ന്യൂഡൽഹി: ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്‌ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകൾ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലക്കേസിൽ പറയുന്നു. വിധി എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ആർത്തവകാലത്തെ ക്ഷേത്ര ദർശനവും കോടതി സ്ത്രീകൾക്ക് അനുവദിക്കുകയാണ്. ഇതുകൊണ്ട് കൂടിയാണ് ശബരിമല സ്ത്രീപ്രവേശന വിധിയുടെ പ്രസക്തി ഉയരുന്നത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനാണ് പ്രധാന ഹർജിക്കാർ. കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. ആർത്തവകാലത്തെ ക്ഷേത്ര പ്രവേശനമാണ് ഇതിലൂടെ ചർച്ചയാക്കിയത്. ശബരിമലയിൽ സ്ത്രീ പ്രവേശനം സാധ്യമാക്കുന്നതോടൊപ്പം രാജ്യത്തെ എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ് ആർത്തവവുമായി ബന്ധപ്പെട്ട കോടതി പരാമർശങ്ങൾ. ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഢ്, ഇന്ദു മൽഹോത്ര എന്നിവർ അംഗങ്ങളായ അഞ്ചംഗ ബെഞ്ചിൽ നാലു പേർക്കും ഒരേ അഭിപ്രായമായിരുന്നു. ഇന്ദു മൽഹോത്ര മാത്രമാണ് ഭൂരിപക്ഷ വിധിയോട് വിയോജിച്ചിരിക്കുന്നത്. മതവുമായി ബന്ധപ്പെട്ട ആഴമേറിയ വൈകാരിക വിഷയങ്ങൾ മതത്തിനും തന്ത്രികൾക്കും വിടുന്നതാണ് നല്ലതെന്നായിരുന്നു അവരുടെ നിലപാട്.

പ്രത്യേക സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെ തടയുന്ന കേരള ഹിന്ദു പൊതു ആരാധനാ സ്ഥല പ്രവേശന ചട്ടങ്ങളിലെ 3(ബി) വകുപ്പ് റദ്ദാക്കി. ഇതോടെ ആർത്തവ കാലത്തെ ക്ഷേത്രപ്രവേശനം സാധ്യമാക്കുകയായിരുന്നു കോടതി. വിശ്വാസത്തിൽ തുല്യതയാണ് വേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ശാരീരികവും ജൈവികവുമായ പ്രത്യേകതകൾ വിവേചനത്തിന് കാരണമാകരുത്. ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെ പ്രത്യേക ഗണമായി കാണാനാവില്ലെന്നും വിശദീകരിച്ചു. ജീവശാസ്ത്രപരമായ കാരണത്താൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്.

സ്ത്രീകൾ പുരുഷന്മാരേക്കാൾ താഴ്ന്നവരല്ല. ശബരിമലയിലെ ആചാരം ഹിന്ദു സ്ത്രീകളുടെ അവകാശം ഹനിക്കുന്നതാണ്. അയ്യപ്പവിശ്വാസികൾ പ്രത്യേക സമുദായമല്ല. ലിംഗവിവേചനം ഭക്തിക്കു തടസ്സമാകരുത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വിലയിരുത്തി. അതേസമയം, അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിയോജിച്ചു. ജസ്റ്റിസ് നരിമാൻ പ്രത്യേക വിധിപ്രസ്താവം നടത്തിയെങ്കിലും ചീഫ് ജസ്റ്റിസിന്റെ അഭിപ്രായത്തോട് യോജിച്ചു. ഏതു പ്രായത്തിലുമുള്ള സ്ത്രീകൾ അയ്യപ്പന്റെ മുന്നിൽ ഒരേപോലയാണ്. ആർത്തവകാലത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സ്ത്രീകളെ വേർതിരിക്കുന്നതു ശരിയല്ല. പത്തിനും അൻപതിനും ഇടയിൽ പ്രായമള്ളവരെ ശബരിമല ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാത്തതിനു ഭരണഘടനയിലെ 26-ാം അനുച്ഛേദത്തിന്റെ പിൻബലമില്ല. നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതം സ്ത്രീകൾക്കെടുക്കാനാകില്ലെന്ന വാദം അംഗീകരിക്കാനാകില്ല. സ്ത്രീകളെ ദുർബലരായി കാണുന്നതാണ് ഈവാദമെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു.

ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാതിരിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് നിരീക്ഷിച്ചു. സ്ത്രീകളെ തരംതാഴ്‌ത്തുന്ന വിശ്വാസങ്ങൾക്ക് അംഗീകാരം നൽകാൻ കോടതിക്കു സാധിക്കില്ല. മതനിയമങ്ങൾ വച്ചു പുലർത്താൻ മതങ്ങൾക്ക് അധികാരമുണ്ട്. എന്നാൽ ഏതു രീതിയിലുള്ള മതനിയമങ്ങളും ഭരണഘടനയുമായി യോജിച്ചു പോകുന്നതായിരിക്കണമെന്നും ചന്ദ്രചൂഡ് വ്യക്തമാക്കി. ഹർജിക്കാർ ഉയർത്തിയ പ്രശ്‌നങ്ങൾ എല്ലാ മതങ്ങളെയും ബാധിക്കുന്നതാണെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി. മതവികാരങ്ങൾ ഉൾപ്പെട്ട വിഷയങ്ങളിൽ കോടതി ഇടപെടാതിരിക്കുന്നതാകും അഭികാമ്യമെന്നും അവർ വ്യക്തമാക്കി.

ചരിത്രവിധിയിലേക്കെത്താൻ 12 വർഷങ്ങളുടെ നിയമയുദ്ധമാണ് നടന്നത്. ദേവസ്വം ബോർഡും സർക്കാരും നിയമയുദ്ധത്തിന്റെ ഭാഗമായി. ഭക്തി പശ്രീജ സേത്തിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷൻ ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന് ആവശ്യപ്പെട്ട് 2006ലാണ് സുപ്രീം കോടതിയെ സമീപിച്ചത്. 2006 ഓഗസ്റ്റ് 18ന് കേസ്് സുപ്രീം കോടതി പരിഗണിച്ചു. കേസുമായി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി സീനിയർ അഭിഭാഷകൻ രാമമൂർത്തിയെ അമിക്കസ് ക്യുറി ആയി നിയമിച്ചിരുന്നു. സ്ത്രീ പ്രവേശനത്തിന് എതിരായിരുന്നു അമിക്കസ് ക്യൂറി. ഈ വാദമൊന്നും കോടതി അംഗീകരിച്ചില്ല. ഭരണഘടനയുടെ 25 -ാം വകുപ്പ് തരുന്ന അവകാശങ്ങൾക്ക് ജൈവീക, മാനസീക ഘടകങ്ങൾ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങൾ സത്രീകളുടെ അവകാശങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി.

സത്രീകൾ ചെറുതോ പുരുഷന്മാരേക്കാൾ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവർക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നും കോടതി വിശദമാക്കി. ശാരീരികാവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹർജി നൽകിയ യംങ് ലോയേഴ്‌സ് അസോസിയേഷന്റെ വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും യംങ് ലോയേഴ്‌സ് അസോസിയേഷൻ വാദിച്ചു. ഹർജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സർക്കാർ, സന്യാസി മഠങ്ങൾ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തിൽപ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു. ആർത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രാരാധനയിൽ നിന്ന് വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കേണ്ട കാര്യമില്ല. ആ ചട്ടം മാറ്റി വായിച്ചാൽ മതിയെന്നും സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ കോടതി ചട്ടം തന്നെ റദ്ദാക്കി.

