- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയുടെ ഇടതുമുന്നണി പ്രവേശം തടഞ്ഞത് കാനത്തിന്റെ കടുംപിടിത്തം തന്നെ; യുഡിഎഫിന് കൈകൊടുത്തതോടെ ജോയി എബ്രഹാമിന് പിജെ കുര്യനെ മറികടന്ന് രാജ്യസഭാ സീറ്റ് നിലനിർത്താൻ ആകുമോ? എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുർബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്: തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറി എഴുതുന്നത്
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ. എം. മാണിയും കേരള കോൺഗ്രസ്സും യുഡിഎഫിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി അതിന്റെ നടപടി ക്രമങ്ങൾ ചർച്ച ചെയ്ത തീരുമാനിക്കുക എന്ന ഔപചാരികത മാത്രമേ ബാക്കിയുള്ളൂ. ഉടൻ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജോയി എബ്രഹാമിനു തുടർന്നും നേടാൻ കഴിയുമോ എന്നു ശ്രമിക്കും. യുഡിഎഫിന് നേടാവുന്ന ഒരു സീറ്റിന്റെ അവകാശി പിജെ കുര്യനാണെന്നിരിക്കെ അതു നടക്കാനിടയില്ല. കെ. എം മാണിയുടെയും ജോസ് കെ മാണിയുടെയും അഭിമാനം സംരക്ഷിച്ചും ഉയർത്തി പിടിച്ചും മടങ്ങി വരവിനെ എങ്ങനെ മഹത്വവൽക്കരിക്കാം എന്നതിനായിരിക്കും ഇരുവരുടെയും ശ്രമം. കേരള കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിനെ സംബന്ധിച്ച് രണ്ടു വർഷം നീണ്ട അനിശ്ചിതത്വം അവസാനിക്കുമ്പോൾ വ്യക്തമായ വിജയം അവകാശപ്പെടാൻ കഴിയുന്ന രണ്ടു പേർ കാനം രാജേന്ദ്രനും പി. ജെ. ജോസഫുമാണ്. അഴിമതി ആരോപണ വിധേയനായ കെ. എം മാണിയെ ഇടതു പക്ഷ മുന്നണിയിൽ പ്രവേശിപ്പിക്കില്ല എന്ന കാനത്തിന്റെ ഉറച്ച നിലപാടാണ് ഒരു പരിധി വ
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ. എം. മാണിയും കേരള കോൺഗ്രസ്സും യുഡിഎഫിലേക്ക് തിരിച്ചെത്തുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇനി അതിന്റെ നടപടി ക്രമങ്ങൾ ചർച്ച ചെയ്ത തീരുമാനിക്കുക എന്ന ഔപചാരികത മാത്രമേ ബാക്കിയുള്ളൂ. ഉടൻ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജോയി എബ്രഹാമിനു തുടർന്നും നേടാൻ കഴിയുമോ എന്നു ശ്രമിക്കും. യുഡിഎഫിന് നേടാവുന്ന ഒരു സീറ്റിന്റെ അവകാശി പിജെ കുര്യനാണെന്നിരിക്കെ അതു നടക്കാനിടയില്ല. കെ. എം മാണിയുടെയും ജോസ് കെ മാണിയുടെയും അഭിമാനം സംരക്ഷിച്ചും ഉയർത്തി പിടിച്ചും മടങ്ങി വരവിനെ എങ്ങനെ മഹത്വവൽക്കരിക്കാം എന്നതിനായിരിക്കും ഇരുവരുടെയും ശ്രമം.
കേരള കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിനെ സംബന്ധിച്ച് രണ്ടു വർഷം നീണ്ട അനിശ്ചിതത്വം അവസാനിക്കുമ്പോൾ വ്യക്തമായ വിജയം അവകാശപ്പെടാൻ കഴിയുന്ന രണ്ടു പേർ കാനം രാജേന്ദ്രനും പി. ജെ. ജോസഫുമാണ്.
