ബരിമല വിവാദങ്ങൾക്ക് കേന്ദ്രബിന്ദുവാകാൻ തുടങ്ങിയിട്ട് കാലം കുറേയായി. നിലക്കലിലെ കുരിശു കൃഷിക്കും, മുല്ലപ്പെരിയാർ ഗൂഢാലോചനയ്ക്കുമൊക്കെ അപ്പുറം ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം എന്ന ഹൈന്ദവ ആരാധനാലയവുമായി ബന്ധപ്പെട്ടിട്ടുള്ള വിവാദങ്ങൾക്കാണ് കൂടുതൽ പ്രസക്തി. കാരണം അവ ചേർന്ന് നിൽക്കുന്നത്, അല്ലെങ്കിൽ ചോദ്യം ചെയ്യുന്നത് ഹിന്ദുവിന്റെ വിശ്വാസത്തെയാണ്. അറിഞ്ഞോ അറിയാതെയോ ഹൈന്ദവ നേതാക്കളും അതിൽ ഭാഗഭാക്കാകുന്നു എന്നുള്ളതാണ് ഏറ്റവും ഭീതികരമായ കാര്യം.

മകരജ്യോതിയായിരുന്നു ആദ്യ വിഷയം. എഴുപതുകളിലാണെന്നു തോന്നുന്നു, ഈ വിവാദം ആദ്യമായി ഉയർന്നത്. അന്ന് യുക്തിവാദി സംഘടനയിൽ പെട്ട ചിലർ, മകരജ്യോതി കത്തിക്കുന്നു എന്ന് പറയപ്പെടുന്ന പൊന്നമ്പലമേട്ടിലെത്തിയതും, ജ്യോതി ദിവ്യമല്ലെന്നും, മനുഷ്യ നിർമ്മിതമാണെന്നും റിപ്പോർട്ട് നൽകിയതുമൊക്കെ ഏറെ ചർച്ചാ വിഷയമായിരുന്നു.

അന്നു മുതൽ കേട്ടുവരുന്നതായിരുന്നു, ഈ മകരജ്യോതിയിൽ സർക്കാരിന്റെ വിവിധ വകുപ്പുകൾക്കുള്ള പങ്ക്. കൂടുതൽ തീർത്ഥാടകരെ ആകർഷിച്ച്, വരുമാനം വർദ്ധിപ്പിക്കുവാനുള്ള തന്ത്രമാണെന്നു വരെ വാദങ്ങൾ ഉയർന്നിരുന്നു. എന്നിട്ടും അത് ദിവ്യജ്യോതിയെന്ന് വിശ്വസിക്കുവാനും വിശ്വസിപ്പിക്കുവാനും ഭക്തർ ഇഷ്ടപ്പെട്ടു. അവസാനം ക്ഷേത്ര തന്ത്രി അത് മനുഷ്യ നിർമ്മിതമാണെന്ന് തുറന്നു പറയുന്നത് വരെ.

തന്ത്രിയുടെ ഈ തുറന്നു പറച്ചിൽ, പക്ഷെ ശബരിമലയിലേക്കുള്ള ഭക്തരുടെ ഒഴുക്കിനെ തീരെ ബാധിച്ചില്ല എന്നു മാത്രമല്ല, വർഷം തോറും അത് കൂടിക്കൊണ്ടിരിക്കുന്നതേയുള്ളു. ദൈവം അഥവാ ധർമ്മത്തെ അനുശാസിക്കുന്ന ധർമ്മശാസ്താവ് ആരാണെന്ന്, ഭക്തർക്ക് മനസ്സിലാക്കികൊടുക്കാൻ പാകത്തിൽ തന്നെയാണ് നമ്മുടെ പൂർവ്വികർ, ശബരിമല വ്രതത്തിന് രൂപ കല്പന കൊടുത്തിരിക്കുന്നത്.അത് ശരിയായ വിധത്തിൽ പാലിച്ച ഒരു ഭക്തനും, ടി വി സീരിയലുകളിലേതുപോലെ അയ്യപ്പൻ ഇറങ്ങിവരുമെന്നും, വത്സാ നിന്റെ ആഗ്രഹം നാം സാധിച്ചു തരുന്നതായിരിക്കുമെന്ന് അരുളിചെയ്യുമെന്നും സ്വപ്നത്തിൽ പോലും വിചാരിക്കില്ല. കാരണം തത്വമസി എന്ന വാചകം തന്നെ അദ്ഭുത പ്രവർത്തികൾക്ക് പിറകെ പോകാതെ, നമുക്കകത്തുള്ള യഥാർത്ഥ ദൈവീകതയെ ഉണർത്തുന്നതിനുതകുന്നതാണ്. അത് ശരിയായ വിധത്തിൽ ഗ്രഹിച്ചാൽ.

