- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അധികം വൈകാതെ കൊച്ചി നഗരം കടലിൽ വീഴും; പ്രവചനങ്ങളിൽ സംശയമൊന്നുമില്ല; കടലെല്ലാം കരയാകും, കരയെല്ലാം കടലാകും; പക്ഷേ അതുകാണാൻ നമ്മുടെ തലമുറ ഉണ്ടാകില്ലെന്ന് മാത്രം': കാലാവസ്ഥാ വ്യതിയാനത്തിൽ നിയുക്ത ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് നൽകുന്നതല്ലാതെ, വലിയൊരു ദുരന്തം ഒഴിവാക്കാൻ, പ്രതിരോധത്തിന് ശാസ്ത്രത്തിന് കഴിയുമോ? അതോ പൂർണമായി പ്രകൃതിയുടെ നിയന്ത്രണത്തിലാണോ? ഈ ചോദ്യത്തിനാണ് കൗമുദി ടിവി അഭിമുഖത്തിൽ നിയുക്ത ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് മറുപടി പറയുന്നത്. ' എനിക്ക് തോന്നുന്നത് അതിന് ഉത്തരം പറയുക പ്രയാസമാണ്...ചെറിയ ചെറിയ മാറ്റങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞേക്കാം. കാലാവസ്ഥ എന്ന് പറയുന്നത് വലിയൊരു ഫോഴ്സാണ്. അതൊരു ലോക്കൽ എഫക്റ്റല്ല. ലോക്കൽ കാര്യങ്ങൾ നമ്മൾക്ക് ചിലപ്പോൾ, എന്തെങ്കിലും ചെയ്യാം. പക്ഷേ അതൊരു ഗ്ലോബൽ ലെവലിൽ, സൈക്ലോൺ വരിക എന്നുപറഞ്ഞാൽ ഗ്ലോബൽ ആക്റ്റിവിറ്റിയാണ്. അതിനെയൊന്നും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യനില്ല.
അത് പ്രകൃതി ശക്തിയുടെ ഭാഗമാണ്. അതിനെ നിയന്ത്രിക്കുക സാധ്യമല്ല. മുന്നറിയിപ്പുകൾ അടക്കം നൽകി പ്രതിരോധിക്കാൻ കഴിയും. ശാസ്ത്രം പ്രകൃതിയുടെ ഭാഗമല്ലേ..പ്രകൃതിയും ശാസ്ത്രവും തമ്മിൽ അടിക്കുന്ന ശത്രുക്കൾ വല്ലതുമാണോ? അങ്ങനെയൊന്നും അല്ലലോ..
കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് സംഭവിക്കുന്ന ഒന്നല്ല. ഏകദേശം 100 വർഷം ആയുസ് മാത്രമുള്ള ജീവിയാണ് മനുഷ്യൻ. അതുകൊണ്ട് തന്നെ പ്രകൃതിയിൽ നടക്കുന്ന സ്വാഭാവിക മാറ്റങ്ങൾ നമ്മൾ തിരിച്ചറിയുന്നില്ല. പെട്ടെന്നുള്ള മാറ്റങ്ങളാണ് മനുഷ്യനെ ഭീതിപ്പെടുത്തുന്നത്. അത് മനുഷ്യന്റെ ചെയ്തികൾ കൊണ്ടുതന്നെയാണ്. ഭൂമിയിൽ ചില ഭാഗങ്ങൾ മരുഭൂമിയായി മാറും, മരുഭൂമി കടലാവും കടൽ മലയായി മാറും. അധികം വൈകാതെ കൊച്ചി നഗരം കടലിൽ വീഴുമെന്ന പ്രവചനങ്ങൾക്ക് സംശയമൊന്നുമില്ലെന്ന് സോമനാഥ് വ്യക്തമാക്കി.
'കടലെല്ലാം കരയാകും, കരയെല്ലാം കടലാകും. പക്ഷേ അതുകാണാൻ നമ്മുടെ തലമുറ ഉണ്ടാകില്ലെന്ന് മാത്രം. മനുഷ്യന്റെ പ്രവർത്തനങ്ങൾക്ക് കൊണ്ട് പ്രകൃതിക്കുണ്ടാക്കുന്ന മാറ്റങ്ങൾ പതുക്കെയാക്കി കഴിഞ്ഞാൽ അതിനെ കൈകാര്യം ചെയ്യാൻ കഴിയും. അത് സ്പീഡിലാകുമ്പോഴാണ് നമ്മളെ ബാധിക്കുന്നത്. അങ്ങനെയാണ് വെള്ളപൊക്കവും പ്രളയവും ഒക്കെ ഉണ്ടാകുന്നത്. എന്നാൽ, ഈ മാറ്റങ്ങൾ സ്ലോ ആക്കിയാൽ, നമ്മുടെ വരുതിയിൽ നിർത്താം'
ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഡോ.കെ ശിവൻ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേൽക്കുന്നത്. എം.ജി.കെ മേനോൻ, കെ കസ്തൂരിരംഗൻ, മാധവൻ നായർ, രാധാകൃഷ്ണൻ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികൾ. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകൽപനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നിൽ.
സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ൽ പുതു തലമുറ വിക്ഷേപണ വാഹനമായ എൽ.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനമായ ജിഎസ്എൽവി മാർക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായും അദ്ദേഹം ചുമതല വഹിച്ചിരുന്നു.
പി.എസ്.എൽ.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐഎസ്ആർഒയിൽ ജോലിയിൽ പ്രവേശിച്ച അദ്ദേഹം പി.എസ്.എൽ.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു. 2015-ൽ എൽ.പി.എസ്.സി. ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യൻ ക്രയോജനിക് ഘട്ടങ്ങൾ സാധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നൽകുകയും ചെയ്തു. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എൻജിനീയറിങ്ങിൽ വിദഗ്ദ്ധനായ സോമനാഥ്, പി.എസ്.എൽ.വി.യുടെയും ജിഎസ്എൽവി. മാർക്ക് മൂന്നിന്റെയും രൂപകൽപന, പ്രൊപ്പൽഷൻ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് പൂർത്തിയാക്കിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് എയ്റൊ സ്പേസ് എൻജിനീയറിങ്ങിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.
മറുനാടന് മലയാളി ബ്യൂറോ