്ക് പലായനം ചെയ്യപ്പെടുകയാണ്. ശൂന്യത പൂർണ്ണതയാൽ നിറയ്ക്കപ്പെടുകതന്നെ ചെയ്യും. കണ്ടില്ലേ, ഇന്നലത്തെ ആദിവാസിധർണ്ണയിൽ പത്തു വർഷങ്ങൾക്കു മുമ്പ് ആരണ്യങ്ങളിൽ, അവരുടെ സ്വന്തം മണ്ണിൽ നിന്നും മാറ്റപ്പെട്ടവർ... ഗവൺമെന്റിന് അതിലൊന്നും ഇടപെടാനായില്ല. പക്ഷേ, അവരെ അവിടെനിന്നും മാറ്റാൻ കഴിഞ്ഞു. സർക്കാർ അവർക്ക് വാഗ്ദാനം നല്കി-ഭൂമി നല്കാമെന്ന് എന്നാൽ, വാഗ്ദാനങ്ങൾ സഫല മാക്കപ്പെടുന്നില്ല.
വേരു നീക്കപ്പെട്ട അവസ്ഥയിൽ ഇവരുടെ കുഞ്ഞുങ്ങൾ വളരുമ്പോൾ എവിടെയാണിവർ ആശ്രയത്തിനായി, ഒരു താങ്ങിനായി തിരയേണ്ടത്? ഓരോ പ്രാവശ്യവും അവരുടെ അവകാശങ്ങൾ ധ്വംസിക്കപ്പെടുമ്പോൾ, ഈ അവകാശഹനനങ്ങൾ അവനിൽ എല്ലാ വ്യവസ്ഥകൾക്കുമെതിരായ ഒരു മനോനില സൃഷ്ടിക്കപ്പെടും. ഭാവിയിൽ, വ്യവസ്ഥിതികൾ കൊയ്‌തെറിയാൻ ആയുധമെടുത്തെന്നിരിക്കും. എല്ലാവരും സംസാരിക്കുന്നത് മാവോയിസ്റ്റുകളുടെ ഭീകരമായ ആഭ്യന്തരഭീഷണികളെപ്പറ്റിയാണ്. എന്താണത്?.... അവരുടെ ആവശ്യം ഒരു പ്രത്യേക രാജ്യമാണോ? അല്ല! വെറും അടിസ്ഥാനാവശ്യങ്ങൾക്കായാണവരുടെ പോരാട്ടം? അവരുടെ അടിസ്ഥാനാവശ്യങ്ങളാകട്ടെ ഭൂമിമേലുള്ള അവകാശമാണ്; അവിടെ ജീവിക്കാനുള്ള അവകാശമാണ്... ഈ ബൃഹത്തായ ജനാധിപത്യരാജ്യത്ത്, ജീവിക്കാനായി, ജീവിക്കേണ്ടവൻ അവന്റെ ആഹാരം, ഭൂമി, ഭവനം എന്തിന് 'ജീവിത'ത്തിനു വേണ്ടിത്തന്നെ ആയുധമെടുക്കേണ്ടി വരുക. നിങ്ങളിതിനെ എങ്ങനെ വീക്ഷിക്കുന്നു? ഇത് സർക്കാരിനെതിരെയുള്ള കലാപമാണോ? ഭീകരപ്രവർത്തനമാണോ? നിലനില്പിനായി നിലനില്‌ക്കേണ്ടവന്റെ പോരാട്ടം... അത് കലാപമാണോ? ടെററിസമാണോ...?
സാന്റ്‌വിച്ച് തിയറികൾ, പ്രചരിക്കപ്പെടുന്നു. ഉദാഹരണം ആദിവാസികൾ ഇരുതോക്കുകൾക്കുമുന്നിൽ വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഒന്ന് സ്റ്റേറ്റ് ഗണ്ണും, മറ്റേത് മാവോയിസ്റ്റ് ഗണ്ണും. 90% ആദിവാസികളും മാവോയിസ്റ്റുകളാണെന്ന് സർക്കാർ പ്രചരിപ്പിക്കുന്നു. ഇവിടങ്ങളിൽ സർക്കാരിന് കൊലവെറിയാണ്. കൊല്ലുംകൊലയുമായവർ ഉല്ലാസഘോഷം നടത്തുന്നു. വീണ്ടും ഇത് അവകാശഹനനത്തിന് വഴിമരുന്നിടുന്നു... പിന്നെ, ഇന്ന് പ്രതിപക്ഷമില്ലല്ലോ, അതുകൊണ്ടുതന്നെ പ്രതിരോധവുമില്ല. ഇതും അവകാശഹനനങ്ങൾക്ക് കാരണമാകുന്നു. ആദിവാസി സ്വത്തുക്കളുടെ കൊള്ള ആരംഭിച്ചുകഴിഞ്ഞു. ഒരിടവും രക്ഷക്കായില്ലെന്ന അവബോധമുണ്ടാകുമ്പോൾ, ഒരുവഴിയും സ്വയരക്ഷക്കില്ലെന്നുള്ള തിരിച്ചറിവുണ്ടാകുമ്പോൾ, വഴിയടഞ്ഞവർ, പുതുവഴിയിലൂടെ പിറവിക്കായി തീവ്രമായി ആഗ്രഹിക്കുന്നു.
