തിരുവനന്തപുരം: മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം.

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് കിടന്നുറങ്ങിയിരുന്നു. ഭാര്യ ജോലി കഴിഞ്ഞ് വന്ന് വിളിക്കുമ്പോൾ ഉണർന്നില്ല. ഉറക്കത്തിൽ ഉണ്ടായ ഹൃദയാഘാതം എന്നാണ് പ്രാഥമിക വിവരം.

1996 മുതൽ ദ് ഹിന്ദുവിൽ പ്രവർത്തിച്ചു വരികയായിരുന്നു. സംസ്ഥാനത്തെ വിനോദസഞ്ചാരം, റയിൽവേ തുടങ്ങിയ മേഖലകളെക്കുറിച്ച് വികസനോന്മുഖമായ നിരവധി ലേഖനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്.

കവടിയാർ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: സിന്ധു എസ് എസ് (കോട്ടൺഹിൽ സ്‌കൂൾ ടീച്ചർ). മകൻ: നാരയൺ എസ് എ (റിലയൻസ് പെട്രോളിയം ഗുജറാത്ത്.

ഭൗതികദേഹം അദ്ദേഹത്തിന്റെ വസതിയായ കുറവൻകോണം മാർക്കറ്റിനു സമീപം കെആർഎ C 32 ൽ. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ശാന്തികവാടത്തിൽ

അനുശോചനങ്ങൾ അറിയിച്ച് പ്രമുഖർ

ഗവർണർ അനുശോചിച്ചു

അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുശോചനം രേഖപ്പെടുത്തി. മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനം നിർവഹിച്ച അദ്ദേഹത്തിന്റെ ലേഖനങ്ങൾ കേരളത്തിന്റെ വികസനത്തിലും ഉത്തരവാദിത്ത വിനോദസഞ്ചാര മേഖലയിലും മുദ്ര പതിപ്പിച്ചവയാണെന്ന് ഗവർണർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി 

 അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമ ലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കർ ശ്രീ. എം ബി രാജേഷ്

മാധ്യമ പ്രവർത്തകൻ അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ ശ്രീ. എം ബി രാജേഷ് അനുശോചിച്ചു.

ധാർമ്മികകയുള്ള പത്രപ്രവർത്തകനായിരുന്നു അനിൽ രാധാകൃഷ്ണൻ. നിക്ഷിപ്ത താൽപ്പര്യങ്ങൾക്കൊപ്പം അദ്ദേഹം ഒരിക്കലും നിന്നിട്ടില്ല. നാടിനും പൊതു സമൂഹത്തിനും വേണ്ടിയിട്ടുള്ള ഗുണകരമായ കാര്യങ്ങൾക്ക് വേണ്ടി എപ്പോഴും നിന്നിട്ടുള്ള ഒരു പോസിറ്റീവ് പത്രപ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം.

മന്ത്രി കെ രാജൻ

അനിൽ രാധാകൃഷ്ണന്റെ അകാല നിര്യാണത്തിൽ റവന്യുവും ഭവന നിർമ്മാണവും വകുപ്പ് മന്ത്രി കെ രാജൻ അനുശോചനം രേഖപ്പെടുത്തി. സൗമ്യനായ മാധ്യമ പ്രവർത്തകൻ ആയിരുന്നു അനിൽ.അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജോസ് കെ മാണി

സ്‌നേഹത്തിന്റെയും സൗമ്യതയുടെയും മുഖമാണ് വിശ്വസിക്കാൻ കഴിയാത്ത വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് ജോസ് കെ മാണി പറഞ്ഞു.ദ ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുശോചിച്ചു.അനിൽ രാധാകൃഷ്ണന്റെ വിയോഗം മാധ്യമ പ്രവർത്തന മേഖലയിൽ വലിയ നഷ്ടം ആണെന്ന് മന്ത്രി പറഞ്ഞു.

കെ.സുരേന്ദ്രൻ

അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. മാധ്യമ മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന അനിലിന്റെ വിയോഗം വിശ്വസിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി പി.രാജീവ് 

അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ വ്യവസായ മന്ത്രി പി.രാജീവ് അനുശോചിച്ചു ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ വ്യവസായ മന്ത്രി പി.രാജീവ് അനുശോചനം രേഖപ്പെടുത്തി. മാധ്യമ മൂല്യങ്ങളും പ്രൊഫഷണലിസവും ഉയർത്തിപ്പിടിച്ച അനിൽ സൗമ്യമായ ഒരു സാന്നിധ്യമായിരുന്നു. അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി രാജീവ് സന്ദേശത്തിൽ പറഞ്ഞു.

രമേശ് ചെന്നിത്തല 

അനിൽ രാധാകൃഷ്ണന്റെ അകാല നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി. സൗമ്യനായ യുവമാധ്യമ പ്രവർത്തകൻ ആയിരുന്നു അനിൽ. ശ്രദ്ധേയമായ നിരവധി വാർത്തകൾ സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കിയതായി രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 പ്രതിപക്ഷ നേതാവ് 

അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചിച്ചു. നേരിന്റെ പക്ഷത്ത് നിന്ന് മാധ്യമ പ്രവർത്തനം നടത്തിയ വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ. അനിൽ രാധാകൃഷ്ണന്റെ വേർപാട് മാധ്യമ ലോകത്തിനും കേരള സമൂഹത്തിനും തീരാനഷ്ടമാണെന്ന് പ്രതിക്ഷ നേതാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.

 മന്ത്രി എ.കെ.ശശീന്ദ്രൻ 

അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു. ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച മികച്ച പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. മാധ്യമ രംഗത്തെ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ അകാല വേർപാടിൽ കുടുംബാംഗങ്ങളുടെയും മാധ്യമ സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.