അഴിമതി ആരോപണ വിധേയനായ കെ. എം മാണിയെ ഇടതു പക്ഷ മുന്നണിയിൽ പ്രവേശിപ്പിക്കില്ല എന്ന കാനത്തിന്റെ ഉറച്ച നിലപാടാണ് ഒരു പരിധി വരെ യുഡിഎഫിലേക്ക് മടങ്ങാൻ കെ എം മാണിയെ പ്രേരിപ്പിക്കുന്നത്. മാണിയുള്ള എൽഡിഎഫിൽ സിപിഐ ഉണ്ടാവില്ല എന്ന് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ച് കാനം സിപിഎമ്മിന്റെയും മാണിയുടെയും പദ്ധതികളെ അട്ടിമറിച്ചു. സിപിഐ ഇല്ലാതെ ഇടതുപക്ഷ ഐക്യം സാധ്യമാവില്ല എന്ന പാർട്ടി കേന്ദ്രക്കമ്മറ്റിയുടെ പ്രഖ്യാപനത്തോടെ കേരളാ കോൺഗ്രസ്സിനെ എൽഡിഎഫിൽ എടുക്കുമ്പോൾ സിപിഐ പോയാൽ പോട്ടെ എന്നൊരു നിലപാടെടുക്കുവാൻ സിപിഎമ്മിന് കഴിയാതെ വന്നു. സിപിഐക്കുള്ളിൽ അഖിലേന്ത്യാ തലത്തിൽ തന്നെ കാനം അതി ശക്തനായി മാറിയതോടെ കെ. എം. മാണിയുടെ വിഷയത്തിൽ സിപിഎമ്മിന്റെ നയത്തിനൊപ്പം സിപിഐയെ എത്തിക്കുക അസാധ്യമായി മാറി.
ഇത്തരമൊരു കടുത്ത നിലപാടെടുക്കാൻ സിപിഐയെ പ്രേരിപ്പിച്ചത് ആദർശാത്മകത ഒന്നുമല്ലായിരുന്നെങ്കിലും അത്തരമൊരു പരിവേഷം നൽകുന്നതിൽ കാനം വിജയിച്ചു. മുൻപ് കെ. കരുണാകരന്റെ ഡിഐസി കെയെ ഇടതുമുന്നണിയിൽ പ്രവേശിപ്പിക്കുന്ന വിഷയത്തിലും ഇതേ നിലപാട്. ഇടതു മുന്നണിയിലെ തങ്ങളുടെ പ്രസക്തി കുറക്കുന്ന ഒരു കക്ഷിയെയും മുന്നണിയിൽ പ്രവേശിപ്പിക്കാതിരിക്കാൻ സിപിഐ ബദ്ധശ്രദ്ധരാണ്. വാഴൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും അഞ്ചു വട്ടം നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തന്റെ എതിർ കക്ഷിയായിരുന്ന കേരളാ കോൺഗ്രസ്സിനോട് കാനത്തിന് വ്യക്തിപരമായ എതിർപ്പുമുണ്ട്. മൂന്നു വട്ടം പരാജയപ്പെട്ടതിന്റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല.
ഇടതുപക്ഷ മുന്നണിക്കുള്ളിൽ കാനം രാജേന്ദ്രനാണ് കെഎം മാണിയുടെ മുന്നണി പ്രവേശനത്തിനെതിരെ നിലകൊണ്ടതെങ്കിൽ സ്വന്തം പാർട്ടിക്കുള്ളിൽ പി. ജെ. ജോസഫ് എടുത്ത അതിശക്തമായ നിലപാടാണ് കെ. എം. മാണിയെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്. യുഡിഎഫ് വിടാനുള്ള തീരുമാനത്തോട് ജോസഫിനു താൽപ്പര്യമുണ്ടായിരുന്നില്ല. ഒരു താൽക്കാലിക നടപടി എന്ന നിലയിൽ ജോസഫ് അതംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ നിന്നും കെ. എം മാണി രാജിവെച്ചപ്പോൾ പി. ജെ. ജോസഫിനും ഒപ്പം രാജി വപ്പിക്കാനുള്ള ശ്രമത്തെ അദ്ദേഹം എതിർത്തു തോൽപ്പിച്ചതാണ്.
ദീർഘനാളത്തെ എൽഡിഎഫ് സഹവാസത്തിനു ശേഷം യുഡിഎഫിൽ തിരിച്ചെത്തിയ ജോസഫിന് എൽഡിഎഫിലേക്ക് മടങ്ങിപ്പോവാൻ തീരെ താൽപ്പര്യമുണ്ടായിരുന്നില്ല. യുഡിഎഫിൽ നിന്നു മത്സരിച്ചാൽ ജോസഫിനും മോൻസിനും തൊടുപുഴയും കടുത്തുരുത്തിയും സുരക്ഷിത മണ്ഡലങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 45, 000 ത്തോളം വോട്ടിന് വിജയിച്ച ഇരുവരും എൽഡിഎഫിൽ നിന്ന് ഈ മണ്ഡലങ്ങളിൽ ഒരിക്കൽ പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ എൽഡിഎഫിൽ പോയി ശക്തമായ മത്സരം നേരിടാൻ ഇരുവരും ഒരുക്കമായിരുന്നില്ല. അതുകൊണ്ട് എന്തു വിലകൊടുത്തും യുഡിഎഫിൽ തുടരണം എന്ന കാര്യത്തിൽ ഇരുവരും നിർബന്ധക്കാരായിരുന്നു.
