സന്നിധാനം/നിലയ്ക്കൽ: തുലാമാസ പൂജക്ക് ശബരിമല നട തുറന്നു. പമ്പയിലും നിലക്കലും സംഘർഷഭരിതമായ സാഹചര്യം നിലനിൽക്കേയാണ് സന്നിധാനത്ത് നടതുറന്നത്. വൈകുന്നേരം അഞ്ച് മണിയോടെയാണ് ക്ഷത്രനട തുറന്നത്. മേൽശാന്തി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും തന്ത്രി കണ്ഠരര് രാജീവരും ചേർന്നാണ് നട തുറന്നത്. പ്രതിഷേധം വകവെക്കാതെ ആയിരക്കണക്കിന് ഭക്തരാണ് അയ്യപ്പനെ തൊഴാൻ ഇന്ന് എത്തിയത്. നാളെ പുലർച്ചെ മുതൽ പതിവുരീതിയിൽ നടതുറക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തജനങ്ങളാണ് കൂടുതലായി എത്തിയത്.

വൈകിട്ട് ആഴിയിൽ അഗ്നി പകരും. രാത്രി ഹരിവരാസനം ചൊല്ലി നടയടക്കും. നാളെ പുലർച്ചെ അഞ്ചു മണിക്ക് നട തുറക്കും. പിന്നീട് മഹാഗണപതി ഹോമം നടക്കും. ഉഷപൂജക്ക് ശേഷം മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്ന ചടങ്ങാണ്. ഇതിനായി 18 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് ശബരിമല നട തുറന്നത്. പ്രായം ചെന്ന സ്ത്രീകളും കുട്ടികളുമല്ലാതെ വനിതകളൊന്നു മല ചവിട്ടാനെത്തിയില്ല.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ നട തുറക്കുന്ന വേളയിൽ സന്നിധാനത്തുണ്ടായിരുന്നു. തുലാമാസം ഒന്നായ ഇന്ന് രാവിലെ നടതുറന്ന് നിർമ്മാല്യവും പതിവ് പൂജകളും നെയ്യഭിക്ഷേകവും ഗണപതി ഹോമവും നടക്കും.ഉഷപൂജയ്ക്ക് ശേഷം ആണ് ശബരിമലയിലെ മേൽശാന്തി നറുക്കെടുപ്പ് നടക്കുക.മേൽശാന്തി നറുക്കെടുപ്പിനായി പട്ടികയിൽ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകൾ വെള്ളിക്കുടത്തിലിട്ട് അതിൽ നിന്നാണ് പുതിയ മേൽശാന്തിയെ നറുക്കെടുക്കുക.പന്തളം കൊട്ടാരത്തിൽ നിന്ന് എത്തുന്ന കുട്ടികളാണ് നറുക്ക് എടുക്കുക.മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പും തുടർന്ന് നടക്കും.9 പേരാണ് മാളികപ്പുറം മേൽശാന്തി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേൽശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും.

അടുത്ത ഒരു വർഷം വരെയാണ് മേൽശാന്തിമാരുടെ കാലാവധി.പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തിമാർ തുലാം മുപ്പതിന് (നവംബർ16) ഇരുമുടി കെട്ടുമായി മലചവിട്ടി സന്നിധാനത്ത് എത്തും.തുടർന്ന് തന്ത്രി കണ്ഠരര് രാജീവരര് മേൽശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. ശേഷം പുതിയ മേൽശാന്തിമാർക്ക് തന്ത്രി കണ്ഠരര് രാജീവരര് ശ്രീകോവിലിനുള്ളിൽ വച്ച് മൂലമന്ത്രവും ചൊല്ലിക്കൊടുക്കും. പിന്നീട് വിശ്ചികം ഒന്നിന് (നവംബർ 17 ന്)ശബരിമല ധർമ്മശാസ്താക്ഷേത്ര നട തുറക്കുന്നത് പുതിയ മേൽശാന്തിയായിരിക്കും. അഞ്ച് ദിവസത്തെ തുലാമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട 22 ന് രാത്രി ഹരിവരാസനം പാടി അടയ്ക്കും. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ നൂറ് കണക്കിന് അയ്യപ്പഭക്തരാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്.

