തിരുവനന്തപുരം: വയലിനിൽ വിസ്മയങ്ങൾ തീർത്ത ബാലഭാസ്‌കറിന്റെ വേർപാടിന്റെ ഞെട്ടലിൽ നിന്നും മലയാളികൾ ഇനിയും മോചിതരായിട്ടില്ല. ബാലുവിന്റെ അന്ത്യയാത്രയുടെ വേളയിൽ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിച്ച ഒരു പോസ്റ്റർ ചർച്ചാവിഷയമായി. അപകടം സംഭവിച്ച പശ്ചാത്തലത്തിൽ, ബെംഗളൂരുവിൽ ബാലു ചെയ്യാമെന്ന് ഏറ്റെടുത്ത സംഗീത പരിപാടിയിൽ പകരക്കാരനായി ശബരീഷ് പ്രഭാകർ എന്ന യുവ സംഗീതജ്ഞനെ നിയോഗിച്ചതാണ് തർക്കവിഷയം. ബാലുവിന്റെയും ശബരീഷിന്റെയും വയലിൻ വായിക്കുന്ന പോസ്റ്ററുകൾ ചേർത്തുവച്ച് പകരക്കാരനിപ്പോൾ റെഡിയാണ്...ഇത്രേയുള്ളു ജീവിതം എന്ന കമന്റോടെയായിരുന്നു അതിവൈകാരികമായ ഫേസ്‌ബുക്ക് പോസ്റ്റ്. വൈകാരികമായ അന്തരീക്ഷത്തിൽ കഥയറിയാതെ പലരും ശബരീഷിനെ കുറ്റപ്പെടുത്തി കമന്റുകൾ ഇട്ടു. എനാൽ, യാഥാർഥ്യം എന്തെന്ന് വിശദീകരിച്ച് ശബരീഷ് ഫേസ്‌ബുക്ക് ലൈവിലെത്തി. പ്രസ്‌ക്ത ഭാഗങ്ങൾ ഇങ്ങനെ:

'എന്നെ കുറിച്ചും ബാലുച്ചേട്ടനെയും പറ്റിയും ചേർത്ത് വച്ചൊരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി. ഞാൻ ഒരിക്കലും ആർക്കും പ്രത്യേകിച്ചും..എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുച്ചേട്ടൻ. നിങ്ങൾക്കെല്ലാവർക്കുള്ളതുപോലെ അതിന്റെ ഇരട്ടിയിലിരട്ടിയിലേറെ വിഷമം എനിക്കുണ്ട്. എന്റെ ജീവിതത്തിൽ വയലിൻ വായിച്ചുതുടങ്ങിയ കാലം മുതലുള്ള ഇൻസ്പിറേഷനാണ്. ഞാൻ വെറും ഒരു കർണാടക സംഗീതജ്ഞനാണ്..കർണാടക സംഗീതം മാത്രം വായിച്ചിരുന്ന വ്യക്തിയാണ്. ഇതിന് ഇങ്ങനെയൊരു സാധ്യത ഉണ്ടെന്ന് എന്റെ മുന്നിൽ തെളിയിച്ചുതന്നത് എന്റെ ബാലുവേട്ടനാണ്.

എന്താണ് ആ പോസ്റ്റർ ഇത്ര വൈറലാവാൻ കാരണമെന്നാണ് ഞാൻ ഇത്രയും നേരമായി ആലോചിച്ചുകൊണ്ടിരിക്കുന്നത്. കുറെ പേരുടെ കമന്റ് പകരക്കാരനിപ്പോൾ റെഡിയാണ്..ഇത്രേയുള്ളു ജീവിതം. ഞാൻ പകരമാകുമോ ബാലുച്ചേട്ടന്..അതെന്തൊരു പോസ്റ്റാണത്? ഒരിക്കലും ഞാൻ ബാലുച്ചേട്ടന് പകരമാവില്ല. ഹീ ഈസ് ലെജൻഡ്. ബാലുച്ചേട്ടൻ എന്ന് പറയുന്നത് ഒരു അവതാരമാണ്.

