- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞങ്ങളെ മാറ്റി നിർത്തുന്നത് ദയവായി തുടരണമേ' എന്ന് സ്ത്രീകൾ അലറിവിളിക്കുമ്പോൾ; പ്രിയപ്പെട്ട മുരുകാനന്ദം നിരക്ഷരരായ പാവങ്ങളുടെ ഗ്രാമത്തിൽ അന്ന് നിങ്ങൾ നേരിട്ട പ്രതിബന്ധങ്ങൾ എത്രയോ ചെറുതാണ്
ഇതാണ് പത്മശ്രീ അരുണാചലം മുരുകാനന്ദൻ .ഇന്ത്യയുടെ ആർത്തവ പുരുഷൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ സാനിറ്ററി നാപ്കിൻ നിർമ്മിക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്ത ഈ മനുഷ്യൻ അക്കാഡമിക് യോഗ്യതകളൊന്നും ഇല്ലാത്ത തമിഴ്‌നാട്ടിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഒരു സാധാരണക്കാരനാണ്. വർഷങ്ങൾക്ക് മുൻപ് തന്റെ ഭാര്യ അവരുടെ ആർത്തവകാലത്ത് അദ്ദേഹത്തിന്റെ മുന്നിലൂടെ മറച്ചുപിടിച്ച തുണികൾ കൊണ്ടുപോകുന്നത് കണ്ട ജിജ്ഞാസയിൽ നിന്നാണ് അദ്ദേഹത്തിലെ ഗവേഷകൻ ഉണരുന്നത്. എന്തിനാണ് തുണികൾ എന്ന് ചോദിച്ച അദ്ദേഹത്തോട് മറുപടി പറയാൻ പോലും ഭാര്യക്ക് നാണക്കേടായി. ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ അതിന് കടയിൽ നിന്ന് പാഡ് വാങ്ങാമല്ലോ പഴന്തുണികൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന മുരുകാനന്ദന്റെ ചോദ്യത്തിന് ഭാര്യ നൽകിയ ഉത്തരം അദ്ദേഹത്തിന്റെ നെഞ്ചു തകർത്തു. ഇങ്ങനെ ഓരോ ആർത്തവത്തിനും പുറത്ത് നിന്നും വിലകൂടിയ പാഡുകൾ വാങ്ങിയാൽ കുഞ്ഞുങ്ങൾക്ക് കുടിക്കാനുള്ള പാല് വാങ്ങാൻ പോലും വരുമാനം തികയില്ലെന്നായിരുന്നു അവരുടെ ഉത്തരം.
ഇതാണ് പത്മശ്രീ അരുണാചലം മുരുകാനന്ദൻ .ഇന്ത്യയുടെ ആർത്തവ പുരുഷൻ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ സാനിറ്ററി നാപ്കിൻ നിർമ്മിക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്ത ഈ മനുഷ്യൻ അക്കാഡമിക് യോഗ്യതകളൊന്നും ഇല്ലാത്ത തമിഴ്‌നാട്ടിൽ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച ഒരു സാധാരണക്കാരനാണ്. വർഷങ്ങൾക്ക് മുൻപ് തന്റെ ഭാര്യ അവരുടെ ആർത്തവകാലത്ത് അദ്ദേഹത്തിന്റെ മുന്നിലൂടെ മറച്ചുപിടിച്ച തുണികൾ കൊണ്ടുപോകുന്നത് കണ്ട ജിജ്ഞാസയിൽ നിന്നാണ് അദ്ദേഹത്തിലെ ഗവേഷകൻ ഉണരുന്നത്. എന്തിനാണ് തുണികൾ എന്ന് ചോദിച്ച അദ്ദേഹത്തോട് മറുപടി പറയാൻ പോലും ഭാര്യക്ക് നാണക്കേടായി. ഒടുവിൽ കാര്യം അറിഞ്ഞപ്പോൾ അതിന് കടയിൽ നിന്ന് പാഡ് വാങ്ങാമല്ലോ പഴന്തുണികൾ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്ന മുരുകാനന്ദന്റെ ചോദ്യത്തിന് ഭാര്യ നൽകിയ ഉത്തരം അദ്ദേഹത്തിന്റെ നെഞ്ചു തകർത്തു. ഇങ്ങനെ ഓരോ ആർത്തവത്തിനും പുറത്ത് നിന്നും വിലകൂടിയ പാഡുകൾ വാങ്ങിയാൽ കുഞ്ഞുങ്ങൾക്ക് കുടിക്കാനുള്ള പാല് വാങ്ങാൻ പോലും വരുമാനം തികയില്ലെന്നായിരുന്നു അവരുടെ ഉത്തരം. ഒരു ദരിദ്ര കുടുംബത്തിന് താങ്ങാവുന്നതല്ല പാഡുകളുടെ വിലയെന്ന് ബോധ്യപ്പെട്ട മുരുകാനന്ദൻ ചിലവുകുറഞ്ഞ പാഡുകൾ കണ്ടെത്താനുള്ള ശ്രമം അവിടെ നിന്നും ആരംഭിച്ചു.
