സൗത്ത് ഓസ്‌ട്രേലിയയിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർന്ന് വന്ന കാറ്റിനും മഴയ്ക്കും താത്കാലിക ശമനം. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്നുവന്ന കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് വിതച്ചത്. ഇനിയും രാജ്യത്ത് കാറ്റടിക്കുമെന്നും മഴ പെയ്യുമെന്നുമാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിച്ചിരിക്കുന്നത്. മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് വിവിധ റോഡുകളിൽ യാത്രാതടസമുണ്ടാകാനും സാധ്യതയുണ്ട്.

പ്രതികൂലമായ കാലാവസ്ഥ കണക്കിലെടുത്ത് ബ്യൂറോ ഓഫ് മെറ്റീരിയോളജി അഡലെയ്ഡ് മെട്രോ ഏരിയ, മൗണ്ട് ലോഫ്റ്റി റേഞ്ചസ്, ലോവർ എയ്റെ പെനിൻസുല, യോർക്ക് പെനിൻസുല, കംഗാരു ഐസ്ലാൻഡ്, മിഡ് നോർത്ത്, മുറേലാൻഡ്സ്, അപ്പർ സൗത്ത് ഈസ്റ്റ്, ലോവർ സൗത്ത് ഈസ്റ്റ് , ഈസ്റ്റേൺ ഐറി പെനിൻസുല, റിവർലാൻഡ് ഡിസ്ട്രിക്ട്സ് എന്നിവിടങ്ങളിൽ കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.

രാജ്യത്ത് വീശിയടിച്ച കാറ്റിലും നിരവധി വീടുകൾ ഇരുട്ടിലായിരുന്നു. പതിനായിരക്കണക്കിന് വീടുകളിൽ വൈദ്യുതി ഇതുവരെ പുനഃസ്ഥാപിക്കാനായിട്ടില്ല. 120 കിലോമീറ്റർ വേഗതയിലാണ് കംഗാരു ദ്വീപിലും യോർക്ക് പെനിൻസുലയിലും ചുഴലിക്കാറ്റ് വീശിയടിച്ചത്.മഴയെ തുടർന്ന് സൗത്ത് ഓസ്ട്രേലിയയിലെ നിരവധി റോഡുകളും വിവിധ പ്രദേശങ്ങളും വെള്ളത്തിനടിയി ലാണ്. പല റോഡുകളിലൂടെയുമുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലുള്ള പാർക്കുകളും ബീച്ചുകളും അടച്ചു. കനത്ത മഴയും വേഗതയേറിയ കാറ്റും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കു തടസമാകുകയാണ്.