ചിലർ പറയും, ജനാധിപത്യ പ്രതിരോധം സായുധ പ്രതിരോധത്തെക്കാൾ വ്യത്യസ്ഥമാണെന്ന്. എനിക്ക് ഏത് രീതിയിലുള്ള പ്രതിരോധവും-അത് സായുധപ്രതിരോധമായാൽ പോലും- ജനാധിപത്യ പ്രതിരോധം തന്നെയാണ്. അർഹമായ അടിസ്ഥാനാവശ്യങ്ങൾക്ക് നേരെ അധികാരികൾ വിമുഖരാകുമ്പോൾ അവർ സായുധരാഷ്ട്രീയത്തിലേക്ക് തിരിയുന്നു.
ഇന്ത്യയുടെ ഇന്നത്തെ യാത്രകൾ
മോദി സർക്കാരിന് അല്ലെങ്കിൽ ബിജെപി. സർക്കാരിന് ഒരു ഏകീകൃത സിവിൽ കോഡാണാവശ്യം. കാശ്മീരിന്റെ പ്രത്യേക അവകാശത്തിന്മേൽ അവർക്ക് വ്യത്യസ്ഥവീക്ഷണങ്ങളാണ്. ഈ വൈരുദ്ധ്യമാണ് ഇന്ന് നിലനില്ക്കുന്ന വിടവ് വിപുലപ്പെടുത്തുന്നത്. ഈ പ്രശ്‌നങ്ങൾ-ദളിതരുടേയും ന്യൂനപക്ഷത്തിന്റേയും പാർശ്വവല്ക്കരിക്കപ്പെട്ടവന്റേയും പ്രശ്‌നങ്ങൾ-മുഖ്യധാരമാദ്ധ്യമങ്ങൾ ഏറ്റെടുത്തിട്ടുള്ളതല്ല ഇവിടെ മുഖ്യധാരാമാദ്ധ്യമങ്ങൾ കോർപ്പറേറൈറ്റസ് ചെയ്തിരിക്കുന്നു. കോർപ്പറേറ്റ് മാദ്ധ്യമങ്ങളായവ മാറിയിരിക്കുന്നു.
[BLURB#3-H] സർക്കാരിന്റെ നില്പ് ഇവരിലൂടെയാണ്. ഈ കോർപ്പറേറ്റുകൾക്കായി സർക്കാർ താല്പര്യമെടുക്കുന്നു. അല്ലാതെ ജനങ്ങൾക്കു വേണ്ടിയല്ല. വൻകിട മാദ്ധ്യമങ്ങൾ വൻകിട കോർപ്പറേറ്റുകളുടേതാണ്. അപ്പോൾ സ്വാഭാവികമായും സർക്കാർ അവർക്കു വേണ്ടിയായിരിക്കും പ്രവർത്തിക്കുക. ഇത് കുറേക്കാലം കൊണ്ട് ഞാൻ പറയുന്നതാണ്. -ജനാധിപത്യത്തിന്റെ നാലാംതൂണായ, ഫോർത്ത് എസ്റ്റേറ്റ് (ജനാധിപത്യത്തിന്റെ കാവലിനായി) ജനാധിപത്യം ശരിയായ ദിശയിൽ നിന്നും വ്യതിചലിക്കുമ്പോൾ മുന്നറിയിപ്പ് നല്‌കേണ്ടവരാണ്. ഈ കാവൽക്കാർ സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ പൊതുസമൂഹം അപകടത്തിലാകുന്നു. ജനാധിപത്യത്തെ താങ്ങിനിർത്തുന്ന ഈ നെടുംതൂൺ, പൊള്ളയായി, ബലക്ഷയം സംഭവിക്കുമ്പോൾ എല്ലാം താറുമാറാകുന്നു. മാദ്ധ്യമങ്ങൾ സർക്കാർ വക്താവായി മാറുമ്പോൾ ഗീബൽസുകൾ സൃഷ്ടിക്കപ്പെടുന്നു.
കഴിഞ്ഞ വർഷവും ഞാനിതു പറഞ്ഞതാണ് ഹിറ്റ്‌ലർക്ക് ഒരു ഗീബൽസേ ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെ വ്യവസ്ഥിതിയാകട്ടെ ആയിരക്കണക്കിന് ഗീബർസുമാരെയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. നാണംപോലും അറയ്ക്കുന്ന കള്ളക്കഥകൾ അവർ പ്രചരിപ്പിക്കുന്നു.
മാദ്ധ്യമങ്ങൾ ഗീബൽസുകളായി അവസ്ഥാന്തരം പ്രാപിക്കുന്നു. അസത്യം സത്യമായി പരിണമിക്കുന്നതുവരെ അവർ അതാവർത്തിച്ചുകൊണ്ടിരിക്കും. സത്യത്തെ അസത്യമായും അസത്യത്തെ സത്യമായും അവർക്കുവേണം. എന്നാൽ ഇതൊന്നും യാഥാർത്ഥ്യത്തെ എന്നെന്നേയ്ക്കുമായി മറച്ചുപിടിക്കാനാവില്ലല്ലോ. ഒടുവിൽ സത്യം മാത്രം നിലനില്ക്കും...
നവമാദ്ധ്യമങ്ങൾ നല്കുന്ന അനുഭവങ്ങൾ
ഈ സ്വാധീനവലയത്തിന്റെ ഭീഷണിയിലല്ലേ സോഷ്യൽ മീഡിയയുടെ ഉപയോഗവും. ഈ മീഡിയയുടെ ദുരുപയോഗം കുടിക്കൂടി വരുന്നു. വസ്തുതകൾ വളച്ചൊടിച്ചും വികലമായും.
