പനജി: എസ് ദുർഗയുടെ സെൻസർഷിപ്പ് കേന്ദ്രസർക്കാർ റദ്ദാക്കി. പേരിനെതിരെ പരാതി ഉയർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് വിശദീകരണം. ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് സനൽകുമാർ ശശിധരന്റെ ചിത്രത്തിനെതിരെ കേന്ദ്ര സെൻസർ ബോർഡിന്റെ നടപടി ഉണ്ടായത്. ചിത്രം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നു. ഈ വിധിയെ തുടർന്ന് സിനിമ പ്രദർശിപ്പിക്കാൻ മടിച്ചു കൊണ്ടാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.

രാജ്യാന്തര ചലച്ചിത്ര മേള സമാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് മലയാളചിത്രം എസ്. ദുർഗയുടെ പ്രദർശനം നടത്താനാകില്ലെന്ന് ജൂറി വ്യക്തമാക്കിയത്. പ്രദർശിപ്പിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിയിരുന്നെങ്കിലും സെൻസർഷിപ്പുമായി ഉയർന്ന് പരാതിയുമായി സെൻസർ ബോർഡ് ഇടപെട്ടതോടെ ചിത്രം പ്രദർശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.

ചിത്രത്തിന്റെ ടൈറ്റിലിൽ പേരെഴുതിയതിലുള്ള അപാകത മുംബൈ സെൻസർ ബോർഡ് തിരുവനന്തപുരത്തെ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് ചിത്രം വീണ്ടും സെൻസർ ചെയ്യണമെന്ന് കാണിച്ച് നിർമ്മാതാവിന് സെൻസർ ബോർഡ് കത്തയയ്ക്കുകയമായിരുന്നു. സെൻസർഷിപ്പ് റദ്ദാക്കിയതിനാൽ ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതിയും നിഷേധിക്കപ്പെട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ജൂറി അംഗങ്ങൾ തിങ്കളാഴ്ച സെക്‌സി ദുർഗ കണ്ടിരുന്നു.

ചിത്രത്തിന്റെ പേരിൽ വ്യക്തതക്കുറവുണ്ടെന്നാണ് സെൻസർബോർഡ് സംവിധായകൻ സനൽകുമാർ ശശിധരനെ രേഖാമൂലം അറിയിച്ചത്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ എസ് ദുർഗ പ്രദർശിപ്പിക്കരുതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സിനിമ വീണ്ടും സെൻസർഷിപ്പിനായി സമർപ്പിക്കാമെന്നും സെൻസർബോർഡ് അറിയിച്ചു. ഇതോടെ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഐ.എഫ്.എഫ്.കെയിൽ എസ് ദുർഗ പ്രദർശിപ്പിക്കുന്നതിന് ഇത് തടസ്സമാകും.

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയ സിനിമ ഇന്ത്യയിൽ സെൻസർ ചെയ്യാൻ ബോർഡ് നേരത്തേ വിസമ്മതിച്ചിരുന്നു. സെക്സി ദുർഗ എന്ന പേര് മാറ്റി എസ് ദുർഗ എന്നാക്കിയ ശേഷമാണ് വീണ്ടും സെൻസർബോർഡിന് മുന്നിൽ സമർപ്പിച്ചത്. ബോർഡ് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും ഗോവ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. ഹൈക്കോടതി ഇടപെട്ടെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നു. ഇതേത്തുടർന്ന് ഗോവയിൽ വലിയ പ്രതിഷേധം ഉയർന്നു. ഈ സാഹചര്യത്തിലാണ് സെൻസർഷിപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സംവിധായകന് ലഭിക്കുന്നത്.

സനൽകുമാർ ശശിധരന്റെ എസ്.ദുർഗ ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിക്കുമെന്ന് ചലച്ചിത്ര അക്കാദമി അധ്യക്ഷൻ കമൽ പറഞ്ഞിരുന്നു. ഫാസിസ്റ്റ് നിലപാടുകൾക്ക് എതിരെയുള്ള മറുപടി ആയാണ് സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയതെന്നും കമൽ പ്രതികരിച്ചിരുന്നു. എന്നാൽ, കേന്ദ്രത്തിന്റെ നടപടിയോടെ കേരള ചലച്ചിത്ര മേളയിൽ സിനിമ പ്രദർശിപ്പിക്കാനുള്ള സാധ്യതയും ഇല്ലാതായിരിക്കയാണ്.

അതേസമയം കേന്ദ്രസർക്കാറിന്റേത് സിനിമയുടെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പാണെന്നാണ് നടക്കുന്നതെന്ന് സനൽകുമാർ ശശിധരൻ പ്രതികരിച്ചു. ഹൈക്കോടതി ഉത്തരവ് മറികടക്കാനുള്ള ഗൂഢനീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.