ഒക്ടോബർ ഏഴിന് ബെംഗളൂരുവിൽ നടക്കേണ്ട ഷോ ബാലുച്ചേട്ടൻ കമ്മിറ്റ് ചെയ്തതാണ്. ബാലുച്ചേട്ടന് അപകടം സംഭവിച്ചപ്പോൾ അദ്ദേഹത്തിന്റെ ഫാമിലി എല്ലാവരും അറിഞ്ഞുകൊണ്ടാണ് ഞാൻ ഈ ഷോ ഏറ്റെടുക്കുന്നത്. നമ്മുടെ ഫാമിലിയിൽ ഒരാൾക്ക് ബുദ്ധിമുട്ട് വന്നാൽ ചെയ്തുകൊടുക്കേണ്ട ബാധ്യത. ഞാനൊരു അനിയനാണ് അദ്ദേഹത്തിന്. പിന്നെ പറയുന്നത് കാശിന് വേണ്ടിയാണ് ഞാൻ അത് ഏറ്റെടുത്തതെന്ന്. നിങ്ങൾക്കെല്ലാവർക്കും അറിയാത്ത വലിയൊരു മനുഷ്യസ്‌നേഹിയായ ബാലുച്ചേട്ടൻ അതിനകത്തുണ്ട്. ബാലുച്ചേട്ടൻ അതൊരു വിത്തൗട്ട് പ്രോഫിറ്റ് ചെയ്തുകൊടുക്കുന്ന ഷോയാണ്. പോസ്റ്റർ വൈറലാക്കിയവർ അതുവായിച്ചാൽ മാത്രം മതി...അതിലെഴുതിയിട്ടുണ്ട്. ഫണ്ട് റെയ്‌സിങ് ഫോർ കേരള ആൻഡ് കുടക് റീബിൽഡിങ് എന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെയ്തുകൊടുക്കുന്ന പ്രോഗ്രാം ആണത്. ഇങ്ങനെയൊരു ഷോ നടക്കാണ്ടിരിക്കണോ. നിങ്ങൾ പറയൂ..!ഒരു മലയാളി എന്ന നിലയിൽ അത് അംഗീകരിക്കാൻ കഴിയില്ല.

ആ ഒരു പ്രോഗ്രാം അദ്ദേഹത്തിന്റെ അനിയൻ എന്ന നിലയ്ക്ക് ..കലാകാരൻ എന്ന നിലയ്ക്ക് എനിക്ക് അറിയാവുന്ന ചെറിയ സംഗീതം വച്ചുചെയ്യുകയാണ്. ഇങ്ങനെയുള്ള ഒരു കാര്യം ഇങ്ങനെ എങ്ങനെയാണ് പറയാൻ കഴിയുക..ഷെയർ ചെയ്യാൻ കഴിയുക എന്നാണ് ആലോചിക്കുന്നത്. ആരെയും കുറ്റപ്പെടുത്തുന്നില്ല. വൈകാരികമായ മൊമന്റിൽ കാണാൻ പാടില്ലാത്ത കാഴ്ചയാണ് കണ്ടതെന്ന് വിചാരിക്കാം. ഈ ഒരു മൊമന്റിൽ ഇങ്ങനെ ചേർത്ത് വച്ചൊരു പോസ്റ്റർ ഇറക്കേണ്ട ആവശ്യമില്ല. ഇത് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് വാളിൽ അദ്ദേഹം ഷെയർ ചെയ്തതാണ്. ഇതിന്റെ ടിക്കറ്റ്‌സ് എല്ലാം സെല്ലായിരുന്നു. സംഘാടർക്ക് മാറ്റി വയ്ക്കാൻ ഒരുനിർവ്വാഹവുമില്ല. അതൊരുപാട് സ്‌പോൺസേഴ്‌സ് വന്നതാണ് അത് നടത്തുന്നവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളു.'