ശരിയാണ്, ഓരോന്നിനും അതിന്റേതായ ഒരു ഇടം ലോകത്തുണ്ട്. യഥാസ്ഥാനത്തിരുന്നാൽ എല്ലാം ശരിയാണ്. ഉപയോഗവും ദുരുപയോഗവും ഉപയോഗിക്കുന്നവരെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ഉദാഹരണത്തിന് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള ഉദാത്തമായ വേദിയായി വർത്തിക്കുന്ന സോഷ്യൽ മീഡിയ പലപ്പോഴും ദരുപയോഗങ്ങളുടെയും വേദിയാകുന്നു. വിവിധ സ്ഥലങ്ങളിൽ സോഷ്യൽ മീഡിയക്ക് നിയമഭ്രഷ്ടുണ്ട്. കുറച്ചുനാൾക്കുമുമ്പ് കാശ്മീരിൽ നിന്ന് ഒരു എസ്.എം.എസ്. പോലും അയയ്ക്കാനാകുമായിരുന്നില്ല. 2008 മുതൽ ഇക്കൊല്ലം വരെ, ഒരു നീണ്ട കാലം കാശ്മീരിൽ എസ്.എം.എസ്. സർവ്വീസ് ഉണ്ടായിരുന്നില്ല. കാശ്മീരികൾ വിവരം ഗ്രഹിക്കുന്നതും, വിവരങ്ങൾ വ്യാപനം ചെയ്യുന്നതും ഭരണവർഗ്ഗത്തിനിഷ്ടമല്ലായിരുന്നു. ഒരു ന്യൂനപക്ഷം അത് ദുരുപയോഗം ചെയ്‌തേക്കാം. പക്ഷേ, ഇതാർക്കും പൂർണ്ണമായി നിയന്ത്രിക്കാനോ അവസാനിപ്പിക്കാനോ കഴിയില്ല. തീർച്ചയായും മുഖ്യധാരാമാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി സോഷ്യൽ മീഡിയ പ്രതിഫലിപ്പിക്കുന്നത് വ്യക്തികളുടെ വീക്ഷണങ്ങളെയാണ് ഈ സമാന്തര മാദ്ധ്യമത്തിലൂടെ മറ്റുള്ളവരുടെ നിലപാടും വീക്ഷണവും വേഗത്തിൽ നിങ്ങൾക്ക് നേരിട്ട് ഗ്രഹിക്കാനാവും വാർത്തകളുടെ അതിവേഗപ്രസരണത്തിന് ഇത് ഏറെ സഹായകമാവുന്നുണ്ട്. എന്നാൽ കൊടിയ പകയും വിദ്വേഷവും ഉള്ള വ്യക്തികൾ ഇത് ദുരുപയോഗവിധേയമാക്കാറുണ്ട്. പക്ഷേ, ഇതുടനെ ചൂണ്ടിക്കാട്ടാനും, തിരുത്താനും കഴിയുന്നതാണ്. ഒടുവിൽ വസ്തുതകളിലെത്ര വക്രത നിറഞ്ഞിരുന്നാലും ദിവസാവസാനം സത്യം സത്യമായിത്തന്നെ നിലനില്ക്കും. അല്പം സമയമെടുക്കുമെങ്കിലും ഒടുവിൽ സത്യം സ്ഥായിയായി തന്നെ നിലനില്ക്കും. അങ്ങനെതന്നെ ഞാനുറച്ചു വിശ്വസിക്കുന്നു. അതെനിക്ക് ജീവിതം പറഞ്ഞുതന്ന പാഠമാണ്.
ഭീകരവാദപ്രവർത്തന നിരോധന നിയമങ്ങൾ
യുഎപിഎ, അഫ്‌സ തുടങ്ങിയവയാണല്ലോ അത് - ഈ പ്രാകൃതമായ നിയമങ്ങൾ-ഞാൻ ബോധപൂർവ്വമാണ് ഈ നിയമങ്ങളെ പ്രാകൃതം എന്നുവിളിച്ചത്. കാരണം ഈ കരിനിയമങ്ങൾക്ക് ദ്വന്ദ്വമുഖങ്ങളാണുള്ളത്-പ്രസ്താവത്തിനുപുറമെ നിഗൂഢമായ ഒരു അർത്ഥതലം കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണീ നിയമങ്ങൾ... ഡ്രെക്കോയുടെ നിയമങ്ങൾ പോലെ അതികർക്കശവും പൈശാചികമാംവിധം ക്രൂരവുമാണിവ. സകല കുറ്റങ്ങൾക്കും മരണശിക്ഷ നല്കണമെന്നുള്ളതാണല്ലോ ഡ്രെക്കോവിന്റെ നിയമം. ബോധപൂർവ്വം തന്നെയാണ് ഞാനിവയെ കരിനിയമങ്ങളെന്ന് വിളിക്കുന്നതും. ഇവിടുത്തെ ഈ നിയമങ്ങൾ മനുഷ്യത്വവിരുദ്ധവും വ്യക്തിവിരുദ്ധവും ജനവിരുദ്ധവുമാണ്. ഒരു ജനാധിപത്യ സമൂഹത്തിൽ ഇത്തരം നിയമങ്ങൾക്ക് എങ്ങനെ ഒരു സ്ഥാനമുണ്ടാകുന്നതാണ്? വാസ്തവത്തിൽ ഇവ വ്യക്തികളുടെ മൗലികാവകാശങ്ങളെ നിഷേധിക്കുന്നു. വ്യക്തിസ്വാതന്ത്ര്യങ്ങൾക്ക് വിലക്കിടുന്നു. ഇത്തരം പ്രാകൃത നിയമങ്ങൾ നിലനില്ക്കുന്ന ഒരു സമൂഹത്തെ എങ്ങനെ ജനാധിപത്യസമൂഹമെന്ന് നാം വിളിക്കും? ഉദാഹരണത്തിന് അഫ്‌സ എന്താണ്? സംശയത്തിന്റെ പേരിൽ ഏത് നിരപരാധിയേയും വകവരുത്താനുള്ള സൈനികന്റെ ലൈസൻസാണ് ഈ നിയമം. മറ്റാർക്കെങ്കിലും വെറും സംശയത്തിന്റെ പേരിൽ ആരെയെങ്കിലും കൊല്ലാനാകുമോ? അത് മറ്റേതെങ്കിലും നിയമത്തിന് ശരിവയ്ക്കാനാകുമോ? സായുധരായ സൈനികർ ആരെയെങ്കിലും വധിച്ചാൽ അഫ്‌സയുടെ പരിധിയിൽപ്പെടുത്തി, ഭീകരവാദിയായി ചിത്രീകരിച്ച് കോടതിക്കുമുന്നിൽ വിചാരണയ്ക്കു പോലും നല്കാതെ വധിച്ചതെന്ന് ന്യായീകരിക്കാം. കൂട്ടക്കുരുതിക്കുള്ള ലൈസൻസാണത്. യു.എ.പി.എ. പോലെ അതി കഠിനമാണ് ഈ നിയമവും. സാധാരണക്കാരന്റെ ജീവനെ ഈ നിയമം കൊണ്ട് സർക്കാരിന് ഭീഷണിപ്പെടുത്തിക്കളിക്കാം.
അഫ്‌സക്ക് മുമ്പ് മിസ അതുകഴിഞ്ഞ് റ്റാഡ പിന്നെ പോട്ടോയും ആ നിയമങ്ങളൊന്നും ശരിയായ വിധത്തിൽ ഉപയോഗിക്കാനാവില്ല. അവ ദുരുപയോഗം ചെയ്തുകൊണ്ടിരിക്കും. 2002-ൽ നമ്മൾ കണ്ടതാണ് ടാഡ ഒരു പ്രത്യേകവിഭാഗത്തിനുമേൽ എങ്ങനെ ഉപയോഗിച്ചെന്ന്. പിന്നെ പോട്ടോയും. പോട്ടായും ദുരുപയോഗത്തിന്റെ ഇരകളായിരുന്നു. 2004-ലെ തിരഞ്ഞെടുപ്പുകാലത്ത് സർക്കാരിന്റെ വാഗ്ദാനമായിരുന്നു പോട്ട പിൻവലിക്കാമെന്ന്. ജയിച്ചുവന്നതോടെ പോട്ടാ പിൻവലിക്കാൻ പാർലമെന്റ് സമ്മതം നല്കി. എന്നാൽ ഒരർത്ഥത്തിൽ പോട്ട പിൻവലിക്കുകയും മറ്റൊരർത്ഥത്തിൽ അതിനെ തിരികെ കൊണ്ടുവരുകയുമാണ് ചെയ്തത്. പോട്ട പിൻവലിച്ചതിന്റെ അന്നുതന്നെ പാർലമെന്റിൽ അത്തരം നിയമനിഷേധപ്രവൃത്തികൾ തടയുന്നതിനായി മറ്റൊരു നിയമം കൊണ്ടുവന്നു. പോട്ടയിലെ പ്രധാന ഭാഗങ്ങളെല്ലാം ചേർത്ത് യു.എ.പി.എ. (Unlawful Activities Prevention Act) നിലവിൽ വന്നു. ഇത് വഞ്ചനാത്മകമായിരുന്നു. പഴയ നിയമത്തിന്റെ പുതിയ ഭാഷ്യമായി യു.എ.പി.എ. നീതിയുടെ വഴികളും വാതിലുകളുമടയ്ക്കുകയാണു ചെയ്തത്. സ്വാഭാവികനീതിയുടെ സത്ത എന്നുപറയുന്നത്, കുറ്റാരോപിതനെ, പ്രൊസിക്യൂഷൻ തെളിവുകൾ കൊണ്ടത് സമർത്ഥിക്കുമ്പോഴാണ് ഒരാൾ കുറ്റവാളിയാകുന്നത്. ശിക്ഷാവിധേയനാകുന്നത്. നിയമം പറയുന്നത് കുറ്റം ചുമത്തപ്പെട്ട ആൾ അയാളുടെ കുറ്റം തെളിയുന്നതുവരെ നിരപരാധിയാണെന്നാണ്. പക്ഷേ, ഇവിടെ പിടിക്കപ്പെടുന്നതുമുതൽ അയാൾ കുറ്റവാളിയാണ്. എല്ലാ രീതികളും മാറി, പ്രൊസിക്യൂഷന് കുറ്റം തെളിയിക്കേണ്ട ജോലിയുമില്ല. ഉത്തരവാദിത്വം കുറ്റം ചുമത്തപ്പെട്ടവനായിരിക്കുന്നു. അയാൾ തന്റെ നിരപരാധിത്വം തെളിയിക്കാൻ ബാദ്ധ്യസ്ഥനായിരിക്കുന്നു. സാധാരണയായി ആരോപിതർക്ക് ജാമ്യമാണ് ജയിലല്ല. പക്ഷേ, ഇത്തരം കേസുകളിൽ ജാമ്യമല്ല ജയിലാണ്. എല്ലാം സമൂലമായി മാറി.
