ശബരിമല: കലിയുഗവരദനായ ധർമ്മശാസ്താവിന്റെ തിരുമുമ്പിൽ കനിവിനായി എത്തുന്ന ഭക്തന് സ്‌നാനകർമ്മത്തിലൂടെ പുണ്യം പകരുകയാണ് സന്നിധിയിലുള്ള ഭസ്മക്കുളം. ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ച് ദേഹശുദ്ധി വരുത്തി പതിനെട്ടാം പടി ചവിട്ടുന്ന ഭക്തൻ ശബരിമലയുടെ അതേ പ്രാധാന്യം തന്നെയാണ് ഈ പുണ്യതീർത്ഥത്തിനും നൽകിയിരിക്കുന്നത്.

നടുക്ക് കരിങ്കൽ പാകിയതും, നാലുവശവും കൽപ്പടവുകളാൽ നിർമ്മിതമായതുമായിരുന്നു ഭസ്മക്കുളം. ഉരക്കുഴി തീർത്ഥത്തിൽ നിന്നുള്ള ജലമാണ് ഇവിടെയ്ക്ക് എത്തിയിരുന്നത്. നേരത്തെതന്നെ ക്ഷേത്രം പൂജാരിമാർ ഭസ്മക്കുളത്തിൽ മുങ്ങിക്കുളിച്ചാണ് ശാന്തി നടത്തിയിരുന്നത്. ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കിയിരുന്നത് ഇതിനടുത്തുള്ള പാത്രക്കുളത്തിലാണ്. മനുഷ്യരുടെ കരവിരുതുകളൊന്നുമില്ലാതെ ഭസ്മക്കുളത്തിൽ നിന്നും ജലം പാത്രക്കുളത്തിലേക്ക് ഒഴുകിയെത്തിയിരുന്നതിനാൽ തന്നെ ഏതു നിമിഷവും ഇവിടുത്തെ ജലം ശുദ്ധമായിരുന്നു.

വർഷങ്ങൾക്ക് മുമ്പ് സന്നിധാനത്തുള്ള ഫ്‌ളൈഓവറിനടുത്തായിരുന്ന കുളം പിന്നീട് ഭക്തരുടെ എണ്ണം കൂടിയതിനാൽ ജലരാശി കണ്ടെത്തി ശ്രീകോവിലിന് പിൻഭാഗത്തേക്ക് മാറ്റുകയായിരുന്നു.

പുണ്യനദിയായ പമ്പയിലും ഭസ്മക്കുളത്തിലും മുങ്ങി മനഃശുദ്ധിയും ശരീരശുദ്ധിയും വരുത്തി തിരുസന്നിധിയിലെത്തി ശയനപ്രദിക്ഷിണം നടത്തിയാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ഭഗവത് ദർശനത്തിന് ശേഷം ഭസ്മക്കുളത്തിൽ സ്‌നാനം നടത്തി തിരിച്ചുവന്നാണ് മുൻപ് നെയ്യഭിഷേകം നടത്തിവന്നിരുന്നെന്നും പഴമക്കാർ പറയുന്നു. സോപ്പോ, എണ്ണയോ ഉപയോഗിച്ച് ജലം മലിനപ്പെടുത്താൻ പാടില്ലെന്ന ശക്തമായ നിയന്ത്രണം ഒരു പരിധിവരെ ഭക്തർ ഇത് പാലിച്ചുപോരുന്നു.

പകലും രാത്രിയുലുമായി രണ്ട് ജോലിക്കാർ വീതമാണിവിടെ ശുചീകരണ പ്രക്രിയകൾ നിയന്ത്രിക്കുന്നതിനായി ക്യാമ്പ് ചെയ്യുന്നത്. രണ്ട് പമ്പുകൾ മാറി മാറി ഉപയോഗിച്ചാണ് ഇവിടെ ജലം ശുദ്ദീകരിക്കുന്നത്. പമ്പ് ചെയ്യുന്ന ജലം ആദ്യം ഫ്‌ളോക്കുലേറ്റിലേക്കെത്തിക്കുകയും പിന്നീട് ഇലക്‌ട്രോ കെമിക്കൽ ചേർത്ത് വീണ്ടു ശുദ്ദീകരിച്ചാണ് സംഭരണ ടാങ്കിലേക്ക് കടത്തിവിടുന്നത്. പ്രതിദിനം അൻപതിനായിരം ലിറ്റർ ജലമാണ് ഇത്തരത്തിൽ ശുദ്ദീകരിക്കുന്നത്. ഈപ്രക്രിയ ദിവസത്തിൽ പലതവണയായ് നടക്കുന്നുമുണ്ട്. ഈതീർത്ഥാടനകാലത്തിന്റെ ആരംഭത്തിൽ ഇവിടെക്കുള്ള ജലത്തിന്റെ ശുദ്ദീകരണം മുടങ്ങിയിരുന്നു. ഇതോടെ ആദ്യദിനങ്ങളിൽ മലിനജലത്തിലാണ് തീർത്ഥാടകർ സ്‌നാനം നടത്തിയത്. ഇത് ശക്തമായ പ്രതിഷേധങ്ങൾക്കും, പരാതികൾക്കും ഇടയാക്കുകയും തുടർന്ന് അധികൃതർ അടിയന്തിരനടപടി സ്വീകരിച്ച് ജലം ശുദ്ദീകരിക്കുകയും ചെയ്യുകയാണ് ഉണ്ടായത്.

ഭസ്മക്കുളത്തിലെ ജലത്തിൽ മുങ്ങി പുണ്യതേടി പഞ്ചഭൂതനാഥനായ അയ്യപ്പഭഗവാന്റെ മുന്നിൽ തൊഴുകൈകളോടെ എത്തുന്ന ഭക്തരുടെ എണ്ണം ഓരോ നിമിഷവും കൂടിവരികയാണ്.