ന്യൂഡൽഹി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഡേവിഡ് മില്ലറുടെയുംറാസി വാൻഡർ ഡസ്സന്റെയും ബാറ്റിങ് വെടിക്കെട്ടിന്റെ കരുത്തിൽ ഇന്ത്യയെ കീഴടക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 212 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നൽ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. 45 പന്തിൽ 75 റൺസെടുത്ത റാസി വാൻഡർ ഡസ്സൻ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. 31 പന്തിൽ 64 റൺസെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. സ്‌കോർ ഇന്ത്യ 20 ഓവറിൽ 211-4, ദക്ഷിണാഫ്രിക്ക ഓവറിൽ 19.1 ഓവറിൽ 212-3.

ടി20യിൽ തുടർച്ചയായി 12 ജയങ്ങൾ നേടിയ ഇന്ത്യയുടെ വിജയ പരമ്പരക്കു കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്നത്തെ തോൽവി ഫുൾ സ്റ്റോപ്പിട്ടത്. ടി20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.

ഇന്ത്യയുടെ കൂറ്റൻ സ്‌കോറിന് മുന്നിൽ തുടക്കത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റി. മൂന്നാം ഓവറിൽ ക്യാപ്റ്റൻ തെംബാ ബാവുമയെ(10) മടക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. എന്നാൽ കിന്റൺ ഡീ കോക്കും വൺ ഡൗണായി എത്തിയ ഡ്വയിൻ പ്രിട്ടോറിയസും തകർത്തടിച്ചതോടെ ദക്ഷിണാഫ്രിക്ക കുതിച്ചു. 13 പന്തിൽ 29 റൺസടിച്ച പ്രിട്ടോറിയസ് നാല് സിക്‌സും ഒരു ഫോറും പറത്തി. ഡികോക്കിനെ(22) അഖ്‌സറും പ്രിട്ടോറിയസിനെ(29) ഹർഷൽ പട്ടേലും മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ പിടി അയയുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല.

ഐപിഎല്ലിലെ മികച്ച ഫോം ദക്ഷിണാഫ്രിക്കക്കായും തുടർ ഡേവിഡ് മില്ലർ ക്രീസിലെത്തിയപാടെ അടി തുടങ്ങിയതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. അക്‌സർ പട്ടേലിനെയും ഹർഷൽ പട്ടേലിനെയും സിക്‌സുകൾക്ക് പറത്തി മില്ലർ ദക്ഷിണാഫ്രിക്കയെ ലക്ഷ്യത്തിലേക്ക് നയിച്ചു. 22 പന്തിൽ അർധസെഞ്ചുറിയിലെത്തിയ ഡേവിഡ് മില്ലർ 31 പന്തിൽ 64 റൺസുമായി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതാണ് മില്ലറുടെ ഇന്നിങ്‌സ്.

പതുക്കെ തുടങ്ങിയ വാൻഡർ ദസ്സൽ ആദ്യ 32 പന്തിൽ 30 റൺസ് മാത്രമാണ് എടുത്തിരുന്നത്. എന്നാൽ ഹർഷൽ പട്ടേൽർ എറിഞ്ഞ പതിനേഴാം ഓവറിൽ മൂന്ന് സിക്‌സും ഒരു ഫോറും അടക്കം 22 റൺസടിച്ച ഡസ്സൻ 37 പന്തിൽ അർധസെഞ്ചുറിയിലെത്തി. ഹർഷൽ പട്ടേലൽ എറിഞ്ഞ പതിനേഴാം ഓവറിൽ 22 റൺസടിച്ച ദക്ഷിണാഫ്രിക്ക ഭുവനേശ്വർ കുമാർ എറിഞ്ഞ പതിനെട്ടാം ഓവറിലും 22 റൺസടിച്ചു ലക്ഷ്യത്തിലേക്ക് വേഗം അടുത്തു.

