- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എപ്പോഴും ചിരിച്ച മുഖം, ഒരു ദുശ്ശീലവുമില്ല; വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നടൻ; ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസൻ കൊണ്ടുപോയെന്ന് ബാലാജി ശർമ; തനിക്കു സമനില തെറ്റിയ അവസ്ഥയായിപ്പോയെന്ന് നടൻ മനോജ്; ആദരാഞ്ജലിയുമായി ആസിഫ് അലിയും ഗിന്നസ് പക്രുവും; ശബരീനാഥിന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ വിറങ്ങലിച്ച് സീരിയൽ-സിനിമാലോകം
തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശബരീനാഥ് ഇന്നലെ വൈകീട്ടോടെയാണ് വീട്ടുനടുത്ത് ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത്. കളിക്കുന്നതിനിടെ ക്ഷീണം തോന്നി അൽപനേരം മാറിയിരിക്കുകയും തുടർന്ന് വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോൾ കുഴഞ്ഞുവീഴുകയുമായിരുന്നു. മൂക്കിൽനിന്നും ചോര വാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റിനെ തുടർന്നാണ് മരണം സംഭവിച്ചിരിക്കുന്നത്.
''എപ്പോഴും ചിരിച്ച മുഖം, ഒരു ദുശ്ശീലവുമില്ല, വ്യായാമം ദിനചര്യയായി കൊണ്ട് നടന്നിരുന്ന നമ്മുടെയെല്ലാം ശബരിയെ മരണമെന്ന നീതിയില്ലാ രാക്ഷസൻ കാർഡിയാക് അറസ്റ്റിന്റെ രൂപത്തിൽ കൊണ്ടുപോയി.... ഒരു നീതിയുമില്ല... താങ്ങാനാവുന്നില്ല.... വിശ്വാസം വരുന്നില്ല.... സഹൊ മറക്കിലൊരിക്കലും... കണ്ണീർ പ്രണാമം'' എന്നാണ് ബാലാജി ശർമ്മ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.''നേരിട്ട് പരിചയപ്പെട്ടിട്ടില്ല, പക്ഷേ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഈ കലാകാരന്റെ ശബ്ദമാവാൻ സാധിച്ചിരുന്നു. വിശ്വസിക്കാൻ പറ്റുന്നില്ല'' എന്ന് സംവിധായകൻ സൈജു കുറിച്ചു. ''മരണമെ, നീയെവിടേക്കാണ് കൊണ്ടു പോകുന്നത്, വിട'' എന്നാണ് എം.ബി. പത്മകുമാറിന്റെ വാക്കുകൾ.
ശബരിനാഥിന്റെ അപ്രതീക്ഷിതമായ വിടവാങ്ങൽ ഉൾക്കൊള്ളാൻ ആവുന്നില്ലെന്ന് നടൻ മനോജ്. ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് ശബരിനാഥിന്റെ മരണ കാരണം. ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പറഞ്ഞത് കേട്ടപ്പോൾ സമനില തെറ്റിയ അവസ്ഥയായിരുന്നു തനിക്ക് എന്നാണ് മനോജ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
മനോജിന്റെ കുറിപ്പ് ഇങ്ങനെയാണ്
ഇന്നലെ രാത്രി ഏതാനും മണിക്കൂർ എനിക്കു സമനില തെറ്റിയ അവസ്ഥയായിരുന്നു. എന്റെ ശബരി ഈ ലോകം വിട്ടു പോയെന്ന് ആരൊക്കെയോ പുലമ്പുന്ന പോലെ...!? ഒന്നും എനിക്ക് മനസ്സിലാവുന്നില്ല. ഒരിക്കലും ഉൾകൊള്ളാൻ കഴിയുന്നില്ല. ഈ നിമിഷം പോലും. തിരുവനന്തപുരത്ത് നമ്മുടെ സീരിയൽ സഹപ്രവർത്തകർക്ക് എന്തെങ്കിലും ആപത്തോ അപകടമോ അറിഞ്ഞാൽ, ഞാൻ ആദ്യം വിളിക്കുന്നത് നിന്നെയാ...നീ അതിന്റെ കാര്യങ്ങളൊക്കെ വിശദമായി എന്നെ അറിയിക്കും...
ഇന്നലെ രാത്രിയും നിന്നെ തന്നെയാ ഞാൻ ആദ്യം വിളിച്ചത്...'മനോജേട്ടാ, ഞാനിവിടെ തന്നെയുണ്ട്. എനിക്കൊരു പ്രശ്നവുമില്ല. ആരാ ഇത് പറഞ്ഞത്' എന്ന വാക്കു കേൾക്കാൻ. പക്ഷേ നീ ഫോൺ 'എടുത്തില്ല' എന്നേക്കാൾ പ്രായം കുറഞ്ഞ നിനക്ക് എന്റെ എഫ്ബി പേജിൽ പരേതർക്ക് നൽകുന്ന 'വാക്കുകൾ' ചാർത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
കാരണം നീയെന്റെ ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയോടെ ജീവനോടെ, ചൈതന്യത്തോടെ ഇപ്പോഴും ഉണ്ട്. അതുകൊണ്ട് 'വിട'...ആദരാഞ്ജലി...പ്രണാമം...' ഇതൊന്നും നീയെന്നിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കേണ്ട, ഞാൻ തരില്ല. നിന്നോട് അങ്ങനെ മാത്രമേ എനിക്കിനി 'പ്രതികാരം' ചെയ്യാൻ കഴിയൂ. ഓക്കെ ശബരി. ടേക്ക് കെയർ.
മറുനാടന് ഡെസ്ക്