തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ അനുകൂലിച്ച് പോസ്റ്റിട്ട എഴുത്തുകാരി എസ്.ശാരദക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യപ്രയോഗങ്ങളുമായി ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. അസഭ്യം ചൊരിയുന്നവരെ പരിഹസിച്ചാണ് ശാരദക്കുട്ടിയുടെ പുതിയ പോസ്റ്റ്. ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികൾ.അതൊരു താളഭംഗമാണ്, ശാരദക്കുട്ടി കുറിച്ചു.

ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ:

ലൈംഗികതയെ ഭയക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ അശ്‌ളീലാർഥമുള്ള തെറി പ്രയോഗങ്ങൾക്കു നിലനിൽപുള്ളു. ലൈംഗികതയെ ഭയക്കാത്തവരെ തെറി വിളിച്ചിട്ടൊരു കാര്യവുമില്ല. വാളും ചിലമ്പുമണിഞ്ഞ് പട്ടുടുത്തു മുടിയഴിച്ച് നൃത്തമാടി വരുന്ന പുതിയ തലമുറ ലൈംഗികതയെയും അതിന്റെ പേരിലുള്ള തെറികളെയും ഭയക്കുന്നില്ല.

സാമ്പ്രദായിക ബോധങ്ങളാൽ ദുർബലരായവർ കാമരൂപിണികളും തന്റേടികളുമായ സ്ത്രീകളോടുള്ള ഭയം, അസഹൃത ഒക്കെ തെറി രൂപത്തിലാണ് പ്രകടമാക്കുന്നത്. സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയാണ് എല്ലാ തെറികളിലും സംബോധന ചെയ്യുന്നത്.
കേൾവി സുഖം പോരെന്ന ഒറ്റ പ്രശ്‌നമേയുള്ളു തെറികൾക്ക്..പുതിയ തരം എതിർപ്പുകളുടെ പുതിയ കാലത്ത് സൗന്ദര്യാത്മകവും സർഗ്ഗാത്മകവുമായ മികച്ച തെറികൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. കലഹിക്കുമ്പോഴും നമ്മൾ ഉശിരോടെ, ചന്തത്തിൽ വേണം കലഹിക്കുവാൻ.

സദാചാരവാദികളുടെ മുതുമുത്തശ്ശനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ വഴി നടന്നു പോകുമ്പോൾ 'ലക്ഷണപ്പിശകു'ള്ള ചില സുന്ദരികൾ മുടിയൊക്കെയഴിച്ചിട്ട്, പൊട്ടിച്ചിരിച്ച് സന്ധ്യ സമയത്ത് വനത്തിൽ സ്വൈര സഞ്ചാരം നടത്തുന്നതു കാണാനിടയായി. കാഴ്ച മനോഹരമാണെങ്കിലും, സ്വാമിയാർക്ക് ഇത് തീരെ ദഹിച്ചില്ല.സ്വാമിയാർ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ചു പെണ്ണുങ്ങളെ.സ്വാമിയാരുടെ കോപപ്പാച്ചിൽ കണ്ട് പെണ്ണുങ്ങൾ കണ്ട കുളങ്ങളിലെല്ലാം ചെന്നു ചാടി. സ്വാമി പിന്നാലെ ചാടി. ഓരോരുത്തരെയായി ഓരോയിടത്തു കുടിയിരുത്തി. ഒരുത്തി മാത്രം 'തിരുമേനി'ക്കു പിടി കൊടുത്തല്ല. അവൾ കുതറി മാറി ചേറിൽ പോയി പൂഴ്ന്നു കിടന്നു.സ്വാമിയാർ മുടി ചേറിൽ നിന്ന് കുത്തിപ്പിടിച്ച് പൊക്കിയെടുത്ത് '' ഇരിയെടീ പൊലയാടി മോളേ ' എന്നു വിളിച്ച് പ്രതിഷ്ഠിച്ചു.ചേർത്തല ഭഗവതി അതാണെന്ന് ഐതിഹൃമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു.

' ഭഗവതിയമ്മേ നിനക്കെവിടുന്നാടീ ഈയൂറ്റം. പണപ്പായസമല്ല, നിനക്കു വേണ്ടത് കോഴിക്കുരുതിയാണ്.ഒരുമ്പെട്ടോള്'' വി കെ എന്നിന്റെ കല്യാണി, സുന്ദരിയായ ചിന്നമ്മുവിനെ കാണുമ്പോൾ കാർക്കിച്ചു തുപ്പിക്കൊണ്ട് പറഞ്ഞതാണ്. ചിന്നമ്മുവിന് കൊല്ലുന്ന സൗന്ദര്യമാണ്. ഇടിവാളു മാതിരിയല്ലേ വേശ്യ നിന്നു വെട്ടിത്തിളങ്ങുന്നത് .വീണു പോകുന്ന ആണുങ്ങളെ പറഞ്ഞിട്ടു കാര്യമില്ല.'

കല്യാണി, ഭഗവതിയമ്മേ എന്നു വിളിച്ചതും സ്വാമിയാർ പൊലയാടി മോളേ എന്നു വിളിച്ചതും ഒരേയർഥത്തിലാണ്. ലജ്ജയില്ലാത്ത സ്ത്രീ എന്നയർഥത്തിൽ വി കെ എന്നിന്റെ മറ്റൊരു കഥാപാത്രം ഒരുത്തിയെ കൊടുങ്ങല്ലൂരമ്മേ എന്നും വിളിക്കുന്നുണ്ട്.

ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികൾ.അതൊരു താളഭംഗമാണ്.

എസ്.ശാരദക്കുട്ടി