തിരുവനന്തപുരം: മല ചവിട്ടി സന്നിധാനത്ത് ഈ മാസം 17ന് 12 നും 50നും ഇടയിലുള്ള സ്ത്രീകളെത്തും. അതീവ രഹസ്യമായി വനിതാ പൊലീസിനെ സന്നിധാനത്ത് എത്തിക്കാനാണ് നീക്കം. തുലാമാസത്തിൽ സന്നിധാനത്ത് ഡ്യൂട്ടി നോക്കേണ്ട 30 പൊലീസുകാരികളുടെ പട്ടിക ഡിജിപിയുടെ ഓഫീസ് തയ്യാറാക്കി. 15 പേർ പത്തനംതിട്ട ജില്ലയിലുള്ളവരാണ്. ബാക്കിയുള്ളവർ മറ്റ് ജില്ലകളിൽ നിന്നും. ഇവരെ പതിനാലാം തീയതിയോടെ പമ്പയിലെത്തിച്ച് സന്നിധാനത്തേക്ക് കൊണ്ട് പോകാനാണ് നീക്കം. ഭക്തരുടെ പ്രതിഷേധം കണക്കിലെടുത്ത് രഹസ്യമായാകും ഇവരെ കൊണ്ട് പോവുക. പൊലീസുകാരികളെ കൊണ്ടു പോകാനായി പൊലീസ് വാഹനം ഉപയോഗിക്കില്ല. ഇതിനായി സ്വകാര്യ ടെമ്പോ ട്രാവലർ പിടിക്കും. രണ്ട് ടെമ്പോ ട്രാവലുകളിലായി കുറച്ച് വീതം പൊലീസുകാരികളെ എത്തിക്കാനാണ് നീക്കം.

പ്രതിഷേധം ശക്തമായാൽ പത്താം തീയതി തന്നെ പമ്പയിലെ പൊലീസ് ഷെൽട്ടറിൽ പൊലീസുകാരികളെ എത്തിക്കാനും നീക്കമുണ്ട്. പൊലീസുകാരികളുടെ സമ്മതം ചോദിക്കാതെയാണ് 30 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഡ്യൂട്ടിയും വിശ്വാസവും രണ്ടാണെന്നും പൊലീസിൽ വിശ്വാസത്തിന് സ്ഥാനമില്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പൊലീസുകാരികളെ സന്നിധാനത്ത് എത്തിച്ച് സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന ഉത്തരവ് ഫലത്തിൽ നടപ്പാക്കാനാണ് പൊലീസിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരമാണ് 30 വനിതാ പൊലീസുകാരികളെ സന്നിധാനത്ത് നിയോഗിക്കാൻ ഡിജിപി ഫയൽ നീക്കം നടത്തിയത്. അതീവ രഹസ്യമായി പട്ടിക തയ്യാറാക്കി. ലിസ്റ്റിലുള്ള 30 പേരോടും ഡ്യൂട്ടിയുടെ കാര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ അതീവ രഹസ്യമായി യാത്രാ വിവരങ്ങൾ സൂക്ഷിക്കണമെന്നും വിവരങ്ങൾ ചോരരുതെന്നും പൊലീസുകാരികൾക്ക് നിർദ്ദേശം നൽകി. ഇതിനൊപ്പം പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനും വനിതാ പൊലീസുകാരികളെ അതീവ രഹസ്യമായി സന്നിധാനത്ത് എത്തിക്കാനുള്ള മുന്നൊരുക്കം നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു.

സ്ത്രീ പ്രവേശനത്തിൽ പത്തനംതിട്ടയിൽ എങ്ങും വലിയ പ്രതിഷേധമാണ് അലയടിക്കുന്നത്. സ്ത്രീ പൊലീസിനെ തടയുമെന്ന് ബിജെപിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് വാഹനത്തിൽ പൊലീസുകാരികളെ പമ്പയിൽ എത്തിക്കുന്നത് സുരക്ഷാ ഭീഷണിയായി മാറും. എന്ത് വില കൊടുത്തും തടയാൻ ഭക്തരെത്തിയാൽ പൊലീസിന് നോക്കി നിൽക്കാനേ കഴിയൂ. സംഘർഷത്തിലേക്ക് കാര്യങ്ങൾ നീണ്ടാൽ അത് സർക്കാരിനും പ്രതിസന്ധിയായി മാറും. എൻ എസ് എസും എസ് എൻ ഡി പിയുമെല്ലാം പ്രതിഷേധത്തിന് പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസുകാരികളെ അതീവ രഹസ്യമായി എത്തിച്ച് സംഘർഷം ഒഴിവാക്കാനാണ് നീക്കം.പ്രധാന റോഡിൽ നേരത്തെ തന്നെ പ്രതിഷേധക്കാർ ഇറങ്ങുകയും യാത്ര അസാധ്യമാവുകയും ചെയ്താൽ സംഘർഷം ഒഴിവാക്കി മറ്റു വഴികൾ തേടാനും പത്തനം നിട്ട പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

