ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ലക്ഷ്മി രാജീവ് പുത്തൻ വെളിപ്പെടുത്തലുമായി രംഗത്ത്, മക്കളില്ലാത്ത അനേകം തമിഴ് സ്ത്രീകൾ സന്താനഭാഗ്യത്തിനായി ശബരിമലയിൽ ദർശനത്തിനായി പോയിട്ടുണ്ട്. പ്രസവിക്കാത്ത തമിഴ് സ്ത്രീകൾ തല മൊട്ടയടിച്ച് , മാറിൽ തോർത്തുകൊണ്ട് അമർത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാൻ ശബരിമലയിൽ പോകുമായിരുന്നു.അവരിൽ നിരവധിപേരെ തനിക്ക് അറിയാമെന്നും ലക്ഷ്മി രാജീവ് വെളിപ്പെടുത്തുന്നു. ഈ വിധത്തിൽ പ്രാർത്ഥനയുമായെത്തിയ സ്ത്രീകളിൽ ഒരാളും പരാജയപ്പെട്ടിട്ടില്ലെന്നും അവർ ഫേസ്‌ബുക്കിലിട്ട പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്‌ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
ഒരു സംഘടനയിലും മതത്തിലും കൂട്ടായ്മയിലും വിശ്വാസമില്ല. വിശ്വാസം ഈശ്വരനെ അതിന്റെ പ്രതിരൂപമായ മനുഷ്യനെ മാത്രമേയുള്ളൂ. എനിക്ക് ആകെ കൈമുതലായുള്ളതു ഈശ്വരവിശ്വാസം മാത്രമാണ്. പത്തു വർഷം മക്കളില്ലായിരുന്നു. പ്രസവിക്കത്തൊരാൾ ഉയർന്ന ജോലി ചെയ്യുന്ന സ്വന്തം മകന്റെ ജീവിതം കൂടി നശിപ്പിച്ചെന്നു പറയാതെ പറഞ്ഞ അമ്മായിഅമ്മയും, മറ്റു പേരക്കുട്ടികളെ വളർത്തുന്ന തിരക്കിൽ പ്രസവിക്കാത്ത,സകലിടത്തും തോറ്റ മകൾ അഭയത്തിനായി വീട്ടിലേക്കു തിരികെ വരുന്നതിനെ തടഞ്ഞ അമ്മയുമാണ് സ്ത്രീ സ്‌നേഹത്തിന്റെ ആദ്യ പാഠങ്ങൾ. മക്കളില്ലാത്ത എന്നെ വീടിന്റെ പാല് കാച്ചിന് അടുത്ത സുഹൃത്ത് വിളിക്കാതെ ഇരുന്നപ്പോ, കുഞ്ഞുങ്ങളുടെ പിറന്നാളിന് ഒഴിവാക്കുമ്പോ , ഇവൾക്കെന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞു ചിരിച്ചപ്പോ അറിഞ്ഞിട്ടുണ്ട് - സ്ത്രീകളുടെ സ്‌നേഹം.

അങ്ങനെ എന്നെ ജനിപ്പിച്ച ഈശ്വരനെ അന്വേഷിച്ചിറങ്ങുകയും അത് അറിയുകയും ചെയ്തു. ഒരുപാടു പേർ പുറകിൽ നിന്നും കുത്തിയിട്ടുണ്ട്- അതിൽ അധികവും സ്ത്രീകളാണ്. ആരും വേണ്ട കാരണം ആയിരം പിഴ പൊറുത്താലും ചതി പൊറുക്കാത്ത കാളിയെ ആണ് വിശ്വാസം. അവൾ കൈ വിടില്ല. സന്തതിയും സമ്പത്തും തരുന്നവനാണ് ശാസ്താവ്. പ്രസവിക്കാത്ത തമിഴ് സ്ത്രീകൾ തല മൊട്ടയടിച്ച് , മാറിൽ തോർത്തുകൊണ്ട് അമർത്തി കെട്ടി കരഞ്ഞു കൊണ്ട് അയ്യനെ കാണാൻ ശബരിമലയിൽ പോകുമായിരുന്നു. നിരവധിപേരെ അറിയാം. അവരിൽ ഒരാളും പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ പതിമൂന്നു വർഷമായി ഹരിവരാസനം കേട്ടുകൊണ്ട് ഇരട്ട മക്കൾ ഉറങ്ങുന്നു. ഈശ്വരനോളം വലിയ സന്തോഷം സമാധാനം അറിയാൻ സാധിക്കില്ല എന്നൊരു സന്ദേശം മാത്രം.

അതിനു കൂട്ടെന്തിന്, സംഘടന എന്തിനു ...അവൾ മാത്രം മതിയല്ലോ. ദൈവമേ എന്നതിനേക്കാൾ അപ്പുറത്തേക്ക് നാവുകൊണ്ട് ഒന്നും പറയാനാവില്ല തന്നെ. അത് സുഖം അന്വേഷിച്ച ഒരു സ്ത്രീയുടെ യാത്രയല്ല. ഗുരുവിന്റെ ജനനി നവരത്‌ന മഞ്ജരി എന്ന കൃതി മധുസൂദനൻ നായർ സർ പാടിയിട്ടുണ്ട്- ഒന്ന് കേട്ട് നോക്കണം. ഇതാണ് ഞാനറിയുന്ന സ്ത്രീ. നിങ്ങൾ കരയുമെങ്കിൽ, നിങ്ങളുടെ സകല പാപവും തീരുന്നപോലെ തോന്നുന്നുവെങ്കിൽ നിങ്ങൾ സ്ത്രീയായും അമ്മയായും മാറുമെന്ന് തോന്നുന്നുവെങ്കിൽ അതൊരു സുഖമാണ്. മേലായ മൂലമതിയാലാവൃതം ജനനി! നീ ലാസ്യമാടിവിടുമീ കീലാലവായ്വനലകോലാഹലം ഭുവന- മാലാപമാത്രമഖിലം കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതിമെയ്- മേലാകെ മൂടുമതിനാലാരുമുള്ളതറി- വീലാഗമാന്തനിലയേ! പ്രാർത്ഥിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അതിനുമൊരു ഭാഗ്യം വേണം.