അദ്ദേഹം ആദ്യകാലത്ത് ഉണ്ടാക്കിയ പാഡുകൾ പരീക്ഷിക്കാൻ തന്റെ ഭാര്യ പോലും തയ്യാറായില്ല. എന്ന് മാത്രമല്ല ചില ഗവേഷക വിദ്യാർത്ഥിനികളുമായി അദ്ദേഹം ഇതിന്റെ പുറകിൽ പായുന്നത് കണ്ട് ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചുപോയി! ആർത്തവത്തെ അങ്ങേയറ്റം അശുദ്ധമായും അപമാനമായും കാണുന്ന ഒരു സമൂഹത്തെയാണ് മുരുകാനന്ദൻ കണ്ടത്. അതിന്റെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങളും അറിയാതെ അദ്ദേഹത്തിന് മുന്നോട്ടു പോകാൻ കഴിയുമായിരുന്നില്ല. തന്റെ പരീക്ഷണങ്ങൾ നടത്തുന്നതിന്റെ ഭാഗമായി ഇറച്ചിക്കട നടത്തുന്ന തന്റെ സുഹൃത്തുക്കളിൽ നിന്നും ആടിന്റെ രക്തം സംഘടിപ്പിച്ച് വയറിന്റെ അടിഭാഗത്തായി പ്രത്യേകരീതിയിൽ കെട്ടിവച്ച് സൈക്കിൾ ചവിട്ടിയും നടന്നും ഓടിയും അദ്ദേഹം 'ആർത്തവത്തെ സൃഷ്ടിച്ചു!' മൃഗരക്തം പുരണ്ട അടിവസ്ത്രങ്ങൾ കണ്ട് അദ്ദേഹത്തിന് ഗുരുതരമായ ലൈംഗിക രോഗമാണെന്ന് നാട്ടുകാർ പറഞ്ഞ് പരത്തി.
മകന്റെ 'ഭ്രാന്ത്' കണ്ട് സ്വന്തം അമ്മയും പിണങ്ങിപ്പോയി. എന്നിട്ടൊന്നും അദ്ദേഹം തളർന്നില്ല. ഏറെക്കാലത്തെ അന്വേഷണങ്ങൾക്കും പരിശ്രമങ്ങൾക്കും ഫലമായി ഏറ്റവും ചെലവ് കുറഞ്ഞ സാനിറ്ററി നാപ്കിൻ അദ്ദേഹം വികസിപ്പിച്ചു. ഉപകരണത്തിന് പേറ്റന്റ് എടുത്തു. അനേകം ഭീമൻ കമ്പനികൾ അദ്ദേഹത്തെ തേടിയെത്തി. എന്നാൽ തന്റെ കണ്ടുപിടുത്തം പാവങ്ങൾക്ക് വേണ്ടിയാണെന്ന് പറഞ്ഞ അദ്ദേഹം വനിതാസംഘങ്ങൾ വഴി സമൂഹത്തിലെ ഏറ്റവും സാധാരണക്കാർക്ക് വേണ്ടി അത് വിനിയോഗിച്ചു. അദ്ദേഹത്തിന്റെ നന്മയും ബുദ്ധിയും തിരിച്ചറിഞ്ഞ ഭാര്യയും അമ്മയും മടങ്ങിവന്നു. പ്രശസ്തിയുടെ കൊടുമുടികളിലേക്ക് അദ്ദേഹം ഉയർന്നു. അനേകം രാജ്യങ്ങളിൽ തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചു. സാനിറ്ററി നാപ്കിൻ നിർമ്മാണരംഗത്ത് നിൽക്കുന്ന വമ്പൻ കമ്പനികളുടെ ചൂഷണം തന്റെ ജീവിതം കൊണ്ട് അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യയിലെ ഏതാണ്ട് ഇരുപത്തിമൂന്നോളം സംസ്ഥാനങ്ങളിൽ അദ്ദേഹത്തിന്റെ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണയൂണിറ്റുകൾ പ്രവർത്തിക്കുന്നു. അനേകം സ്ത്രീകൾക്ക് വരുമാനമാർഗ്ഗവും ചിലവുകുറഞ്ഞതും സുരക്ഷിതവുമായ പാഡുകൾ ഉപയോഗിക്കുവാനും മുരുകാനന്ദൻ കാരണമായി.
