ഷിക്കാഗോ: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിനനുകൂലമായ സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് ഷിക്കാഗോയിൽ അയ്യപ്പനാമജപവും പ്രതിഷേധ യോഗവും നടന്നു.

അയ്യപ്പസേവാസംഘവും, ഓംകാരം ഷിക്കാഗോയും സംയുക്തമായി പ്ലയിൻ ഫീൽഡിലുള്ള അയ്യപ്പസ്വാമി ക്ഷേത്ര സന്നിധിയിൽ വച്ചു നടത്തിയ യോഗത്തിൽ അനിൽ നായർ അധ്യക്ഷത വഹിച്ചു. രഘുനാഥൻ നായരുടെ സ്വാഗത പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ സതീശൻ നായർ മുഖ്യ പ്രഭാഷണം നടത്തി.

ലോകത്താകമാനമുള്ള അയ്യപ്പഭക്തർക്ക് വളരെയധികം വ്യസനമുണ്ടാക്കുന്ന ഒരു വിധിയാണ് സുപ്രീംകോടതി നടത്തിയതെന്ന് അനിൽ നായർ പറഞ്ഞു.

ഹൈന്ദവ ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തച്ചുടയ്ക്കാൻ ആരേയും അനുവദിക്കില്ലെന്നും, ഹിന്ദുമതാചാരങ്ങൾ നിശ്ചയിക്കുന്നത് സർക്കാരല്ലെന്നും, താന്ത്രികവിധികൾ പ്രകാരം കാലാകാലങ്ങളായി ആചരിച്ചുപോരുന്ന ഒരു സംസ്‌കാരമാണ് ഹൈന്ദവാചാരമെന്നും അതിനെ നശിപ്പിക്കുവാൻ ഇറങ്ങിയിരിക്കുന്ന ഗൂഢശക്തികൾക്കെതിരേ ജാതി-മത- കക്ഷി-രാഷ്ട്രീയ ഭേദമെന്യേ അയ്യപ്പഭക്തരെല്ലാവരും ഒന്നിച്ച് അണിനിരക്കണമെന്ന് സതീശൻ നായർ ഏവരേയും ഓർമ്മിപ്പിച്ചു.

നാല്പതു ദിവസം വ്രതമെടുത്ത് ശബരിമല കയറുന്ന ഞങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഭംഗം വരുത്തുവാൻ ആരേയും അനുവദിക്കുകയില്ലെന്നു ദീപക് നായർ പറഞ്ഞു. ഭക്തിയിലധിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളെ യാതൊരു കാരണവശാലും തച്ചുടയ്ക്കാൻ അനുവദിക്കുകയില്ലെന്നു മഹേഷ് നായർ പറഞ്ഞു. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാ അയ്യപ്പഭക്തരും ഈ വിധിയെ ശക്തമായി നേരിടണമെന്നു രഘുനാഥൻ നായർ അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തിൽ ഏവരേയും ഓർമ്മിപ്പിച്ചു. കോടതിവിധിയെ മാനിക്കുന്നു. അതോടൊപ്പം ആചാരാനുഷ്ഠാനങ്ങളെ മാറ്റിമറിക്കുവാൻ അനുവദിക്കുകയില്ലെന്നു വാസുദേവൻ പിള്ള പറഞ്ഞു. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ തകർക്കുവാൻ ആരേയും അനുവദിക്കുകയില്ലെന്നു എം.എൻ.സി നായർ പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്ന സ്ത്രീകളായ ഞങ്ങൾക്കും മറ്റാർക്കും ഈ കോടതി വിധിയോട് യോജിക്കുവാനാവില്ലെന്നും, സാക്ഷാൽ അയ്യപ്പസ്വാമി തന്നെ പരിഹാരം കാണുമെന്നും വിശ്വാസികളായ സ്ത്രീകൾ ഏവരും തന്നെ 50 വയസ്സുവരെ കാത്തിരിക്കാൻ തയാറാണെന്നും ഡോ. സുനിതാ നായർ, രാജി നായർ, സുകുമാരി നായർ എന്നിവർ ഒരേ സ്വരത്തിൽ പറഞ്ഞു. കോടതിവിധി വളരെയധികം വ്യസനമുണ്ടാക്കുന്ന കാര്യമാണെന്നും ഇതിനെ നേരിടുവാൻ നമ്മുടെ കൂട്ടായ പരിശ്രമത്തിലൂടെ അയ്യപ്പസ്വാമിതന്നെ ഒരു പരിഹാരം ഉണ്ടാക്കിത്തരുമെന്നും ശ്യാം ഭട്ടതിരിപ്പാട് പറഞ്ഞു.

കൂടാതെ ഈ വിധി വളരെ നിർഭാഗ്യകരമായിപ്പോയെന്നു സുരേഷ് നായർ, ജയൻ മുളങ്ങാട്, വേലപ്പൻ പിള്ള, ഉണ്ണി നായർ, രാജഗോപാലൻ നായർ, രാജൻ മാടശേരി എന്നിവർ പറഞ്ഞു. അരവിന്ദ് പിള്ള യോഗാനന്തരം ഏവർക്കും നന്ദി രേഖപ്പെടുത്തി