ശബരിമല: ശബരിമല ക്ഷേത്രത്തെ 'ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം' എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. ശബരിമല ധർമശാസ്താ ക്ഷേത്രം എന്ന പേര് ദേവസ്വം ബോർഡ് മാറ്റി എന്നുകാണിച്ച് ബോർഡ് ഉത്തരവ് പുറത്തിറക്കി. ഇതിനു വിശദീകരണമായി ഒരു ഐതിഹ്യവും ഉത്തരവിൽ പറയുന്നുണ്ട്.

നൂറ്റാണ്ടുകൾക്കുമുമ്പ് അയ്യപ്പസ്വാമി തന്റെ ദൗത്യങ്ങൾ പൂർത്തിയാക്കിയശേഷം ശബരിമലയിൽ ചെന്ന് ധർമശാസ്താവിൽ വിലയംപ്രാപിക്കുകയായിരുന്നു. അങ്ങനെ ശബരിമലയിലെ ധർമശാസ്താ ക്ഷേത്രം അയ്യപ്പസ്വാമി ക്ഷേത്രമായി മാറി. വർഷങ്ങൾക്കുമുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രം തീവച്ച സംഭവത്തിനുശേഷം നടന്ന പുനഃപ്രതിഷ്ഠയിൽ അയ്യപ്പസ്വാമിയെയാണു പ്രതിഷ്ഠിച്ചത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന, ലോകത്തെ ഏകസ്ഥാനമാണ് ശബരിമല. അതുകൊണ്ടാണ് കോടാനുകോടി ഭക്തർ ഇവിടെ എത്തുന്നത്.

ദേവസ്വം ബോർഡിന് ധാരാളം ധർമശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയിൽ മാത്രമായിരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഉത്തരവ് ദേവസ്വം ബോർഡിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.