അദ്ദേഹത്തിന്റെ സ്തുത്യർഹമായ പരിശ്രമത്തിന് രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 2014 ൽ ടൈംസ് ഓഫ് ഇന്ത്യ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ ഇന്ത്യക്കാരിൽ ഒന്നായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പാഡ്മാൻ എന്ന പേരിൽ ഡോക്കുമെന്ററികളും ചലച്ചിത്രങ്ങളും പാഡുകൾ ഉപയോഗിക്കാനുള്ള ബോധവൽക്കരണ ചലഞ്ചുകളും ആരംഭിച്ചു. ബോളിവുഡ് നടന്മാർ അദ്ദേഹത്തിന്റെ ചലഞ്ചുകൾ ഏറ്റെടുത്തു ബോധവൽക്കരണ പരസ്യങ്ങളിൽ അഭിനയിച്ചു. ബ്രാൻഡഡ് പാഡുകൾ വാങ്ങാൻ പണമില്ലാത്ത ആർത്തവത്തിന്റെ പേരിൽ ദുരിതമനുഭവിക്കുന്ന പണമില്ലാത്ത പാവപ്പെട്ട സ്ത്രീകളുടെ അഭിമാനമാണ് അദ്ദേഹം ഉയർത്തിയത്.
ഇത്രയും പറഞ്ഞ് വന്നത് ആർത്തവത്തെക്കുറിച്ച് പഠിക്കാനിറങ്ങിയ മുരുകാനന്ദം നേരിട്ട ദുരനുഭവങ്ങൾ അദ്ദേഹം വിവരിച്ചിട്ടുണ്ട്. അദ്ദേഹം അപമാനിക്കപ്പെട്ടു. കുടുംബത്തിൽപോലും ഒറ്റപ്പെട്ടു. ആർത്തവത്തെ കുറിച്ച് ഇന്ത്യൻ സമൂഹങ്ങളിൽ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലുമുള്ളത് രോഗാതുരമായ ഒരു പ്രാകൃതബോധമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പരമോന്നത നീതിപീഠം നടത്തിയ ചരിത്രപ്രാധാന്യമുള്ള ഒരു വിധിയെ അപലപിച്ച് സാക്ഷര കേരളത്തിലെ സ്ത്രീ സമൂഹങ്ങൾ പോലും തെരുവിൽ ഇറങ്ങി ''ഞങ്ങളെ മാറ്റി നിർത്തുന്നത് ദയവായി തുടരണമേ'' എന്ന് അലറിവിളിക്കുമ്പോൾ ..ആചാരങ്ങളുടെ പേരുപറഞ്ഞ് ''വിശുദ്ധ അടിമത്തങ്ങൾക്ക് യുക്തിപരതുമ്പോള്'' ഇവിടെ ആധുനികവിദ്യാഭ്യാസമുള്ള സ്ത്രീ-പുരുഷന്മാർ കൂട്ടംകൂട്ടമായി കോടതിവിധിക്കെതിരെ നിലവിളിക്കുമ്പോൾ വോട്ടുബാങ്ക് രാഷ്ട്രീയവും മതധ്രുവീകരണത്തിന് തക്കം പാർത്തിരിക്കുന്ന വർഗ്ഗീയസംഘടനകളും ഉപ്പും മുളകും ചേർത്ത് പ്രശ്‌നങ്ങളെ പെരുപ്പിക്കുമ്പോൾ പ്രിയപ്പെട്ട മുരുകാനന്ദം നിരക്ഷരരായ പാവങ്ങളുടെ ഗ്രാമത്തിൽ അന്ന് നിങ്ങൾ നേരിട്ട പ്രതിബന്ധങ്ങൾ എത്രയോ ചെറുതാണ്, ആ പാവങ്ങളെ ആർക്കാണ് കുറ്റംപറയാനാവുക!