തിരുവനന്തപുരം: നിയമസഭയിലെ പ്രോ ടെം സ്പീക്കറായി സിപിഎമ്മിലെ എസ് ശർമ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് പ്രോ ടെം സ്പീക്കറാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. ജൂൺ രണ്ട്, മൂന്ന് തീയതികളിലാണ് ഇതിനായി സഭ ചേരുക. രണ്ടിനാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. മൂന്നിന് സ്പീക്കറുടെ തെരഞ്ഞെടുപ്പും.

സിപിഎമ്മിലെ പി. ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കാനാണ് സിപിഐ(എം) തീരുമാനം. 14ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനവും ഗവർണർ വിളിച്ചു ചേർക്കും. ജൂൺ 24ന് ഗവർണറുടെ നയപ്രഖ്യാപനവും ജൂലൈ എട്ടിന് ബജറ്റുമാണ് നിശ്ചയിച്ചിരിക്കുന്നത്.

മന്ത്രിസഭയിൽ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അവസാന നിമിഷം തഴയപ്പെട്ട എറണാകുളം ജില്ലയിൽ നിന്നുള്ള മുതിർന്ന നേതാവായ എസ്.ശർമ്മയെ പാർലമെന്ററി പാർട്ടി സെക്രട്ടറിയാക്കാൻ നേരത്തെ സിപിഐ(എം) തീരുമാനിച്ചിരുന്നു. വി എസ് പക്ഷക്കാരനായ ശർമ്മ കഴിഞ്ഞ രണ്ട് എൽ.ഡി.എഫ് സർക്കാരുകളിൽ മന്ത്രിയായിരുന്നു.