ആ ബോധം തന്നെയാണ്, മകരജ്യോതി മനുഷ്യ നിർമ്മിതമാണെന്നറിഞ്ഞിട്ടും, ഭക്തരെ ശബരിമലയിലേക്ക് പിന്നെയും പിന്നെയും ആകർഷിക്കുന്നത്. അതായത്, ദിവ്യജ്യോതി എന്ന അന്ധവിശ്വാസമായിരുന്നില്ല, മുൻപ് ഭക്തരെ ശബരിമലയിലേക്ക് നയിച്ചതെന്ന് ചുരുക്കം.

ആ വിവാദം ഒട്ടൊന്നു ശമിച്ചപ്പോഴാണ് സ്ത്രീ പ്രവേശന വിവാദം ഉയർന്ന് വന്നത്. യൗവ്വനയുക്തകളായ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിരിക്കുന്നതിനെക്കുറിച്ച് പല പല വിശദീകരണങ്ങളുമായി ആത്മീയ നേതാക്കളും പണ്ഡിതന്മാരുമൊക്കെ എത്തി. ഇതിനിടയിൽ ഇവരൊക്കെ മറന്നുപോയ ഒരു കാര്യമാണ് ഒരു അയ്യപ്പ ഭക്തന്റെ വിശ്വാസം. തികച്ചും സാധാരണക്കാരനായ ഒരു ഭക്തന്റെ (ശബരിമല ഭക്തരിൽ ഏറെയും അത്തരക്കാരാണു താനും) വിശ്വാസത്തെ ചോദ്യം ചെയ്യുകയും, അല്ലെങ്കിൽ അവനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്ന പ്രസ്താവനകളായിരുന്നു പല മത നേതാക്കളിൽ നിന്നും പണ്ഡിതന്മാരിൽ നിന്നുമൊക്കെ ഉയർന്നു വന്നത്.

ആദ്യമുയർത്തിയ വാദം, ആർത്തവ സമയത്തെ അശുദ്ധിയായിരുന്നു. ആ അശുദ്ധി നിമിത്തം സ്ത്രീകൾക്ക് 41 ദിവസത്തെ വ്രതമെടുക്കാനാവില്ലത്രെ! എന്നാൽ ആർത്തവം അശുദ്ധമാണെന്ന് പറയുന്ന ഒരു കാര്യവും ഹിന്ദു മത ഗ്രന്ഥങ്ങളിലൊന്നും തന്നെ ചൂണ്ടിക്കാണിക്കാനായില്ല ഇക്കൂട്ടർക്ക്. എന്റെ അറിവിൽ, ഹിന്ദു പുരാണങ്ങളിൽ ആർത്തവത്തെ കുറിച്ചുള്ള ഏക പരാമർശം മഹാഭാരതത്തിലേതാണ്.

ചൂതുകളിയിലെ പാണ്ഡവരുടെ പരാജയത്തിനു ശേഷം പണയവസ്തുവായ ദ്രൗപതിയെ, ദുശ്ശാസനൻ സഭയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവരുമ്പോൾ ദ്രൗപതി പറയുന്നുണ്ട് ഞാൻ രജസ്വലയാണെന്ന്. സഭയിൽ ഭീഷ്മരും ദുശ്ശാസനനെ ശാസിക്കുന്നുണ്ട്, രജസ്വലയായ ഒരു സ്ത്രീയെ സഭയിൽ അന്യ പുരുഷന്മാരുടെ മുൻപിലേക്ക് കൊണ്ടുവരാൻ പാടുമോ എന്നു ചോദിച്ച്. പക്ഷെ അവിടെയൊന്നും അശുദ്ധിയുടെ കാര്യം പറയുന്നില്ല.

ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയത്ത്, ഒറ്റവസ്ത്രം മാത്രം ഉടുക്കുകയും, കുളി ഉപേക്ഷിക്കുകയുമൊക്കെ പണ്ട് പതിവായിരുന്നല്ലോ. അത്തരത്തിലൊരു സ്ത്രീ പരസ്യമായി രംഗത്തു വരുന്നതിലുള്ള ഭംഗിക്കുറവു മാത്രമാണ് ഇതിനു കാരണം. മാത്രമല്ല, സ്ത്രീ ശരീരം ആർത്തവ സമയത്ത് അശുദ്ധമാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനുമാവില്ല.