കേരളാ കോൺഗ്രസ്സിലെ പിളർപ്പുകളിൽ എന്നും അധീശത്വം പുലർത്താൻ സഹായകമായിട്ടുള്ളത് എന്നും അദ്ദേഹം യുഡിഎഫിനോടൊപ്പം ആയിരുന്നു എന്നതാണ്. കേരളാ കോൺഗ്രസ് അണികൾ അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. അതുകൊണ്ടു തന്നെ കമ്മ്യൂണിസ്റ്റ് ചേരിയിൽ നിൽക്കുന്ന കേരളാ കോൺഗ്രസ്സുകൾ ക്രമേണ ദുർബലമായിത്തീരും. ഇത് കെ. എം. മാണി 1980-81 കാലഘട്ടത്തിൽ തിരിച്ചറിഞ്ഞതാണ്. കെ. എം. മാണി ഇടതുമുന്നണിക്കൊപ്പം പോവുകയും ജോസഫ് പാർട്ടി പിളർത്തി യുഡിഎഫിൽ നിലയുറപ്പിക്കുകയും ചെയ്താൽ ക്രമേണ യഥാർത്ഥ കേരളാ കോൺഗ്രസ്സായി ജോസഫ് വിഭാഗം മാറിയേനെ. ഇത് മനസ്സിലാക്കിയാണ് കേരള കോൺഗ്രസ്സ് ഒറ്റക്കെട്ടായി വന്നാൽ മാത്രം ഇടതു മുന്നണി പ്രവേശം ആലോചിക്കാം എന്ന് സിപിഎം നിലപാടെടുത്തത്. പി. ജെ. ജോസഫിന്റെ നിലപാട് ഇത്തരമൊരു സാഹചര്യം ഇല്ലാതാക്കി.
എന്തായാലും യുഡിഎഫ് വിട്ടതിനേക്കാൾ ദുരബലനായ കെ. എം. മാണിയാണ് തിരികെ വരുന്നത്. സ്വന്തം പാർട്ടിയിൽ അദ്ദേഹത്തിന്റ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. മുന്നണി രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ സാധ്യതകൾ പരിമിതമായതുകൊണ്ട് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. കോട്ടയം പാർലമെന്റ് സീറ്റിൽ ജോസ് കെ മാണിയുടെ അരക്ഷിതാവസ്ഥ മാറ്റാൻ എന്തൊക്കെ ചെയ്യാൻ കഴിയും എന്നതുമാത്രമായിരിക്കും ഇനി അദ്ദേഹത്തിന്റെ ചിന്ത.
വ്യത്യസ്തമായ ശൈലികളുള്ള രണ്ടു നേതാക്കൾ തികച്ചും വിഭിന്നമായ പ്രവർത്തനങ്ങളിലൂടെ അവരുടെ നിലപാടുകൾ സ്ഥാപിച്ചെടുക്കുന്നതാണ് ഈ നാടകത്തിൽ നാം കണ്ടത്. കാനം രാജേന്ദ്രന്റേത് പരസ്യമായ ആക്രമണോത്സുകമായ നിലപാടായിരുന്നെങ്കിൽ പി. ജെ. ജോസഫിന്റേത് ശാന്തമായ തണുപ്പൻ സമീപനമെന്നു തോന്നുന്ന ശൈലിയായിരുന്നു. പക്ഷെ കൂർമ്മമായ രാഷ്ട്രീയ ബുദ്ധി വിദഗ്ധമായി ഒളിപ്പിച്ചു വയ്ക്കുന്നതാണ് ജോസഫിന്റെ ശൈലിയെന്നത് യാഥാർത്ഥ്യമാണ്.
(തിരുവഞ്ചൂരിന്റെ മുൻ പ്രസ് സെക്രട്ടറിയാണ് എസ് നിസാം)