ചെന്നൈ: ഇന്ത്യൻ സിനിമ സമീപകാലത്തൊന്നും കണ്ടിട്ടില്ലാ വിധം പ്രചരണത്തിനൊപ്പമാണ് കബാലിയെന്ന് രജനീകാന്ത് ചിത്രം തീയറ്ററിൽ എത്തിതയത്. കേരളത്തിൽ നിന്നടക്കം വലിയ തോതിൽ പണം വാരുകയും ചെയ്തു ഈ രജനിചിത്രം. റിലീസിന് മുമ്പ് തന്നെ 200 കോടിയിലേറെ നേടിയെന്നാണ് സിനിമയുടെ നിർമ്മാതാവ് അവകാശപ്പെട്ടതും. പിന്നീട് ബോക്‌സോഫീസിലും താരമായിരുന്നു ചിത്രമെന്നാണ് റിപ്പോർട്ട്.

എന്നാൽ, തമിഴകത്ത് ചില കേന്ദ്രങ്ങളിൽ 100 ദിവസം പൂർത്തിയാക്കിയ ചിത്രം തിയറ്ററുടമകൾക്ക് നഷ്ടം വരുത്തിയെന്ന വാർത്തയാണ് ചില കോളിവുഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ട്രിച്ചി, തഞ്ചാവൂർ മേഖലകളിലുള്ള തിയറ്റർ ഉടമകൾ 2 കോടിയിലേറെ തങ്ങൾക്ക് നഷ്ടമുണ്ടായെന്ന് കാട്ടി രജനീകാന്തിന് കത്തയച്ചതോടെയാണ് കബാലിയുടെ ബോക്‌സ് ഓഫീസ് വിജയത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ സംശയം ഉയർന്നത്. തഞ്ചാവൂരിലും ട്രിച്ചിയിലുമുള്ള തിയറ്റർ ഉടമകൾ ചെന്നൈയിൽ ക്യാമ്പ് ചെയ്ത് നഷ്ടപരിഹാരം വേണമെന്ന ആവശ്യവുമായി കലൈപുലി താണുവിനെയും രജനീകാന്തിനെയും സമീപിക്കാൻ ഒരുങ്ങുകയാണെന്നും വാർത്തകളുണ്ട്. നിർമ്മാതാവ് താണുവുമായി ഇക്കാര്യത്തിൽ രണ്ട് തവണ ചർച്ച നടന്നെങ്കിലും ഫലം ഉണ്ടായില്ലെന്ന് തിയറ്ററുടമകൾ പറയുന്നു.

ട്രിച്ചിതഞ്ചാവൂർ മേഖലയിലുള്ള വിതരണാവകാശം 7 കോടി രൂപയ്ക്ക് ജോസഫ് ഫ്രാൻസിസ് എന്നയാൾക്ക് നൽകിയതാണെന്നും തിയറ്ററുടമകളുടെ നഷ്ടത്തിന് താൻ ഉത്തരവാദി അല്ലെന്നുമാണ് കലൈപുലി എസ് താണുവിന്റെ നിലപാട്. എംജിആർ ഫിലിം സിറ്റി തിയറ്റർ ഉടമകളുടേതാണ് പ്രധാന പരാതി. സിനിമ 125 ദിവസം പൂർത്തിയാക്കിയതിന് പിന്നാലെ തിയറ്ററുകളിൽ സാമ്പത്തിക നഷ്ടമുണ്ടായെന്ന പരാതിയുമായി ആളുകൾ വരുന്നതിന് പിന്നിലെ ഉദ്ദേശ്യമെന്താണെന്ന് മനസിലാകുന്നില്ലെന്നും താണു പറയുന്നു.

രജനീകാന്തിന്റെ ലിംഗാ എന്ന ചിത്രം തകർന്നടിഞ്ഞ സമയത്ത് സമാനമായ സംഭവങ്ങൾ അരങ്ങേറിയിരുന്നു. മധുരൈയിലും ട്രിച്ചിയിൽ നിന്നുമായി എത്തിയ തിയറ്റർ ഉടമകൾ രജനീകാന്തിന്റെ വീടിന് മുന്നിൽ പിച്ചയെടുക്കൽ സമരം നടത്തിയും പ്രതിഷേധിച്ചും സാമ്പത്തിക നഷ്ടം പരിഹരിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. രജനീകാന്തിന്റെ സുഹൃത്തും വിതരണക്കാരനുമായ തിരുപ്പൂർ സുബ്രഹ്മണ്യവും കലൈപുലി എസ് താണുവും ഇടപെട്ടാണ് അന്ന് പ്രശ്‌നപരിഹാരമുണ്ടായത്.