ഇന്ന് രാവിലെ മല ചവിട്ടാൻ എത്തിയ ഭവാനി എന്ന ആന്ധ്രാ സ്വദേശിനിയായ അയ്യപ്പഭക്തക്ക് പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോകേണ്ടി വന്നു. ഭക്തർ അവരെ ആക്രമിക്കുന്ന വിധത്തിലേക്ക് മാറിയതോടെയാണ് പ്രതിഷേധം ഉടലെടുത്തത്. ചേർത്തലയിൽ നിന്നെത്തിയ ലിബ എന്ന ഭക്തയ്ക്കും സംഘർഷത്തെ തുടർന്ന് തിരിച്ചു പോകേണ്ടി വന്നു. പൊലീസ് സുരക്ഷ ഒരുക്കാത്ത സാഹചര്യത്തിലാണ് ശബരിമല സന്ദർശനം ഉപേക്ഷിച്ച് മടങ്ങേണ്ടിവന്നതെന്ന് ലിബി സി.എസ്. കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരും പൊലീസും പരാജയപ്പെട്ടുവെന്നും പറഞ്ഞു.

മടങ്ങിപ്പോകാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. പക്ഷേ, പൊലീസ് സുരക്ഷാ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെട്ടു. അവർക്ക് അതിന് സാധ്യമല്ല, ഫോഴ്‌സില്ല. അതുകൊണ്ട് അവരാണ് എന്നോട് ആവശ്യപ്പെട്ടത് മടങ്ങിപ്പോകാൻ. പൊലീസ് പറയുന്നത്, ഇവിടെ സംഘർഷാവസ്ഥയാണ്, ആവശ്യത്തിന് ഫോഴ്‌സില്ല നിങ്ങളെ ശബരിമലയിൽ എത്തിക്കുക എന്നത് പൊലീസുകാരുടെ ഡ്യൂട്ടിയല്ല, അല്ലെങ്കിൽ സുരക്ഷയ്ക്കുള്ള ഉത്തരവ് വാങ്ങി വരണമായിരുന്നു എന്നെല്ലാമാണ് യുവതി പറഞ്ഞു.

സംഭവത്തിൽ കേസ് ഫയൽ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്നും ലിബി പറഞ്ഞു. നിരീശ്വരവാദിയാണെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണത്തെ കുറിച്ചും ലിബി പ്രതികരിച്ചു. ശബരിമലയിലേക്ക് പുറപ്പെട്ട വഴിയിൽ ചങ്ങനാശ്ശേരി വച്ച്, തന്നെ തടഞ്ഞിരുന്നുവെന്നും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ വച്ച് തനിക്കെതിരെ കയ്യേറ്റമാണ് നടന്നതെന്നും ലിബി വ്യക്തമാക്കി.

അതിനിടെ നട തുറക്കുന്നതിന് തൊട്ടു മുമ്പ് നിലയ്ക്കലിൽ വീണ്ടും സംഘർഷം ഉടലെടുത്തിരുന്നു. സന്നിധാനത്തേക്ക് അയ്യപ്പഭക്തർ പോയതോടെ നിലയ്ക്കലിൽ നിലയുറപ്പിച്ച അയ്യപ്പന്മാർ അല്ലാത്തവരെയും പ്രതിഷേധക്കാരെയുമാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. ശിവക്ഷേത്രത്തിന്റെ കവാടത്തിന് മുന്നിൽ ഉച്ചമുതൽ പ്രശ്നങ്ങളുണ്ടാക്കിയ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിവീശി. ഇതേ തുടർന്ന് പ്രതിഷേധക്കാർ പൊലീസിനെ കല്ലെറിഞ്ഞു. ഇതോടെയാണ് പൊലീസ് ഇടപെട്ടതും.

അതിനിടെ രാഹുൽ ഈശ്വറിനെ സന്നിധാനത്തു വച്ച് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽനിന്നു വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽനിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. ദക്ഷിണ മേഖല എ.ഡി.ജി.പി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്. 100 വനിതാ പൊലീസുകാർ അടക്കം സായുധ സേനാംഗങ്ങളെ ഇതിനകം വിന്യസിച്ചുകഴിഞ്ഞു. 11 സർക്കിൾ ഇൻസ്പെക്ടർമാർ, 33 സബ് ഇൻസ്പെക്ടർമാർ എന്നിവർക്ക് പുറമേ ലോക്കൽ പൊലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലാ മേധാവി ടി.നാരായണൻ, കെ.എ.പി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് കെ.ജി സൈമൺ, പൊലീസ് ആസ്ഥാനത്തെ സ്പെഷ്യൽ സെൽ എസ്‌പി വി.അജിത്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ആർ. ആദിത്യ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനം ഒരുക്കിയിരിക്കുന്നത്.