ഐപിഎല്ലിൽ തിളങ്ങിയ യുസ്വേന്ദ്ര ചാഹൽ 2.1 ഓവറിൽ 26 റൺസ് വഴങ്ങി നിരാശപ്പെടുത്തിയപ്പോൾ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും നാലോവറിൽ 43 റൺസിന് ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെയുംവൈസ് ഹാർദ്ദിക് പാണ്ഡ്യ, ക്യാപ്റ്റൻ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടിന്റെയും കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. 48 പന്തിൽ 76 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നീണ്ട ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ ഹാർദ്ദിക് പാണ്ഡ്യ 12 പന്തിൽ 31റൺസെടുത്തു.

ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയതോടെ ഇന്ത്യക്ക് നഷ്ടടമായത് അപൂർവ റെക്കോർഡ്. ടി20 ക്രിക്കറ്റിൽ 13 തുടർജയങ്ങൾ നേടുന്ന ആദ്യ ടീമെന്ന റെക്കോർഡാണ് ആദ്യ മത്സരത്തിലെ തോൽവിയോടെ ഇന്ത്യക്ക് കൈയകലത്തിൽ നഷ്ടമായത്. ആദ്യ ടി20 മത്സരത്തിനിറങ്ങുമ്പോൾ 12 തുടർ ജയങ്ങളുമായി അഫ്ഗാനിസ്ഥാന്റെയും റുമാനിയയുടെയും റെക്കോർഡിനൊപ്പമായിരുന്നു ഇന്ത്യ.

എന്നാൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ റിഷഭ് പന്ത് തോറ്റ് കയറിയതോടെ ഇന്ത്യക്ക് റെക്കോർഡ് സ്വന്തമാക്കാനായില്ല. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലെയും ദക്ഷിണാഫ്രിക്കക്കെതിരെയുമുള്ള ഏറ്റവും ഉയർന്ന സ്‌കോർ കുറിച്ചിട്ടും ഇന്ത്യൻ ബൗളർമാർ ഡേവിഡ് മില്ലറുടെയും റാസി വൻഡർ ഡസ്സന്റെയും ആറാട്ടിന് മുന്നിൽ നിസഹായരായി.

കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ പാക്കിസ്ഥാനോടും ന്യൂസിലൻഡിനോടും തോറ്റശേഷം ടി20യിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണ് ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ. ലോകകപ്പിൽ സെമി കാണാതെ പുറത്തായെങ്കിലും ഗ്രൂപ്പ് ഘട്ടത്തിൽ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ അഫ്ഗാനിസ്ഥാൻ, നമീബിയ, സ്‌കോട്ലൻഡ് ടീമുകളെ തോൽപ്പിച്ചു.

ടി20 ലോകകപ്പിനുശേഷം ക്യാപ്റ്റൻസി ഏറ്റെടുത്ത രോഹിത് ശർമക്ക് കീഴിൽ ഇന്ത്യ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക ടീമുകൾക്കെതിരെ നാട്ടിൽ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരകൾ തൂത്തുവാരി 12 തുടർ ജയങ്ങളെന്നെ റെക്കോർഡിന് ഒപ്പമെത്തി.
എന്നാൽ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര തുടങ്ങിയ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളുമായി ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങി ഇന്ത്യക്ക് ആദ്യ മത്സരത്തിൽ അടിതെറ്റി.

ഇന്ത്യ റെക്കോർഡ് കൈവിട്ടപ്പോൾ ടി20യിലെ തങ്ങളുടെ ഏറ്റവും ഉയർന്ന റൺചേസ് നടത്തി ദക്ഷിണാഫ്രിക്ക റെക്കോർഡിട്ടു. 2007ൽ ജൊഹാനസ്ബർഗിൽ വെസ്റ്റ് ഇൻഡിസിനെതിരെ 206 റൺസ് പിന്തുടർന്ന് ജയിച്ചതായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഇഥുവരെയുള്ള ഏറ്റവും ഉയർന്ന റൺചേസ്.