അഫ്‌സൽ ഗുരു
തുടക്കം മുതൽ ഒടുക്കംവരെ അഫ്‌സൽ ഗുരുവിന് സർവ്വ അവകാശങ്ങളും നിഷേധിച്ചിരുന്നു. ഓരോ ഘട്ടത്തിലും സർക്കാർ അദ്ദേഹത്തെ നിഗ്രഹിക്കുകയായിരുന്നു. അദ്ദേഹത്തിനായി വാദിക്കാനൊരു അഡ്വക്കേറ്റ് ഉണ്ടായിരുന്നില്ല. വിചാരണക്കോടതിയിലും അതുണ്ടായില്ല. തെളിവുകൾ അദ്ദേഹത്തിനെതിരായി ഒന്നും തന്നെ ഇല്ലായിരുന്നു. സുപ്രീംകോടതി പറഞ്ഞത് പ്രത്യക്ഷമായ തെളിവുകൾ അഫ്‌സലിനെതിരായി ഉണ്ടായിരുന്നില്ലെന്നാണ് ഇത് വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും ഒക്കെ വ്യക്തമാക്കിയ വസ്തുതയാണ്. നിരോധിക്കപ്പെട്ട ഏതെങ്കിലും ഒരു സംഘടനയുമായി അഫ്‌സലിന് ബന്ധമുണ്ടെന്നും തെളിഞ്ഞിട്ടില്ല. സുപ്രീംകോടതി സൂചിപ്പിച്ചത് ചില സാഹചര്യത്തെളിവുകളാണ്. എന്താണ് ആ സാഹചര്യത്തെളിവുകൾ? വധിക്കപ്പെട്ട 5 പേരേയും അഫ്‌സൽ ഗുരു തിരിച്ചറിഞ്ഞുവെന്നതായിരുന്നത്രെ ഈ തെളിവ്. ഇത് വെളിവാക്കുന്നത്, 'കുറ്റത്തി'ൽ അഫ്‌സൽ ഗുരുവിന്റെ പങ്കാളിത്തമാണത്രെ! ഇത് ചോദ്യം ചെയ്യപ്പെട്ടില്ല. കോടതിയിൽ സാക്ഷിയായെത്തിയ പൊലീസ് ഓഫീസറുടെ മൊഴി ആരും ചലഞ്ച് ചെയ്തിരുന്നില്ല. രണ്ടാമത് അഫ്‌സൽ ഗുരു തന്റെ സ്റ്റേറ്റ്‌മെന്റിലൂടെ ഇത് നിഷേധിച്ചിരുന്നു. അദ്ദേഹം ആരെയും തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് അതിൽ പറഞ്ഞത്. കുറേ പേപ്പറുകളിൽ പൊലീസ് ഒപ്പുവച്ചുവാങ്ങിയിരുന്നതായും സൂചിപ്പിച്ചിരുന്നു. അങ്ങനെയാണ് സുപ്രീംകോടതി അഫ്‌സലിനെതിരെ ശിക്ഷവിധിച്ചത്. അഫ്‌സൽ ഗുരുവിന്റെ അന്ത്യദിനം - അദ്ദേഹം തൂക്കിലേറ്റപ്പെട്ട ദിവസം എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിക്കുകയായിരിക്കുന്നു. എല്ലാ മനുഷ്യവകാശങ്ങളും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. ശിക്ഷാവിധി നടപ്പാക്കുന്നതിനെപ്പറ്റി അദ്ദേഹത്തിന്റെ കുടുംബത്തെപ്പോലും അറിയിച്ചില്ല. അഫ്‌സൽ ഗുരുവിനെത്തന്നെ ശിക്ഷ നടപ്പാക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് അതേപ്പറ്റി അറിയിച്ചത്. തൂക്കുമരത്തിലേക്ക് കൊണ്ടുപോകുമ്പോൾ മാത്രം. അതുവരെ അദ്ദേഹത്തിനും അതറിയില്ലായിരുന്നു.
കാശ്മീരിലെ രാഷ്ട്രീയ ചതുരംഗം
തീർച്ചയായും. അത് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും ഒരു പൊളിറ്റിക്‌സ് ആണ് കാശ്മീർ. ബിജെപിയും കോൺഗ്രസ്സും രാഷ്ട്രീയം കളിക്കുകയായിരുന്നു. ബിജെപി ആദ്യമേതന്നെ അഫ്‌സലിന് വധശിക്ഷ ആവശ്യപ്പെട്ടിരുന്നതാണ്. സ്വാഭാവികമായും മോദിതരംഗം ദർശിച്ച കോൺഗ്രസ്സ് മോദിയ്‌ക്കെതിരെയുള്ള പ്രതിരോധമായാണ് അഫ്‌സൽ പ്രശ്‌നം കൈകാര്യം ചെയ്തത്. അന്നത്തെ ആഭ്യന്തരമന്ത്രി ഷിണ്ടെ ആയിരുന്നു. ഈ തൂക്കുശിക്ഷ ഇത്രയും രഹസ്യമായി നടത്തിയതെന്തിനെന്ന് അദ്ദേഹത്തിനോട് ആരാഞ്ഞപ്പോൾ പൊലീസിന്റെ ലോജിക്കായിരുന്നു അദ്ദേഹത്തിന്. പരസ്യമാക്കിയാൽ കോടതിയിൽ അപ്പീലിനു പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. തീർച്ചയായും മൗലികാവകാശമാണ് അപ്പീലുമായി കോടതിയെ സമീപിക്കുക എന്നത്. ലീഗൽ അപ്പീലിങ് സിസ്റ്റമെന്നത് ഭരണവ്യവസ്ഥിതിയുടെ ഒരു ഭാഗമാണ്. പക്ഷേ, സ്വന്തം ജനതയ്ക്കുതന്നെ അത് നിഷേധിക്കുന്നു. ഇതിനെ എതിർത്തത് മെയിൻസ്ട്രീം, പൊളിറ്റിക്‌സ് അല്ല. ചില മനുഷ്യാവകാശ പ്രവർത്തകർ മാത്രമാണ്. ഇടതുപക്ഷവും വലതുപക്ഷവും എതിർത്തില്ല. അവരാകട്ടെ 'അധരവ്യായാമം' മാത്രം നടത്തി.