തുലാമാസത്തിൽ എത്തുന്ന സ്ത്രീ ഭക്തരെ പ്രതിഷേധക്കാർ തടയാൻ സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ സുപ്രീംകോടതി വിധി തന്നെ നടപ്പാക്കാനാവാത്ത സാഹചര്യമെത്തും. അതിനാൽ കൂടിയാണ് പൊലീസുകാരികളെ സന്നിധാനത്ത് എത്തിച്ച് 12നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ മല ചവിട്ടുന്നുവെന്ന് ഉറപ്പിക്കാൻ പൊലീസ് തന്നെ ശ്രമിക്കുന്നത്. സ്ത്രീകളുടെ മലകയറ്റം സാധ്യമായി കഴിഞ്ഞാൽ വിവാദങ്ങൾ മാറുമെന്നാണ് സർക്കാരിന്റേയും പ്രതീക്ഷ. കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പൊലീസുകാരികളെ എത്തിച്ചുവെന്ന് നിയമ പ്രശ്നങ്ങളുണ്ടായാൽ സുപ്രീംകോടതിയേയും ബോധിപ്പിക്കാനാവും.ശബരിമലയിൽ ഡ്യൂട്ടിക്ക് സ്വമേധയാ വനിതാ പൊലീസുകാർ മുന്നോട്ടു വന്നില്ലെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വനിതാ പൊലീസിനെ നിയോഗിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രായോഗികമായില്ലെങ്കിൽ മാത്രമേ നിർബന്ധിത ശബരിമല ഡ്യൂട്ടി വനിതാ പൊലീസിനു നൽകുകയുള്ളൂവെന്നും ഡിജിപി പറഞ്ഞിട്ടുണ്ട്. എന്നാൽ തുലാം മാസ പൂജയ്ക്ക് ഇതരസംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ കിട്ടില്ലെന്ന് ഉറപ്പായിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് 30 പൊലീസുകാരികളുടെ പട്ടിക തയ്യാറാക്കിയത. ശബരിമലയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകരുത് എന്നാണ് പൊലീസ് ആഗ്രഹിക്കുന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുകയാണു പൊലീസിന്റെ ഉത്തരവാദിത്തം. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാണു വനിതാ പൊലീസിനെ വിന്യസിക്കുന്നതെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങൾക്ക് ഡിജിപി കത്തയച്ചിട്ടുണ്ട്. ശബരിമലയിലെ സുരക്ഷാ കാര്യങ്ങൾക്കായി സീസൺ സമയത്ത് 500 വനിതാ പൊലീസുകാരെയെങ്കിലും വേണ്ടിവരുമെന്നാണ് പൊലീസ് നിലപാട്. തുലാമാസ പൂജകൾക്കായി 18നു നട തുറക്കുന്നതിനു മുന്നോടിയായാണു വനിതാ പൊലീസിനെ സന്നിധാനത്തു വിന്യസിക്കുക.

മാസ പൂജയ്ക്ക് തുടക്കത്തിൽ 30 പൊലീസുകാർ മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്. പുതുച്ചേരിക്കു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളോടും കേരളം വനിതാ പൊലീസുകാരെ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലിയും വിശ്വാസവും രണ്ടാണ്. പൊലീസ് സേനയിൽ സ്ത്രീപുരുഷ വ്യത്യാസമില്ലെന്നും ഡിജിപി ബെഹ്റ പറഞ്ഞു. സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാണെങ്കിലും തുലാമാസ പുജയ്ക്കായി നട തുറക്കുമ്പോൾ തന്നെ വനിതാ ഭക്തർ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇതിനായി പമ്പയിലും സന്നിധാനത്തും അടക്കം വനിതാ പൊലീസുകാരെ നിയമിക്കും. ചില വനിതാ പൊലീസുകാർക്ക് ശബരിമലയിൽ ഡ്യൂട്ടിക്ക് പോകാൻ എതിർപ്പുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുണ്ട്.