ന്യൂഡൽഹി:  ഭരണഘടനാപരമായ ധാർമികതയിലൂന്നി ശബരിമല യുവതീപ്രവേശ വിഷയത്തിൽ സുപ്രീംകോടതി പ്രസ്താവിച്ച വിധി നിയമങ്ങൾ പരീക്ഷിക്കാൻ ഉപയോഗിക്കപ്പെടുന്നുവോ എന്ന ആശങ്ക പ്രകടിപ്പിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ. സുപ്രീംകോടതി ഭരണഘടനാ ധാർമികതയ്ക്ക് പ്രാധാന്യം നൽകുന്നത് അത്യന്തം അപകടകരമാണെന്നും് അറ്റോർണി ജനറൽ പറയുന്നു. അതെങ്ങോട്ടാണ് നമ്മളെ നയിക്കുക എന്നകാര്യം വ്യക്തമല്ല. ലോകത്ത് മറ്റേതൊരു മേൽക്കോടതിക്കും ലഭിച്ചിട്ടില്ലാത്തത്ര വിശാലാധികാരമാണ് ഇന്ത്യയിലെ സുപ്രീംകോടതിക്കുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ സെപ്റ്റംബർ 28ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 4:1 വിധിയാണ് പ്രസ്താവിച്ചത്. യുവതീ പ്രവേശത്തെ അനുകൂലിക്കാതിരുന്ന ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധി യാഥാർഥ്യത്തിലേക്കു വെളിച്ചം വീശുന്നതാണെന്നും ജെ. ദാദചൻജി സ്മാരക സംവാദത്തിൽ വേണുഗോപാൽ പറഞ്ഞു. ''സുപ്രീംകോടതി പാർലമെന്റിന്റെ മൂന്നാം സഭയാകുമെന്ന മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ ഭയം സത്യമായേക്കും. ഭരണഘടനയുടെ 142-ാം അനുച്ഛേദം സുപ്രീംകോടതിക്കു നല്കുന്നത്, തങ്ങൾക്കു മുമ്പിലെത്തുന്ന വിഷയങ്ങളിൽ പൂർണനീതി നല്കുന്നതിനുള്ള അധികാരമാണ്. എന്നാൽ ഒരുപരിധിയുമില്ലാതെ അധികാരം ചുരത്തുന്ന കാമധേനുവായാണ് അത്യുന്നതകോടതി ഈ വകുപ്പിനെ കാണുന്നത്''- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഓരോ വ്യക്തിക്കും വിശ്വാസപരമായ അവകാശമുണ്ടെന്നും അതിൽ മറ്റാർക്കും, കോടതിക്കുൾപ്പെടെ, ഇടപെടാനാവില്ലെന്നുമാണ് ഭരണഘടനാപരമായ ധാർമികത ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയിൽ പറയുന്നു. വിശ്വാസപരമായ കാര്യങ്ങളിൽ കോടതിക്ക് ഇടപെടാനാവില്ല. അതേസമയം, മറ്റു ജഡ്ജിമാർ അവരുടെ തീരുമാനത്തെ ഭരണഘടനാപരമായ ധാർമികതിയിലൂന്നി സമത്വത്തിന്റെ പ്രശ്‌നമായി ന്യായീകരിക്കുന്നു. നിയമത്തിനു മുന്നിൽ സമത്വമെന്നത് ഏതു വിഭാഗത്തിൽ പെട്ട സ്ത്രീയെയും വേർതിരിക്കാതെ ഒന്നായി കാണുന്നതാണ്. ഇങ്ങനെ പരമോന്നത നീതിപീഠത്തിലെ ഒരേ ബെഞ്ച് ഭരണഘടനയുടെ ധാർമികതയെ തികച്ചും വ്യത്യസ്തമായ വിധം വ്യാഖ്യാനിച്ചു വിധി പറയുന്നത് അപകടകരമാണ്.

ശബരിമല കസിൽ യുവതീപ്രവേശത്തെ ഒരു ജഡ്ജി (ഇന്ദു മൽഹോത്ര) എതിർത്തതു വിശ്വാസത്തിന്റെ കാര്യത്തിൽ ഇടപെടാനാവില്ലെന്നു പറഞ്ഞാണ്. എന്നാൽ മറ്റു നാലുപേരും ഭരണഘടനാ ധാർമികതയെ കൂട്ടുപിടിച്ചു. വ്യക്തിയുടെ വിഷയത്തിലാണ് ഇടപെടുന്നതെങ്കിൽ ഇതുശരിയാണ്. എന്നാൽ ഒരു വലിയ വിഭാഗത്തിന്റെ വിഷയത്തിലാണു സുപ്രീംകോടതി ഇടപെടുന്നത്. ഭരണഘടനാ ധാർമികതവെച്ച് യുവതികൾക്കു പ്രവേശിക്കാമെന്ന് ഒരാൾ പറയുന്നു. മറ്റൊരാൾ പറ്റില്ലെന്നും. സുപ്രീംകോടതി ബെഞ്ച് വ്യത്യസ്തശബ്ദങ്ങളിൽ സംസാരിച്ചാൽ അതൊരു അപകടകരമായ ആയുധമാകും. നിങ്ങൾക്കത് ഉപയോഗിക്കാനാവില്ല. ഉപയോഗിച്ചാൽ എവിടെച്ചെന്നവസാനിക്കുമെന്ന് ഉറപ്പില്ലാത്ത ഗുരുതരമായ മുറിവുണ്ടാക്കും.

ഈ ആശയ ഭിന്നത വരുംനാളുകളിൽ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങിയേക്കാം. സുപ്രീം കോടതിക്ക് നിയമം നിർമ്മിക്കാനാവില്ല. നിയമനിർമ്മാണസഭകളുടെ അധികാരം പ്രയോഗിക്കാൻ സുപ്രീംകോടതി ശ്രമിക്കുന്നത് ഭരണഘടനയുടെ പരമാധികാരം സ്ഥാപിക്കലല്ല, മറിച്ച് സുപ്രീം കോടതിയുടെ പരമാധികാരം സ്ഥാപിക്കലാണ്. ഇത് അനുവദിക്കാനാവുന്നതല്ല - അറ്റോർണി ജനറൽ പറഞ്ഞു. ജുഡീഷ്യറിയും നിയമനിർമ്മാണസഭയും തമ്മിലുണ്ടായ കലഹത്തിന്റെ ചരിത്രവും അദ്ദേഹം ഓർമിപ്പിച്ചു. ആദ്യഘട്ടത്തിൽ, ഭൂപരിഷ്‌കരണവും ബാങ്ക് ദേശസാത്കരണവും സുപ്രീംകോടതി റദ്ദാക്കിയത് തുല്യത ഇല്ലാതാക്കുമെന്ന കാരണത്താലാണ്. അതിനു ഭരണഘടനയെയാണ് അവർ കൂട്ടുപിടിച്ചത്- അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധികളെ ലഘൂകരിക്കാൻ മാത്രമാണു ഭരണഘടനാഭേദഗതികൾ ഉപയോഗിക്കുന്നതെന്ന സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഹിദായത്തുള്ളയുടെ പരാമർശവും അദ്ദേഹം ആവർത്തിച്ചു. അങ്ങനെ സുപ്രീംകോടതിയെ കടന്നാക്രമിക്കുകയാണ് അറ്റോർണി ജനറൽ. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പമാണ് താനെന്ന് വേണുഗോപാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു.