ശബരിമല: സന്നിധാനത്തും പമ്പയിലും മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തിൽ 11, 12, 13 തീയ്യതികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. കേരളം, തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നായി 2000ത്തിൽ പരം സന്നദ്ധ സേവകർ ഇതിൽ പങ്കാളികളാകും. പ്രകൃതി സംരക്ഷണത്തിന്റെയും പരിസര ശുചീകരണത്തിന്റെയും ഭാഗമായി, 2010ൽ മഠം ആരംഭിച്ച 'അമലഭാരതം' പദ്ധതിയുടെ ഭാഗമായാണ് ശബരിമലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

തുടർച്ചയായ എട്ടാമത്തെ തവണയാണ് സന്നദ്ധസേവകർ ശുചീകരണലക്ഷ്യവുമായി ശബരിമലയിലേയ്ക്കെത്തുന്നത്. പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ചപ്പുചവറുകളും പാഴ്‌വസ്ത്രങ്ങളും സൃഷ്ടിച്ച ഭീതിദമായ അവസ്ഥയിൽ നിന്നും ശബരിമലയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, അമൃത സർവ്വകലാശാലയുടെ വിവിധ ക്യാംപസ്സുകളിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും, മഠത്തിന്റെ വിവിധ ശാഖകളിൽ നിന്നുള്ള ഭക്തരും ആശ്രമാന്തേവാസികളുമെല്ലാം ശുചീകരണയജ്ഞത്തിൽ പങ്കാളികളാകും. സന്നിധാനം, പമ്പ, മരക്കൂട്ടം, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെ മാലിന്യ നിർമ്മാർജ്ജനത്തിനാണ് ഇത്തവണ പ്രാധാന്യം നൽകുന്നത്.