ഇങ്ങനെ വന്നപ്പോഴാണ് പോസറ്റീവ് നെഗറ്റീവ് എനർജികളുടെ കഥകളുമായി, കുറെ മതശാസ്ത്രജ്ഞന്മാർ ഇറങ്ങിയത്. പക്ഷെ ആ ശ്രമവും പരാജയപ്പെടുകയാണ് ഉണ്ടായത്. അപ്പോഴാണ്, തെളിവുകളുടെ പിറകെ ഓടിനടക്കുന്നത് ഉപേക്ഷിച്ച്, വിശ്വാസത്തിൽ മുറുക്കെപ്പിടിക്കാൻ അവർ തീരുമാനിച്ചത്. ബ്രഹ്മചാരീഭാവവും, ആർത്തവ സമയത്ത് സ്ത്രീകൾ ക്ഷേത്ര ദർശനം നടത്തുന്ന പതിവില്ലാത്തതുമൊക്കെ അവർ ചൂണ്ടിക്കാട്ടി.

ഇത് ഭക്തർ ഏറെക്കുറെ സമ്മതിച്ച സമയത്താണ്, ചിലർ, സ്വന്തം സ്വാർത്ഥ താത്പര്യങ്ങൾക്കായി വാവരുടെ പേര് പൊക്കി കൊണ്ടുവന്നത്. ശിവപുരാണത്തിൽ പറയുന്ന ശിവഭൂതങ്ങളിലൊരാളാണ് വാവരെന്നും, ഇതുവരെ നാം വിശ്വസിച്ചിരുന്നതു പോലെ അത് അയ്യപ്പന്റെ സുഹൃത്തായ മുസ്ലിം യോദ്ധാവല്ലെന്നുമൊക്കെ. ഇതാ ഇപ്പോൾ പുതിയൊരു കണ്ടുപിടുത്തം വന്നിരിക്കുന്നു, ശബരിമല അയ്യപ്പ ക്ഷേത്രമാണെന്നും, നാം വിശ്വസിച്ചിരുന്നതുപോലെ ധർമ്മശാസ്താക്ഷേത്രമല്ലെന്നും.

ധർമ്മ ശാസ്താവിന്റെ അവതാരമായ അയ്യപ്പൻ തന്റെ കടമകൾ നിർവ്വഹിച്ച ശേഷം ഇവിടെയെത്തി ധർമ്മശാസ്താവിൽ വിലയം പ്രാപിച്ച ഐതിഹ്യമാണ് ആധാരമായി കൊണ്ടുവരുന്നത്. മാത്രമല്ല, കൂടുതൽ വിശ്വാസ്യത നൽകാനായി, ക്ഷേത്ര പുനരുദ്ധാരണത്തിനു ശേഷം പുനഃപ്രതിഷ്ഠ നടത്തിയപ്പോൾ ശാസ്താവിനു പകരം പ്രതിഷ്ഠിച്ചത് അയ്യപ്പനേയാണെന്നും പ്രസ്താവിച്ചിരിക്കുന്നു.ശബരി മല മാത്രമാണത്രെ, ലോകത്തിലെ ഏക അയ്യപ്പക്ഷേത്രം. മറ്റെല്ലാം ശാസ്താക്ഷേത്രങ്ങളാണത്രെ!

ഇപ്പോൾ സുപ്രീം കോടതിയിലിരിക്കുന്ന, സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിനെ ബാധിക്കാതിരിക്കാനാണ് ഈ പേരുമാറ്റവും വിശദീകരണവുമെന്നൊക്കെ പറഞ്ഞു കേൾക്കുന്നുണ്ട്. അതിനെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയുവാനില്ല. പറയേണ്ടത്, ഹിന്ദു മത സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവരുടെ ഇരട്ടത്താപ്പ് ഹൈന്ദവ ഭക്തരുടെ വിശ്വാസത്തേയും ഭക്തിയേയും വിപരീതമായി ബാധിക്കുമെന്നതാണ്.

ശാസ്താം പാട്ടുകളിൽ പാടികേൾക്കുന്ന ശാസ്താചരിതമാണ് ആരുടെ മനസ്സിലും അയ്യപ്പനെക്കുറിച്ചുള്ള ആദ്യ അറിവ് നൽകിയിട്ടുണ്ടാവുക. ഭക്തി മുളപ്പിച്ചിട്ടുണ്ടാവുക. മോഹിനിയിൽ പിറന്ന ബാലനെ കഴുത്തിലൊരു മണികെട്ടി കാട്ടിലുപേക്ഷിക്കുന്നതും, പന്തളത്ത് രാജാവ് എടുത്തു വളർത്തുന്നതും പുലിപ്പാലുകൊണ്ടുവരുന്നതുമൊക്കെയായ കഥകൾ തന്നെയാണ് ഒരു അയ്യപ്പ ഭക്തന്റെ മനസ്സിൽ എന്നും ഉണ്ടാവുക. ആ അയ്യപ്പനെയാണ് അവൻ വിശ്വസിക്കുന്നതും, ഭക്തിപുരസ്സരം ആരാധിക്കുന്നതും.

