തിരുവനന്തപുരം: മലയാളി യുവാക്കളുടെ ഹീറോ ബിംബങ്ങളിൽ ഒന്നാണ് ശ്രീരാം വെങ്കിട്ടരാമൻ എന്ന ഐഎഎസുകാരൻ. മൂന്നാറിൽ ആരെയും കൂസാതെ കയ്യേറ്റം ഒഴിപ്പിക്കാൻ ശക്തമായി നടപടി സ്വീകരിച്ച അന്ന് മുതൽ ശ്രീരാം താരമാണ്. സോഷ്യൽ മീഡിയയിൽ ശ്രീരാം ഫാൻസ് ക്ലബ്ബുകൾ പോലുമുണ്ട്. എന്നാൽ, കുരിശു സ്ഥാപിച്ച് കയ്യേറുന്നവരെ തൊട്ടത്തോടെ മുഖ്യമന്ത്രി പിണറായി വിജയും പൊള്ളി. അതുകോടെ ശ്രീരാമിനെ ദേവകുളം സബ്കളക്ടർ സ്ഥാനത്തു നിന്നും മാറ്റി മൂലക്കിരുത്തുകയായിരുന്നു.

എന്തായാലും മൂന്നാറിലെ പുലിമുരുകൻ എന്നുവരെ വിളിപ്പേര് നേടിയ ശ്രീരാം വെങ്കിട്ടരാമൻ മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കർ പുരസ്‌ക്കാരത്തിനുള്ള അന്തിമ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പാർവതിയും ശ്രീരാമും തമ്മിലാണ് ശക്തമായ മത്സരം നടക്കുന്നതും. ഇതിനിടെ കയ്യേറ്റക്കാരോട് ചേർന്നു പ്രവർത്തിക്കുന്നു എന്ന ആരോപണം ഉയർന്ന സിപിഎം എംഎൽഎ എസ് രാജേന്ദ്ര്ൻ ശ്രീരാം വെങ്കിട്ടരാമനെതിരെ കുപ്രചരണവുമായി രംഗത്തെത്തിയിരിക്കയാണിപ്പോൾ. സോഷ്യൽ മീഡിയ വഴിയാണ് സിപിഎം എംഎൽഎ ഈ പുലിക്കുട്ടിക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.

വാട്‌സ് ആപ്പും ഫേസ്‌ബുക്കും വഴിയാണ് എംഎൽഎ ശ്രീരാമിനെതിരെ പ്രവർത്തിക്കുന്നത്. ശ്രീരാമിന് വോട്ടു ചെയ്യരുതെന്ന വിധത്തിലാണ് രാജേന്ദ്രന്റെ പ്രചരണം. ശ്രീരാമിനെ ന്യൂസ് മേക്കർ ആക്കുന്നത് തങ്ങളുടെ നിലപാടുകൾ തെറ്റാണെന്ന് തെളിയിക്കുന്നതു പോലെയാകുമെന്ന ഭയം കൊണ്ടാണ് ഇത്തരമൊരു നീക്കവുമായി ദേവികുളം എംഎൽഎ രംഗത്തെത്തിയത്. മൂന്നാറിൽ നിന്നും ശ്രീരാം വെങ്കിട്ടരാമനെതിരെ ഏറ്റവും അധികം കരുക്കൾ നീക്കിയത് എസ് രാജേന്ദ്രനായിരുന്നു. എന്നിട്ടും കലയിടങ്ങുന്നില്ല എന്നതു കൊണ്ടാണ് ശ്രീരാമിനെ അധിക്ഷേപിക്കുന്ന വിധത്തിൽ എംഎൽഎ പ്രചരണം നടത്തുന്നത്.

ശ്രീരാം വെങ്കിട്ടരാമൻ കോർപ്പറേറ്റ് മാധ്യമങ്ങളുടെയും സാധാരണക്കാരെ ഒറ്റുകൊടുക്കുന്ന കപട പരിസ്ഥിതി വാദികളുടെയും അച്ചാരം വാങ്ങുന്ന വ്യക്തിയാണെന്ന് ധ്വനിയിലാണ് എംഎൽഎയുടെ വിമർശനം. വർഗീയ വാദികളെ സുഖിപ്പിച്ചതു കൊണ്ടാണ് ന്യൂസ് മേക്കർ ലിസ്റ്റിൽ ഇടംപിടിച്ചതെന്നും വിമർശിക്കുന്നു. ദേവികുളം താലൂക്കിലെ ഒരു കർഷകന് പോലും പട്ടയം കൊടുക്കാതിരുന്നതിന്റെ കാരണക്കാരൻ ശ്രീരാമാണെന്നും ടാറ്റായുടെയും ഹാരിസണിന്റയും കൈയേറ്റങ്ങൾകണ്ടില്ലെന്ന് നടിച്ചുവെന്നുമാണ് എംഎൽഎയുടെ വിമർശനം. അഞ്ച് കാര്യങ്ങളാണ് ശ്രീരാമിനെതിരെ എംഎൽഎ ആരോപിക്കുന്നത്. വാട്‌സ് ആപ്പ് വഴി എംൽഎ പ്രചരിപ്പിക്കുന്നത് ഇങ്ങനെയാണ്:

എന്തുകൊണ്ടാണ് ശ്രീറാം വെങ്കിടറാം ന്യൂസ് മേക്കർ ആകുന്നത്?