അസംതൃപ്തരും അസന്തുഷ്ടരുമായ സാധാരണക്കാരൻ ശബ്ദരഹിതനാകുന്നു. യാഥാർത്ഥ്യവും രാഷ്ട്രീയവും തമ്മിൽ വലിയ അന്തരമുണ്ട്. രാഷ്ട്രീയം അരങ്ങിലേയ്ക്കുള്ളതാണ്. ഇടതും വലതും മദ്യവുമൊക്കെ പ്രാഥമികമായും മനുഷ്യാവകാശങ്ങൾക്കുവേണ്ടിയല്ല ഇന്ന് നിലകൊള്ളുന്നത്. ജനങ്ങൾക്കുവേണ്ടിയല്ല അവരുടെ പ്രവർത്തനം. ജനങ്ങളിൽ നിന്നും വിയുക്തരായ അവർ രാഷ്ട്രീയ ശക്തിയുമായാണ് അനുബന്ധിക്കുന്നത്. വോട്ടവകാശികൾക്കായി അവർ അധരവ്യായാമവും നടത്തുന്നു. എങ്ങനെ അധികാര കസേരയിൽ കയറിപ്പറ്റാമെന്നാണ് അവരുടെ കണ്ണ്. ഇതാണ് നമ്മുടെ ജനാധിപത്യത്തിന്റെ സാമാന്യരൂപം.
കേരളം
അതൊരു കാര്യം. വടക്കരെപ്പോലെ കേരളത്തിൽ വർഗ്ഗീയവിഭ്രാന്തിയില്ലല്ലോ. പക്ഷേ, കാലം അതുണ്ടാക്കും. കാലത്തിലൂടെ ഈ കണങ്ങൾ കേരളത്തിലും നുഴഞ്ഞുകയറും. കേരള സമൂഹത്തിൽ മാത്രമെന്ന് ഞാൻ പറയില്ല. ക്രമത്തിൽ തെക്കേ ഇന്ത്യയിലാകമാനമുണ്ടാകാവുന്നതാണ് അത്. ഞാൻ നേരത്തെ പറഞ്ഞതുപോലെ മറ്റാരെക്കാളും സർക്കാർ സംവിധാനം'ലൗ ജിഹാദി' ന്റെയൊക്കെ പ്രചരണം ഇവിടെ നടത്തുന്നുണ്ട്. ഇവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ഓരോ വർഷവും ഞാനിവിടെ വരുമ്പോൾ ഞാനാ വ്യത്യാസം കാണുന്നുണ്ട്, ഒരു ധ്രൂവീകരണം. ഹിന്ദുത്വവത്ക്കരണം ഇവിടെ നടക്കുന്നു. പലതും എല്ലാവരെയും ആശങ്കപ്പെടുത്തുന്നു. ഇവിടം സാമജ്ഞസ്യത്തിന് പ്രസിദ്ധമാണല്ലോ. എല്ലാത്തിനും ഒരു ഐക്യഭാവം. പക്ഷേ, നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ ഈ സൗഹൃദ, സാമജ്ഞസ്യാന്തരീക്ഷവും മതമൈത്രിയും സാമൂഹ്യമൈത്രിയും ശിഥിലമാകാൻ അധികസമയം വേണ്ട.
ഭരണകൂടം മുസ്‌ലിം വിഭാഗത്തെ ഭയചകിതരാക്കുന്നുവോ?
