ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് തലയ്ക്കു പരുക്കേറ്റ് ആശുപത്രിയിൽ. ബിഗ്ബോസ് റിയാലിറ്റി ഷോക്കിടയിലാണു കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു ശ്രീ സ്വയം പരുക്കേൽപ്പിച്ചത്. ഷോയുടെ സമൂഹമാധ്യമ പേജിലൂടെയാണ് അണിയറ പ്രവർത്തകർ ഇക്കാര്യം അറിയിച്ചത്.

ഷോയിലെ മറ്റൊരു മത്സരാർഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സൽമാൻ ഖാൻ ശാസിച്ചിരുന്നു. ഇതേത്തുടർന്ന് കുളിമുറിയിൽ കയറിയിരുന്ന് ശ്രീ കരയാനും തുടങ്ങി. ദേഷ്യം നിയന്ത്രിക്കാനാവാതെ വന്ന ശ്രീശാന്ത് സ്വന്തം തല കുളിമുറിയുടെ ചുമരിൽ ഇടിക്കുകയായിരുന്നു. തുടർന്ന് ശ്രീശാന്തിന് എന്തു സംഭവിച്ചുവെന്നറിയാതെ ആരാധകർ ആകാംക്ഷഭരിതരായിരുന്നു. ഇതിനുശേഷമാണു ശ്രീ സുഖമായിരിക്കുന്നു എന്നറിയിച്ചു ഭാര്യ ഭുവനേശ്വരിയുടെ ട്വീറ്റ് വന്നത്.

''ശ്രീശാന്തിനെ ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നു വായിച്ചപ്പോൾ ഞാൻ വളരെയധികം പേടിച്ചു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാൽ പരിശോധിക്കാനും എക്സ് റേ എടുക്കാനുമായി ആശുപത്രിയിൽ കൊണ്ടുപോയി. ഇപ്പോൾ അദ്ദേഹം തിരിച്ചെത്തി. പേടിക്കാൻ ഒന്നുമില്ല. നിങ്ങളുടെ സ്നേഹത്തിനും അന്വേഷണത്തിനും നന്ദി'' ഭുവനേശ്വരി ട്വീറ്റ് ചെയ്തു.

നേരത്തെ ശ്രീശാന്തിനെ പരിഹസിച്ച രാജ് കുന്ദ്രയ്ക്കു മറുപടിയുമായി ഭുവനേശ്വരി രംഗത്തെത്തിയിരുന്നു. കുന്ദ്രയോടു ആദ്യം പ്രതിഫലം തന്നു തീർക്കാൻ ആവശ്യപ്പെട്ട ഭുവനേശ്വരി ഐപിഎൽ വാതുവെയ്പ് കേസിൽ കുറ്റക്കാരനല്ലെന്നു കണ്ടു ശ്രീശാന്തിനെ കോടതി വെറുതെ വിട്ട കാര്യവും എടുത്തു പറഞ്ഞിരുന്നു. ഷോയിൽ ശ്രീശാന്തിന്റെ പ്രകടനവും പരാമർശങ്ങളും പലപ്പോഴും വിവാദമായിട്ടുണ്ട്. മറ്റുമത്സരാർഥികളോടുള്ള പെരുമാറ്റത്തിന്റെ പേരിൽ ശ്രീയെ അവതാരകനായ സൽമാൻ ഖാൻ മുൻപും വിമർശിച്ചിട്ടുണ്ട്. ഷോയിലെ യഥാർഥ വില്ലൻ എന്നാണ് ഒരിക്കൽ സൽമാൻ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്.