ഹാപോഹങ്ങൾക്കും ചോർത്തിയെടുത്ത വിവരങ്ങൾക്കും തൽക്കാലം വിട. സാംസങ് അവരുടെ ഏറ്റവും പുതിയ ഉത്പന്നമായ ഗാലക്‌സി എസ്7-നും എസ്7 എഡ്ജും പുറത്തിറക്കിയിരിക്കുന്നു. ബാഴ്‌സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസ്സിലാണ് പുതിയ മോഡലുകൾ സാംസങ് അവസരിപ്പിച്ചിട്ടുള്ളത്.

പഴയ ഗാലക്‌സി ഫോണുകളെക്കാൾ വലിയ സക്രീനാണ് എഡ്ജിനുള്ളത്. അഞ്ചര ഇഞ്ചാണ് വലിപ്പം. എസ്7 ഫോണിന് 5.1 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീനും. എസ്6-നെയും എസ്6 എജ്ഡിനെയും അപേക്ഷിച്ച് കൂടുതൽ സംവിധാനങ്ങളും പുതിയ ഫോണിലുണ്ട്. വാട്ടർ റെസിസ്റ്റന്റാണ് പുതിയ മോഡലുകൾ. അഞ്ചടി താഴ്ചയുള്ള വെള്ളത്തിൽ അരമണിക്കൂറോളം മുങ്ങിക്കിടക്കുകയാണെങ്കിലും ഫോണിൽ വെള്ളം കയറില്ല.

200 ജിബിവരെ എക്‌സ്റ്റേണൽ മെമ്മറി കൂട്ടാനുള്ള സംവിധാനവും എസ്7-ൽ ഉണ്ട്. നാല് ജിബി റാമുള്ള ഫോൺ പ്രവർത്തന ക്ഷമതയിൽ മറ്റേത് എസ് ശ്രേണിയിൽപ്പെട്ട ഫോണുകളെയും പിന്തള്ളും. ഫോൺ എത്രനേരം ഉപയോഗിച്ചാലും ചൂടാകാതിരിക്കാൻ ഉള്ളിൽ എയർ കണ്ടീഷനിങ് സംവിധാനവും ഉപയോഗിച്ചിട്ടുണ്ട്.

എല്ലായ്‌പ്പോഴും ഉണർന്നിരിക്കുന്ന ഡിസ്‌പ്ലേ സ്‌ക്രീനാണ് പുതിയ മോഡലിനുള്ളത്. എന്നാൽ, 'ഓൾവെയ്‌സ് ഓൺ' സംവിധാനം ബാറ്ററിയെ ബാധിക്കില്ല. കൂടുതൽ സമയം നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ഇതിലുള്ളത്. തീയതി, സമയം തുടങ്ങിയ അടിസ്ഥാന വിവരങ്ങളാകും എല്ലായ്‌പ്പോഴും സ്‌ക്രീനിൽ തെളിഞ്ഞുനിൽക്കുക.

അതിവേഗത്തിൽ ഫോട്ടോ പകർത്താൻ സഹായിക്കുന്ന ഡ്യുവൽ സെൻസർ സംവിധാനമുള്ള ക്യാമറയാണ് എസ്7-ന്റെ സവിശേഷത. വ്യത്യസ്ത വസ്തുക്കളിലേക്ക് ഫോക്കസ് മാറ്റുന്നതിനും വെളിച്ചം കുറഞ്ഞ അവസരങ്ങളിൽപ്പോലും വേഗം ചിത്രം പകർത്താനു ഇരട്ട ലെൻസ് സംവിധാനം സഹായിക്കും. ഈ സംവിധാനം ഉപയോഗിക്കുന്ന ലോകത്തെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് എസ്7 എന്ന് സാംസങ് അവകാശപ്പെടുന്നു. എസ്6-ൽ ക്യാമറ ഫോണിൽനിന്ന് പുറത്തേയ്ക്ക് തള്ളിനിന്നിരുന്നെങ്കിൽ, ആ കുറവും എസ്7-ൽ പരിഹരിച്ചിട്ടുണ്ട്.