അത് പണ്ടേയുള്ളതാണല്ലോ. അത് പുതിയ കാര്യമല്ല. ജനാധിപത്യത്തിന്റെ സത്തയെന്താ? എല്ലാത്തിനേയും ചോദ്യം ചെയ്യുക ശരി കണ്ടെത്തുന്നതുവരെ. പക്ഷേ, ഇവിടാരും ചോദ്യമുതിർക്കുന്നില്ല. ആർക്കും സത്യം അറിയേണ്ടതുമില്ല. പാർലമെന്റാക്രമിക്കപ്പെട്ടു. ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? -ആരാണിതാക്രമിച്ചതെന്ന്? എന്നോടാരെങ്കിലും ഇതിനെപ്പറ്റിച്ചോദിച്ചാൽ ഞാനവരോട് ചോദിക്കും. ആക്രമിച്ചത് ആരെന്ന് നിങ്ങൾക്കറിയാമോ എന്ന്. ആർക്കും അതറിയില്ല. അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്ന എൽ.കെ. അദ്വാനി പാർലമെന്റിൽ നടത്തിയ പ്രസ്താവനയിൽ പറയുന്നത് വധിക്കപ്പെട്ട ആക്രമണകാരികൾ പാക്കിസ്ഥാനികളായിരുന്നെന്നാണ.് ഈ ഒരു തീരുമാനത്തിലദ്ദേഹം എത്തിയതെങ്ങനെ? അവർ കാഴ്ചക്ക് പാക്കിസ്ഥാനികളെപ്പോലായിരുന്നു. മീഡിയ എന്നോട് ചോദിച്ചത് അവർ പാക്കിസ്ഥാനികളെപ്പോലെ കാണപ്പെട്ടില്ലേ എന്നാണ്. ഞാൻ പറഞ്ഞു എന്നെ സംബന്ധിച്ചിടത്തോളം അദ്വാനിയും പാക്കിസ്ഥാനിയെപ്പോലെ തോന്നും. ശരിക്കും അദ്ദേഹവും പാക്കിസ്ഥാനിയല്ലേ? എന്ത് ലോജിക്കാണ് മുഷറഫിന്റെ രൂപം കണ്ടിട്ട് ഡൽഹിയിൽനിന്നാണെന്നോ ഇന്ത്യാക്കാരനാണെന്നോ പറഞ്ഞാൽ? മറ്റൊരുവാദം അവരുടെ ജഡത്തിനവകാശികളാരുമുണ്ടായിരുന്നില്ലെന്നതാണ്. അതുകൊണ്ട് അവർ പാക്കിസ്ഥാനികളാണ്. അവകാശികളില്ലാത്ത എത്ര ജഡമാണ് രാജ്യത്തങ്ങോളമിങ്ങോളം കാണുന്നത്. അതിലെന്ത് ലോജിക്കാണ്? ഇന്നും മരിച്ചവരെപ്പറ്റി ആർക്കും ഒന്നും അറിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യക്ഷേത്രം ആക്രമിക്കപ്പെട്ടുവെന്ന് നാം പറയുകയല്ലാതെ അതു സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കുന്നില്ല. അമേരിക്കയിലെ ട്വിൻ ടവർ ആക്രമിക്കപ്പെട്ടപ്പോൾ നിരവധി ചോദ്യങ്ങൾ അവർക്കുണ്ടായിരുന്നു. ആര്? എന്തിന്? തുടങ്ങി ഒരുപാട് ചോദ്യങ്ങൾ. ജനാധിപത്യ സമൂഹത്തിന് ചോദ്യങ്ങൾ ചോദിക്കാൻ ഭയമോ? ആരും ഒന്നും ചോദിക്കുന്നില്ല. ചോദിക്കാൻ ധൈര്യപ്പെടുന്നില്ല.
സിമിയെ നിരോധിച്ചു. സർക്കാർ സാമ്രാജ്യത്വശക്തികളുടെ താല്പര്യത്തിനനുസരിച്ചാണത് ചെയ്തത്. 9/11 ഉണ്ടാതോടെയായിരുന്നു അത്. അവർ അധോലോകരൊന്നും ആയിരുന്നില്ലല്ലോ. അവരെ ഓഫീസിൽ നിന്ന് അറസ്റ്റു ചെയ്തു. ട്രിബ്യൂണലിലെ അപ്പീലുകൾ ഫലം കണ്ടില്ല. ഗീതാ മിത്തലിന്റെ ഒരു ട്രിബ്യൂണൽ മാത്രമാണ് ഈ നിരോധനം നീക്കണം എന്ന് പറഞ്ഞത് നോക്കൂ, ഈ നിരോധനത്തിന് അടിസ്ഥാനപരമായ ഒരു തെളിവും ഉണ്ടായിട്ടില്ല. പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ മെനഞ്ഞു എല്ലാത്തിനും അടിസ്ഥാനകാരണമെന്തെന്നാൽ നാം സമൂഹത്തെ പേടിപ്പിക്കുന്നു. ചിലർക്കായി ലക്ഷ്യം വയ്ക്കുന്നു.
നിരോധനം ഇന്നും നീക്കിയിട്ടില്ല, ഇവിടെ സർക്കാർ എന്ത് നേടാനാണ് ശ്രമിക്കുന്നത്. അത് ഒരു സമുദായത്തെ വിരട്ടാനുള്ള ശ്രമമാണ് ചിലരെ അവർ ഉന്നം വയ്ക്കുന്നുണ്ട്. പ്രൊഫ. സ്വാമി ബാബാജിയുടെ വിഷയം എന്തായിരുന്നു? പോളിയോ ബാധിച്ച് നിവർന്നു നില്ക്കാനാകാതെ വീൽചെയറിൽ ജീവിക്കുന്ന മനുഷ്യൻ. തീരെ ക്ഷീണിതനും നിരാലംബനുമായ ആ മനുഷ്യനെ ഇരുമ്പഴികളിൽ ആക്കിയതിന് കാരണം അദ്ദേഹം സാധാരണക്കാരന്റെ അവകാശങ്ങൾക്ക് വേണ്ടി ഗർജ്ജിച്ചു എന്നതുകൊണ്ടാണ്. ഏതൊരാൾ മനുഷ്യാവകാശങ്ങൾക്കായി ശബ്ദിക്കുന്നുവോ അവരെ ഉന്നം വയ്ക്കുന്നു. മുസ്‌ലിംങ്ങൾക്കുവേണ്ടി ഏതൊരാളാണോ ഉണർന്ന് അവകാശങ്ങൾക്കായി ശബ്ദിക്കുന്നത്. അവരെ സിമി എന്ന് മുദ്രകുത്തുന്നു. അഴിക്കുള്ളിലാക്കുന്നു, വ്യാജ ഏറ്റുമുട്ടലുകളിലൂടെ വകവരുത്തുന്നു. ഗീതാ മിത്തൽ പറഞ്ഞതാണ് ഈ നിരോധനം നിയമത്തിന്റെ കണ്ണിൽ നിലനില്ക്കാത്തതാണെന്നും അത് നീക്കേണ്ടതാണെന്നും.
