ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ബെഞ്ച് പുനഃസംഘടിപ്പിച്ചു. നിലവിലുണ്ടായിരുന്ന ജസ്റ്റിസുമാരായ കുര്യൻ ജോസഫിനെയും ഗോപാലഗൗഡയെയും ഒഴിവാക്കി.

ഇവർക്കു പകരം ജസ്റ്റിസുമാരായ ഭാനുമതിയെയും സി നാഗപ്പനെയുമാണു ബെഞ്ചിൽ ഉൾപ്പെടുത്തിയത്. അധ്യക്ഷനു മാറ്റമില്ല. ജസ്റ്റിസ് ദീപക് മിശ്ര തന്നെയായിരിക്കും ബഞ്ചിന്റെ അധ്യക്ഷൻ.

രണ്ട് ജഡ്ജിമാരെ മാറ്റിയതിനാൽ കേസ് ആദ്യം മുതൽ വീണ്ടും കേൾക്കേണ്ടി വന്നേക്കും. ശബരിമലയിൽ പ്രായഭേദ്യമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന കേസിൽ അന്തിമ വാദം കേൾക്കുന്ന ബെഞ്ചാണ് പുനഃസംഘടിപ്പിച്ചത്.

സാധാരണ ഗതിയിൽ അന്തിമ വാദം കേൾക്കുന്ന ബെഞ്ച് പുനഃസംഘടിപ്പിക്കാറില്ല. ജഡ്ജിമാർ മറ്റ് മറ്റ് കേസുകളുടെ തിരക്കിലായതിനാലോണോ ബഞ്ച് പുനഃസംഘടിപ്പിച്ചതെന്ന് വ്യക്തമല്ല. ബഞ്ച് പുനഃസംഘടിപ്പിക്കുമ്പോൾ കോടതി കാരണങ്ങൾ വിശദീകരിക്കാറില്ല. കേസിൽ ഹർജിക്കാരുടെ ആദ്യ ഘട്ട വാദം പൂർത്തിയായതാണ്. ദേവസ്വം ബോർഡിന്റെ വാദമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.