ശബരിമല: മണ്ഡല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് വൃശ്ചിക പുലരിയിൽ ശബരിമല നട തുറന്നു. മനസ്സുംശരീരവും അയ്യപ്പനിലർപ്പിച്ച ലക്ഷക്കണക്കിന് ഭക്തർ തീർത്ഥാടന പുണ്യം നുകരാൻ ഇനിയുള്ള ദിനങ്ങളിൽ ശബരിമലയിൽ എത്തും. വൃശ്ചികപ്പുലരിയിൽ ശബരിമലയിലെയും മാളികപ്പുറത്തെയും നടകൾ തുറന്നത് പുതിയ മേൽശാന്തിമാരാണ്.

വൃശ്ചിപ്പുലരിയിൽ രാവിലെ നാലു മണിക്കാണ് നടതുറന്നത്. ഗണപതിഹോമത്തിനു ശേഷം സന്നിധാനത്ത് പൂജകൾ തുടങ്ങി. നിർമ്മാല്യ ദർശനത്തിനുശേഷം നെയ്യഭിഷേവും ആരംഭിച്ചു. മണ്ഡല പൂജക്കായി നടതുറന്നപ്പോൾ വലിയ തിരക്കാണു സന്നിധാനത്ത് അനുഭവപ്പെട്ടത്. പമ്പയിൽ തീർത്ഥാടകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു.

കോട്ടയം തിരുവഞ്ചൂർ കാരിക്കാട്ടില്ലം സൂര്യഗായത്രത്തിൽ എസ്.ഇ.ശങ്കരൻനമ്പൂതിരിയാണ് ശബരിമല മേൽശാന്തി. തൃശ്ശൂർ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ്.ഉണ്ണിക്കൃഷ്ണൻ മാളികപ്പുറത്തെ മേൽശാന്തി. പുതിയതായി ചുമതലയേറ്റ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗം അജയ് തറയിൽ എബോർഡ് സെക്രട്ടറി വി എസ്.ജയകുമാർ, ദേവസ്വംകമ്മീഷണർ സി.പി.രാമരാജപ്രേമപ്രസാദ്, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ ബി.എൽ.രേണുഗോപാൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രനട വലംവച്ചത്തിയ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മണിയടിച്ച് നടതുറന്നു. ശ്രീകോവിലിലെ വിളക്കുതെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു. ചിന്മുദ്രാങ്കിത യോഗസമാധിയിൽ ഭഗവാന്റെ തിരുരൂപം കാണാനായതിന്റെ ആഹ്ലാദത്തിലായിരുന്നു ആയിരക്കണക്കിന് ഭക്തർ. തുടർന്ന് മേൽശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴിതെളിച്ചു.

പതിനെട്ടാംപടിക്കുതാഴെ ഇരുമുടിക്കെട്ടുമായി കാത്തുനിന്ന ശബരിമല നിയുക്തമേൽശാന്തി കോട്ടയം തിരുവഞ്ചൂർ കാരിക്കാട്ടില്ലം സൂര്യഗായത്രത്തിൽ എസ്.ഇ.ശങ്കരൻനമ്പൂതിരി, മാളികപ്പുറം നിയുക്ത മേൽശാന്തി തൃശ്ശൂർ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ്.ഉണ്ണിക്കൃഷ്ണൻ എന്നിവരെ മേൽശാന്തി ശ്രീകോവിലിന് മുന്നിലേക്ക് ആനയിച്ചു. ആറുമണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ എസ്.ഇ.ശങ്കരൻനമ്പൂതിരിയെ അഭിഷേകംചെയ്ത് ശബരിമല മേൽശാന്തിയായി അവരോധിച്ചു. തുടർന്ന് ശ്രീകോവിലിനുള്ളിൽ കൂട്ടിക്കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ഉപദേശിച്ചുനൽകി.

അതിനുശേഷം മാളികപ്പുറത്ത് ഇ.എസ്.ഉണ്ണികൃഷ്ണനെ മേൽശാന്തിയായും അവരോധിച്ചു. വൃശ്ചികപ്പുലരിയിൽ ശബരിമലയിലെയും മാളികപ്പുറത്തെയും നടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. പുതിയതായി ചുമതലയേറ്റ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡ് അംഗം അജയ് തറയിൽ എന്നിവർ ഇരുമുടിക്കെട്ടുമായാണ് എത്തിയത്.