1. ഇടുക്കിയെക്കുറിച്ച് പ്രത്യേക അജണ്ടയുള്ള കേരളത്തിലെ കോർപ്പറേറ്റ് മാധ്യമങ്ങളും ഇടുക്കിയിലെ സാധാരണക്കാരന്റെ സൈര്യ ജീവിതം അച്ചാരത്തിന് വേണ്ടി ഒറ്റുകൊടുക്കാൻ വെമ്പൽ കൊള്ളുന്ന കപട പരിസ്ഥിതി വാദികളും, വനംവകുപ്പ് മേലാളന്മാരും പ്രതിഷ്ടിച്ചിട്ടുള്ള മുഖം മൂടി ഉള്ളതുകൊണ്ടോ?

2. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായി 600 ൽ പരം അനധികൃത കൈയേറ്റങ്ങളുണ്ടെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയിട്ട് 144 പ്രഖ്യാപിച്ച പ്രദേശത്ത് മാധ്യമപ്പടയുമായി ചെന്ന് JCB ഉപയോഗിച്ച് കുരിശ് പൊളിച്ച് ( കുരിശ് ആരുടേതെന്നതിലല്ല ) വർഗ്ഗീയ വാദികളെ സുഖിപ്പിച്ചതിനോ?

3. മൂന്നാറിനോട് ചേർന്നു വരുന്ന 10 വില്ലേജുകളിൽ ഒരു വീടുണ്ടാക്കണമെങ്കിൽ പല വട്ടം RDO യുടെ തിണ്ണ നിരങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചതിനോ?

4 ദേവികുളം താലൂക്കിലെ ഒരു കർഷകന് പോലും പട്ടയം കൊടുക്കാതിരുന്നതിനോ?

5. ടാറ്റായുടെയും ഹാരിസണിന്റയും കൈയേറ്റങ്ങൾകണ്ടില്ലെന്ന് നടിച്ചതിനോ?

നറുനെയ്യും തൈരും പരിപ്പം കൂട്ടി ഉണ്ണുന്നതിനപ്പുറം ഒരു സാധാരണ I A S കാരനിൽ നിന്നും വ്യത്യസ്ഥമായിട്ടുള്ളത് ആദ്യം സൂചിപ്പിച്ച ചില ശക്തികൾ മനഃപൂർവം സൃഷ്ടിച്ചു നൽകിയ MASK മാത്രമാണ്.

അതേസമയം ശ്രീരാം വെങ്കിട്ടരാമന് പുറമേ പാർവതിയും കാനം രാജേന്ദ്രനുമാണ് ന്യൂസ് മേക്കൽ അന്തിമ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഇതിൽ ന്യൂസ് മേക്കർ ആവാൻ കൂടുതൽ സാധ്യത ശ്രീറാം വെങ്കിട്ടരാമന് തന്നെയാണ് താനും. പ്രാഥമികപട്ടികയിൽനിന്ന് എസ്എംഎസ്-ഓൺലൈൻ വോട്ടെടുപ്പിലൂടെയാണ് പ്രേക്ഷകർ നാലുപേരെ തിരഞ്ഞെടുത്തത്. ഒരുമാസം നീളുന്ന എസ്എംഎസ്- ഓൺലൈൻ രണ്ടാംഘട്ട വോട്ടെടുപ്പിന് ഒടുവിലാണ് ന്യൂസ് മേക്കർ പുരസ്‌ക്കാരം പ്രഖ്യാപിക്കുക.

മൂന്നാറിലെ ഇടപെടലാണ് ശ്രീറാം വെങ്കിട്ടരാമനെ പട്ടികയിലെ പേരുകാരനാക്കുന്നത്. ഇതിൽ മൂന്നാറിലെ ഇടപെടലിലൂടെ സർക്കാരിന് തലവേദനയുണ്ടാക്കിയ ശ്രീറാം വെങ്കിട്ടരാമന് തന്നെയാകും കൂടുതൽ സാധ്യതയെന്നാണ് വിലയിരുത്തൽ. അതേസമയം വോട്ടെടുപ്പ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കേ മത്സരത്തിൽ വലിയ അബദ്ധം പിണഞ്ഞിരുന്നു. പാർവതിയുടേയും ശ്രീറാംവെങ്കിട്ടരാമന്റേയും കോഡ് മാറിപ്പോയതാണ് ചർച്ചയായിരിക്കുന്നത്. ഇതിൽ വോട്ടിങ് കോഡ് ആണ് കഴിഞ്ഞ ദിവസം നൽകിയ പരസ്യത്തിൽ മാറിയത്. മേൽപറഞ്ഞ നാലുപേർക്കും യഥാക്രമം എ,ബി,സി,ഡി കോഡുകളാണ് ഉണ്ടായിരുന്നത്. എന്നാൽ ശ്രീറാമിന്റെ കോഡ് സി എന്നും പാർവതിയുടേത് ഡി എന്നും കഴിഞ്ഞദിവസം തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ എസ്എംഎസ് കോഡ് തെറ്റായി രേഖപ്പെടുത്തിയതിൽ ഖേദിക്കുന്നു എന്ന് ഇന്നത്തെ പത്രത്തിലെ പരസ്യത്തിന് താഴെ ഒരു ചെറിയ അറിയിപ്പ് നൽകി തെറ്റു മറയ്ക്കാൻ മനോരമ ശ്രമിക്കുകയുമുണ്ടായി.