ന്യൂഡൽഹി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഇഷാൻ കിഷന്റെയും വൈസ് ഹാർദ്ദിക് പാണ്ഡ്യ, ക്യാപ്റ്റൻ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടിന്റെയും കരുത്തിൽ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. 48 പന്തിൽ 76 റൺസെടുത്ത ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നീണ്ട ഇടവേളക്കുശേഷം ടീമിൽ തിരിച്ചെത്തിയ ഹാർദ്ദിക് പാണ്ഡ്യ 12 പന്തിൽ 31റൺസെടുത്തു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഇഷാൻ കിഷനും റുതുരാജ് ഗെയ്ക്വാദും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ ഇരുവരും ചേർന്ന് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 51 റൺസിലെത്തിച്ചു. പവർ പ്ലേക്ക് പിന്നാലെ ഗെയ്ക്വാഗിനെ(16 പന്തിൽ 23) വെയ്ൻ പാർണൽ മടക്കി ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. എന്നാൽ രണ്ടാം വിക്കറ്റിൽ കിഷനും ശ്രേയസ് അയ്യരും ചേർന്ന് 80 റൺസ് കൂട്ടുകെട്ടുയർത്തി ഇന്ത്യയെ വമ്പൻ സ്‌കോറിലേക്ക് നയിച്ചു. കേശവ് മഹാരാജിനെ സിക്‌സിന് പറത്തി 37 പന്തിൽ അർധസെഞ്ചുറി തികച്ച കിഷൻ അനിതുശേഷം 11 പന്തിൽ 28 റൺസടിച്ചു. പതിമൂന്നാം ഓവറിൽ കേശവ് മഹാരാജിനെതിരെ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി 20 റൺസടിച്ച കിഷനെ അതേ ഓവറിൽ മഹാരാജ് മടക്കി.

പതിനേഴാം ഓവറിൽ ശ്രേയസ് അയ്യരെ(27 പന്തിൽ 36) വീഴ്‌ത്തി പ്രിട്ടോറിയസ് ദക്ഷിണാഫ്രിക്കയ്ക്ക് മൂന്നാം വിക്കറ്റ് സമ്മാനിച്ചു. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യൻ കുപ്പായത്തിൽ ആദ്യമായിറങ്ങിയ ഹാർദ്ദിക് പാണ്ഡ്യയാണ് പിന്നീട് ക്രീസിലെത്തിയത്. പാണ്ഡ്യയും റിഷഭ് പന്തും അവസാന ഓവറിൽ വെടിക്കെട്ടുമായി തകർത്തടിച്ചതോടെ ഇന്ത്യ പത്തൊമ്പതാം ഓവറിൽ 200 കടന്നു. അവസാന നാലോവറിൽ 55 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. ഇരുപതാം ഓവറിലെ അവസാന പന്തിൽ പന്ത്(16 പന്തിൽ 29) വീണെങ്കിലും ഒരു സിക്‌സ് കൂടി പറത്തി പാണ്ഡ്യ ഇന്ത്യയെ 211ൽ എത്തിച്ചു. ഒരു റണ്ണുമായി ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു. .നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.