തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ ഫോൺകെണിക്കേസിൽ താൻ ജോലി നോക്കുന്ന മംഗളം ടെലിവിഷനിൽ നിന്ന് നീതി തേടി കേസിലെ മൂന്നാം പ്രതിയും സീനിയൽ ന്യൂസ് എഡിററുമായ എസ്.വി.പ്രദീപ് നാളെ മുതൽ അനിശ്ചിതകാല സമരം തുടങ്ങുന്നു. മംഗളം ടെലിവിഷൻ ഓഫീസിന് പുറച്ചെ തെരുവിൽ ഗാന്ധിയൻ മാതൃകയിലാണ് സമരമെന്ന് പ്രദീപ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫോൺകെണിക്കേസ് സംബന്ധിച്ച് സിബിഐ അന്വേഷണം തേടി ഒരു ഹർജിയും, തിരുവനന്തപുരം സിജെഎം കോടതിയിൽ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജിയും പരിഗണനയിലാണ്.ഈ കേസുകൾ പിൻവലിക്കണമെന്ന് മംഗളം സിഇഒ അജിത് കുമാർ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.കൂടാതെ കഴിഞ്ഞ ആഴ്ച സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ വാർത്താവായനാ സമയത്ത് സ്ത്രീ ആങ്കർമാരുടെ മുമ്പിൽ നിന്ന് ലാപ്‌ടോപ്പുകൾ എടുത്തുമാറ്റുന്നതായ പരാതിയെ പ്രദീപ് പിന്തുണച്ചിരുന്നു.ഡിസംബർ മുതൽ ലഭിക്കാതിരുന്ന ശമ്പളം ആവശ്യപ്പെട്ട് എംഡി അടക്കമുള്ളവർക്ക് പരാതി നൽകുകയും ചെയ്തു.തുടർന്ന് തന്നെ ്‌സഥലം മാററിയെന്ന് തമ്പാനൂർ സബ്ഇൻസ്പക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.ഈ സാഹചര്യത്തിലാണ് എസ്.വി.പ്രദീപ് അരിസ്റ്റോ ജംഗ്ഷനിലെ മംഗളം ടെലിവിഷൻ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം തുടങ്ങുന്നത്. സമരത്തിന് സുരക്ഷ ആവശ്യപ്പെട്ടാണ് പ്രദീപിന്റെ കത്ത്.

പ്രദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

'മാധ്യമ പ്രവർത്തകൻ സ്വന്തം ഇടത്തിൽ ഒറ്റപ്പെട്ടവനോ? നേർച്ച കോഴിയോ?
ശീതീകരിച്ച മുറിയിൽ ആർക്ക് ലൈറ്റിൽ കോട്ടും ടൈയും കെട്ടി അധികാരികളുടെ അനീതിക്കെതിരെ ആക്രോശിക്കുന്നവൻ മാത്രമോ? സ്വന്തം ഇടത്തിലെ അനീതിക്കെതിരെ പോരാടിയാൽ അവന് ക്യാപിറ്റൽ പണിഷ്‌മെന്റോ?

എസ് വി പ്രദീപ് എന്ന മാധ്യമപ്രവർത്തകൻ നാളെ മുതൽ തെരുവിലേക്ക്...തിരുവനന്തപുരം അരിസ്റ്റോ ജംഗ്ഷന് സമീപം മംഗളം ടെലിവിഷൻ ഓഫീസിന് പുറത്തെ തെരുവിൽ...ആർക്കും ഉപദ്രവമുണ്ടാക്കാതെ ഒരു തടസവും ഉണ്ടാക്കാതെ നീതി തേടി ഗാന്ധിയൻ മാതൃകയിൽ അനിശ്ചിതകാല സമരം....എന്തിന് വേണ്ടി ? വിശദാംശങ്ങൾ നാളെ രാവിലെ.....'

അതിനിടെ, മന്ത്രി എ.കെ.ശശീന്ദ്രന് എതിരായ ഫോൺ കെണിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മംഗളം ടെലിവിഷന്റെ കോർഡിനേറ്റിങ് എഡിറ്റർ എം.ബി.സന്തോഷും കക്ഷി ചേർന്നു.മംഗളം ടെലിവിഷന്റെ ആദ്യ ദിവസം സംപ്രേഷണം ചെയ്ത മന്ത്രി എ കെ ശശീന്ദ്രന് എതിരായ വാർത്തയുടെ യാഥാർഥ്യം പുറത്തു വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തികച്ചും ന്യായമാണ്. ഈ ആവശ്യമുന്നയിച്ച് എന്റെ സഹപ്രവർത്തകൻ എസ് വി പ്രദീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ താനും കക്ഷി ചേരുകയാണെന്നാണ് എം.ബി.സന്തോഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

പോസ്റ്റിന്റെ പൂർണരൂപം:

'മംഗളം ടെലിവിഷന്റെ ആദ്യ ദിവസം സംപ്രേഷണം ചെയ്ത മന്ത്രി എ കെ ശശീന്ദ്രന് എതിരായ വാർത്തയുടെ യാഥാർഥ്യം പുറത്തു വരേണ്ടതുണ്ട്. അതുകൊണ്ടുതന്നെ ഇതെപ്പറ്റി സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തികച്ചും ന്യായമാണ്, ഈ ആവശ്യമുന്നയിച്ച് എന്റെ സഹപ്രവർത്തകൻ എസ്.വി പ്രദീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഞാനും കക്ഷി ചേരുകയാണ്. ശശീന്ദ്രനെതിരെ തിരുവനന്തപുരം സി ജെ എം കോടതിയിൽ ഉണ്ടായിരുന്ന പരാതി പിൻവലിക്കുന്നതിന് എതിരായ ഹൈക്കൊടതിയിലെ ഹർജിയിലും കക്ഷി ചേരാൻ തീരുമാനിച്ചിട്ടുണ്ട്. സത്യം പുറത്തു വന്നാൽ ഏറ്റവും ഗുണം മംഗളം എന്ന ബ്രാന്റിനു ആയിരിക്കും. അതിനാൽ ഈ ഉദ്യമത്തിന് മംഗളം മാനജേമെന്റിന്റെ എല്ലാ പിൻതുണയും അഭ്യർത്ഥിച്ചിട്ടുണ്ട്

ഫോൺകെണിക്കേസിൽ മന്ത്രി എ കെ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. കേസ് ഒത്തുതീർപ്പാക്കരുതെന്ന പൊതു താൽപര്യ ഹർജി കോടതി തള്ളി.പരാതിയില്ലെന്ന യുവതിയുടെ ഹർജി പരിഗണിച്ചാണ് കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. പരാതിയില്ലെന്ന് ചാനൽപ്രവർത്തക കോടതി മുമ്പാകെ വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

മന്ത്രി ഔദ്യോഗിക വസതിയിൽ വെച്ച് അപമര്യാദയായി ആരും പെരുമാറിയിട്ടില്ലെന്നും ചാനൽ പുറത്തുവിട്ട ശബ്ദ ശകലത്തിലുള്ളത് ശശീന്ദ്രന്റെ ശബ്ദമാണെന്ന് ഉറപ്പില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.