കൊച്ചി: കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു. കൊറോണ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അല്പം മുൻപായിരുന്നു മരണം സ്ഥിരീകരിച്ചത്.

500 ലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. പ്രസിദ്ധമായ ഹൈന്ദവ ഭക്തിഗാനങ്ങളും രമേശൻ നായരുടെ തൂലികയിൽ പിറന്നിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും. 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം അദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഗുരുപൗർണ്ണമി എന്ന കാവ്യസമാഹാരത്തിനാണ് 2018-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചത്. ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരം, ആശാൻ പുരസ്‌കാരം എന്നിവ രമേശൻ നായർക്ക് ലഭിച്ചിട്ടുണ്ട്.

1948 മെയ്‌ 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. പരേതരായ ഷഡാനനൻ തമ്പിയും പാർവ്വതിയമ്മയുമാണ് മാതാപിതാക്കൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ സബ് എഡിറ്ററായും ആകാശവാണിയിൽ നിർമ്മാതാവായും രമേശൻ നായർ പ്രവർത്തിച്ചിരുന്നു.

1985ൽ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾ രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശ്ശൂർ വിവേകോദയം സ്‌കൂൾ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകൻ മനു രമേശൻ സംഗീതസംവിധായകനാണ്.

ഹൃദയവീണ, പാമ്പാട്ടി, ഉർവ്വശീപൂജ, ദുഃഖത്തിന്റെ നിറം, കസ്തൂരിഗന്ധി, അഗ്രേപശ്യാമി, ജന്മപുരാണം, കളിപ്പാട്ടങ്ങൾ, ചരിത്രത്തിന്നു പറയാനുള്ളത് എന്നിവയാണ് പ്രധാന കൃതികൾ. തിരുക്കുറൽ, ചിലപ്പതികാരം എന്നീ കൃതികളുടെ മലയാള വിവർത്തനവും, സ്വാതിമേഘം, അളകനന്ദ, ശതാഭിഷേകം, വികടവൃത്തം തുടങ്ങിയ നാടകങ്ങളും രചിച്ചിട്ടുണ്ട്.