സർക്കാർ നിലപാടിനെ പുറത്ത് പിന്തുണച്ച ദേവസ്വം ബോർഡ് പക്ഷേ കോടതിയിൽ മലക്കം മറിഞ്ഞിരുന്നു. സ്ത്രീ പ്രവേശനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്, ശബരിമലയിലെ സവിശേഷ സാഹചര്യത്തിൽ കോടതിക്ക് ഇടപെടാനാകില്ല, 41 ദിവസത്തെ വൃതശുദ്ധി പാലിക്കാൻ സ്ത്രീകൾക്കാകില്ല എന്ന് തുടങ്ങിയ വാദങ്ങളാണ് ദേവസ്വം ബോർഡ് കോടിതിയിൽ നിരത്തിയത്. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണെന്നും ഇത്തരം വിശ്വാസങ്ങൾ ഹിന്ദു വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ശബരിമല തന്ത്രി വാദിച്ചു. കാലങ്ങളായി തുടരുന്ന ആചാരങ്ങളിൽ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. സ്ത്രീകൾക്കുള്ള നിയന്ത്രണം നീക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. 60 വർഷമായി തുടരുന്ന ആചാരങ്ങൾ വേണ്ടെന്ന് വെക്കാൻ സാധിക്കില്ലെന്ന് എൻ.എസ്.എസ് വാദിച്ചു. ഭരണഘടനയുടെ 25-2 അനുഛേദം ശബരിമലയുടെ കാര്യത്തിൽ പ്രസക്തമല്ല എന്ന് തുടങ്ങിയ വാദങ്ങളും എൻ.എസ്.എസ് മുന്നോട്ട് വെച്ചിരുന്നു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല.

എട്ട് ദിവസത്തെ വാദംകേൾക്കലിനുശേഷം ഓഗസ്ത് എട്ടിനാണ് ഭരണഘടനാബെഞ്ച് കേസ് വിധി പറയാൻ മാറ്റിയത്. പ്രധാന ഹർജിക്കു പിന്നാലെ അതിനെ എതിർത്തും അനുകൂലിച്ചും നിരവധി അനുബന്ധ ഹർജികളും കോടതിയുടെ പരിഗണനയ്‌ക്കെത്തി. തുല്യതയും മതാചാരം അനുഷ്ഠിക്കാനുള്ള അവകാശവും വാഗ്ദാനം ചെയ്യുന്ന ഭരണഘടനാ അനുച്ഛേങ്ങളുടെ ലംഘനമാണ് പ്രവേശനവിലക്കെന്നായിരുന്നു ഹർജിക്കാരുടെ വാദം. ലിംഗത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനവും വിലക്കിന് പിന്നിലുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചിരുന്നു. 2008 മാർച്ചിലാണ് വിഷയം സുപ്രീംകോടതി മൂന്നംഗബെഞ്ച് പരിഗണിക്കുന്നത്. 2016 ജനുവരിയിൽ വിഷയം വീണ്ടും മൂന്നംഗ ബെഞ്ച് പരിഗണിച്ചു. 2017 ഒക്ടോബറിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

സ്ത്രീകൾക്ക് പ്രായഭേദമെന്യേ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാനസർക്കാർ കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. ആർത്തവംപോലെ തികച്ചും ശാരീരികമായ അവസ്ഥയുടെ പേരിലുള്ളതാണ് പ്രവേശനവിലക്കെങ്കിൽ അത് 14,15, 17 അനുച്ഛേദങ്ങളുടെ ലംഘനമാകുമോ? അത്തരം വിലക്ക് മതപരമായ ആചാരങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട 25, 26 അനുച്ഛേദങ്ങൾ പ്രകാരം ന്യായീകരിക്കാൻ കഴിയുമോ? ശബരിമലയിലെ അയ്യപ്പക്ഷേത്രത്തിന് മതത്തിനുള്ളിലെ സവിശേഷ പദവി അർഹിക്കാൻ കഴിയുമോ? കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഞ്ചിതനിധിയിൽനിന്നുള്ള ഫണ്ട് സ്വീകരിച്ച് പ്രവർത്തിക്കുന്ന ക്ഷേത്രത്തിൽ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളെ ഒഴിവാക്കാൻ സാധിക്കുമോ? കേരള ഹൈന്ദവ ആരാധനലായ 3 (ബി) ചട്ടം 10 മുതൽ 50 വരെ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാതിരിക്കാനുള്ള നടപടിക്ക് മതിയായ പിൻബലമാകുമോ? കേരള ഹൈന്ദവ ആരാധനാലായ നിയമത്തിന് വിരുദ്ധമാണോ അതിലെതന്നെ 3 (ബി) ചട്ടം തുടങ്ങിയ വിഷയങ്ങളാണ് ഭരണഘടനാബെഞ്ച് പരിശോധിച്ചത്.