ന്ത്യയിൽ നിന്നുള്ള നിർമ്മാണത്തൊഴിലാളികളുടെ പ്രവാഹത്തെ പുതിയ അതിർത്തി നിയന്ത്രണങ്ങൾ ബാധിച്ചതിനാൽ, മെയ് 7 മുതൽ ചൈനയിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നിർമ്മാണ കമ്പനികളെ അനുവദിക്കുന്നതിനുള്ള നടപടികൾ അധികൃതർ കൈക്കൊണ്ടു.വിദേശ തൊഴിലാളി ഡോർമിറ്ററികളിൽ കൂടുതൽ കോവിഡ് പൊട്ടിപ്പുറപ്പെടുമെന്ന് ഭയന്ന് ആണ് സിംഗപ്പൂർ സർക്കാർ ഇന്ത്യയിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്ന തൊഴിലാളികൾക്കും വിലക്ക് ഏർപ്പെടുത്തിയത്.

രാജ്യത്തെ നിർമ്മാണ മേഖലാ വ്യവസായം ഏതാണ്ട് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നതിനാൽ ഈ നടപടി നിർമ്മാണ പദ്ധതികളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മന്ത്രിമാർ അംഗീകരിച്ചു. കാരണം നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. പുതിയ അതിർത്തി നിയന്ത്രണം വന്നതോടെനിരവധി കെട്ടിട, ഭവന പദ്ധതികൾ ഇനിയും വൈകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് ചൈനയിൽ നിന്നും കൂടുതൽ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അധികൃതർ തീരുമാനിച്ചത്.

ചൈനയിൽ നിന്നുള്ള തൊഴിലാളികൾക്കുള്ള നൈപുണ്യ-സർട്ടിഫിക്കേഷൻ നിയമം താൽക്കാലികമായി ലഘൂകരിക്കുന്നതുൾപ്പെടെ മൂന്ന് നടപടികൾ ആണ് രാജ്യം കൈക്കൊള്ളുന്നത്.ചൈനീസ് വർക്ക് പെർമിറ്റ് ഉടമകൾക്ക് സിംഗപ്പൂരിൽ അവരുടെ നൈപുണ്യ സർട്ടിഫിക്കേഷൻ നേടാൻ അനുവദിക്കുന്ന ഒരു പദ്ധതി നടപ്പിലാക്കും.മാൻപവർ മന്ത്രാലയം അവതരിപ്പിക്കുന്ന താൽക്കാലിക പദ്ധതി ആറുമാസം നീണ്ടുനിൽക്കുന്നതായിരിക്കും. മെയ് 7 മുതൽ ആറുമാസത്തേക്ക്, പുതിയ ചൈനീസ് വർക്ക് പെർമിറ്റ് ഉടമകൾ ഇവിടെയെത്തുന്നതിനുമുമ്പ് ചൈനയിൽ അവരുടെ നൈപുണ്യ സർട്ടിഫിക്കേഷൻ പൂർത്തിയാക്കേണ്ട ആവശ്യമില്ല, നിലവിലുള്ള മറ്റ് പ്രവേശന അംഗീകാരവും വർക്ക് പാസ് ആവശ്യകതകളും പാലിക്കുന്നുണ്ടെങ്കിൽ അവർക്ക് രാജ്യത്തേക്ക് എത്താം.

ഈ തൊഴിലാളികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തൊഴിലുടമകൾക്ക് അപേക്ഷകൾ മെയ് 7 മുതൽ ബിസിഎ അംഗീകരിച്ച പരിശീലന, പരീക്ഷണ കേന്ദ്രങ്ങളിൽ സമർപ്പിക്കാം. അത്തരം കേന്ദ്രങ്ങളുടെ പട്ടിക അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാകും. കൂടാതെ കോവിഡ് -19 മൂലമുള്ള കാലതാമസത്തിന് പൊതുമേഖലാ നിർമ്മാണ കരാറുകൾക്ക് 49 ദിവസത്തെ അധിക സമയപരിധി അനുവദിക്കും.