അതുപോലെത്തന്നെയാണ് വാവരുടെ കഥയും. മതത്തിന് സാമൂഹ്യ ജീവിതത്തിൽ ഏറെ പ്രസക്തിയൊന്നുമില്ലാതിരുന്ന ഭൂതകാലങ്ങളിലൊന്നും വാവരുടെ അസ്ഥിത്വം ആരും ചോദ്യം ചെയ്തിരുന്നില്ല. അയ്യപ്പൻ കഥകളിലെ, അയ്യപ്പന്റെ തോഴനായി ഉദയനനും മറ്റു കാട്ടുകൊള്ളക്കാർക്കുമൊക്കെ എതിരെ പടനയിച്ച വാവർ എന്ന മുസ്ലിം യോദ്ധാവ്,എന്നും അയ്യപ്പ ഭക്തർ ഭക്തിപുരസ്സരം ആരാധിക്കുന്ന ഒരു സങ്കല്പം തന്നെയാണ്.

ആർത്തവ അശുദ്ധിക്കും, ബ്രഹ്മചാര്യ ഭാവത്തിനുമൊക്കെ വിശ്വാസത്തിന്റെ പിൻബലം നൽകുന്നവർ പക്ഷെ, കഴുത്തിലണിഞ്ഞ മണിയോടെ പരമശിവൻ കാട്ടിലുപേക്ഷിച്ച ബാലനും, അവന്റെ സുഹൃത്തായ മുസ്ലിം യോദ്ധാവുമൊക്കെ അന്ധവിശ്വാസമാണെന്ന് ഒരു പുലരിയിൽ പ്രസ്താവനകളിറക്കുമ്പോൾ, ഇത്രനാളും മനസ്സിലിട്ട് ഊട്ടിയുറപ്പിച്ച വിശ്വാസത്തിന്റെ അടിത്തറ തകരുകയാണ് ചെയ്യുന്നത്.

ചിലകാര്യങ്ങളിൽ വിശ്വാസമാകാം മറ്റുചിലതിൽ അത് പാടില്ല എന്ന ഈ വൈരുദ്ധ്യാത്മക ആത്മീയവാദം ഹിന്ദുത്വത്തിന്റെ അന്തഃസത്തക്ക് തന്നെ എതിരാണ്. ഇന്ന്, സ്വാർത്ഥ താത്പര്യങ്ങൾക്കായി ചിലർ മതവിശ്വാസത്തെ ഉപയോഗിക്കുന്നത്, രാഷ്ട്രീയമായോ മറ്റെന്തെങ്കിലും വിധത്തിലോ ലാഭമുണ്ടാക്കാനായിരിക്കും. പക്ഷെ ഇത് അനേകം ഭക്തരിൽ കാലകാലങ്ങളായി നിലനിൽക്കുന്ന വിശ്വാസത്തെ തകർക്കാൻ മാത്രമേ ഉപകരിക്കൂ.

ഹിന്ദുത്വത്തിന്റെ സംരക്ഷകരെന്ന് സ്വയം വേഷം കെട്ടിയെത്തുന്ന ഇത്തരക്കാരാണ് ഹിന്ദു മതത്തിനും അതിന്റെ ആശയങ്ങൾക്കും പൊരുളുകൾക്കും ഏറ്റവും കൂടുതൽ നാശമുണ്ടാക്കുക എന്ന് നാം തിരിച്ചറിയണം. ശബരിമലയിൽ യൗവ്വനയുക്തകളായ സ്ത്രീകൾ പ്രവേശിക്കരുതെങ്കിൽ, അത് ശരിയായ വാദമുഖങ്ങളിലൂടെ കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിക്കണം. ഇന്ന് നാം ജീവിക്കുന്ന പരിഷ്‌കൃത സമൂഹത്തിൽ, കോടതികൾക്കു ഭരണഘടനക്കുമൊക്കെ അതീവ പ്രാധാന്യമുണ്ട്. അതൊക്കെ നിഷേധിച്ചുകൊണ്ട് ഇവിടെ ജീവിക്കാനാകില്ല.

ഇനി അതിനു കഴിഞ്ഞില്ലെങ്കിൽ, കോടതി വിധി അനുസരിക്കുക. യഥാർത്ഥത്തിൽ സ്ത്രീ പ്രവേശനം അരുതെന്നാണ് ഭഗവാന്റെ മനോഭാവമെങ്കിൽ, അതിനുള്ള മറുപടി അദ്ദേഹം തന്നെ നൽകും. എന്തിനാണ് ഭഗവാനേക്കാൾ വലിയ ഭഗവാൻ ചമഞ്ഞ് മഹത്തായ ഒരു സംസ്‌കൃതിയെ ഇല്ലാതെയാക്കുന്നത്?