ഇപ്പോൾ അവർ മറ്റെന്തൊക്കയോ വഴികൾ തേടുന്നു. ഇന്ത്യൻ മുജാഹിദിനെതിരെ തിരിയുന്നു. സിമിക്ക് പകരം വേറെന്തെങ്കിലും അവർക്ക് വേണം. മുജാഹിദുകളോടുള്ള ആദ്യ പോരാട്ടം ബട്ടിലാ ഹൗസായിരുന്നു. പക്ഷേ, ഇപ്പോൾ അത് വ്യാജ പോരാട്ടമാണെന്ന് തിരിച്ചറിയുന്നു. അധികാരത്തിൽ ഉള്ളവർ തന്നെ മണിശങ്കർ അയ്യർ പോലും ഈ വ്യാജപോരാട്ടങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് അതിശയിക്കുന്നു. ഇങ്ങനെയാണ് ജന മനസ്സുകളിൽ ഭീതി സൃഷ്ടിക്കപ്പെടുന്നത്.
സൽമാൻ
സൽമാന്റെ പ്രശ്‌നത്തിൽ ഉണ്ടായത് നിർഭാഗ്യകരമാണ്. ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ ഒരു വിധിയുണ്ട്. ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റില്ല എന്നത് ദേശീയ ഗാനത്തെ അപമാനിക്കലായി കാണേണ്ടതില്ലെന്ന.് അമിത രാജ്യസ്‌നേഹവും അമിതമായ ദേശീയതയും വർഗ്ഗീയ വാദത്തിന്റെ വാഹകരാണ്. സൽമാൻ ആയതുകൊണ്ട് ചിലത് ചെയ്തല്ലേ പറ്റൂ. നമുക്ക് നിയമങ്ങൾ മറക്കാം, കോടതിയെ മറക്കാം. അമിത ദേശീയതയെ പുണരാം. ഇന്ന് രാജ്യസ്‌നേഹത്തിന്റെയും ദേശീയ വാദത്തിന്റെയും മറവിൽ തഴച്ചുകൊഴുക്കുകയാണ് വർഗ്ഗീയത. എഴുന്നേറ്റ് നില്ക്കുന്നത് ആദരവും, ഇരിക്കുന്നത് അനാദരവും ആണെന്ന് ഏതു നിയമമാണ് പറയുന്നത്. ഇന്ന് സമൂഹത്തിൽ മുസ്‌ലിംങ്ങൾ ഏറെയാണ്. അവരെ അവഗണിക്കാനോ കുറച്ച് കാണാനോ ആകില്ല. ഒരു ജനാധിപത്യം സജീവമാവുന്നത് ന്യൂനപക്ഷങ്ങൾക്ക് അത് എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ്. ന്യൂനപക്ഷങ്ങൾ ഭീഷണി അനുഭവിക്കുമ്പോൾ തീർച്ചയായും ജനാധിപത്യത്തിന്റെ അർഥവും സജീവതയും അതിന് നഷ്ടപ്പെടുന്നു. ഖണ്ഡമാർ, ഗുജറാത്ത്, സംഭവങ്ങൾ ഭീഷണിയായി തുടർന്നുകൊണ്ടിരിക്കുന്നു. രാജ്യസ്‌നേഹത്തിന്റെ ചട്ടയ്ക്കുള്ളിലെ വർഗ്ഗീയവാദമാണ് അതിൽ പ്രകടമാവുന്നത്.
ഭാവി
കാശ്മീരിലെ ജനതയ്ക്കായി ഞാനീ കേരളത്തിൽ വന്നത് കേരള സമൂഹത്തിന്റെ സഹായമഭ്യർത്ഥിച്ചാണ്. അതിന്റെ പ്രതികരണം വളരെ വലുതായിരുന്നു. എന്റെ അഭ്യർത്ഥന സാധാരണക്കാരോടാണ്. നമുക്കു വേണ്ടത് ഐസൊലേഷനല്ല, ഇന്റഗ്രേഷനാനണ്. ധ്രുവീകരണമല്ല സംയോജനമാണ് വേണ്ടത്. യാഥാര്ത്ഥ്യമേിധമില്ലാതെ പക്ഷേ, നമുക്കത് നേടാനാവില്ല. പറഞ്ഞു വിശ്വസിപ്പിക്കുന്ന ലോകത്ത് നമുക്ക് ജീവിക്കാനാകില്ല. യഥാർത്ഥ ലോകമാണ് നമുക്കു വേണ്ടത്. ശരിയായത് നടക്കണമെങ്കിൽ തെറ്റുകൾ നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. ശരിയല്ലാത്തതെന്തോ സമൂഹത്തിൽ നടക്കുന്നുവെന്നും തത്ഫലമായി ധ്രുവീകരണം നടക്കുന്നുണ്ടെന്നുമുള്ള തിരിച്ചറിവുണ്ടെങ്കിൽ നമുക്ക് മറുദിശയിലേക്ക് നീങ്ങാനാവും. അതെങ്ങനെ സാധിക്കുമെന്നാണ് ഞാൻ ചിന്തിക്കുന്നത്.