ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ ദേവസ്വം ബോർഡ് സാവകാശ ഹർജി നൽകി. അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് ഹർജിയിലെ മുഖ്യവാദം. വിധി നടപ്പാക്കാൻ തയാറാണെന്നും അതിന് സാവകാശം വേണമെന്നുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. ശബരിമല വിധി ഗുരുതരമായ ക്രമസമാധാന പ്രശനങ്ങൾക്ക് ഇടയാക്കിയതായി ഹർജിയിൽ പറയുന്നു. ശബരിമലയ്ക്ക് ചുറ്റും തന്നെ പ്രശനങ്ങൾ ഉണ്ടായി. ചില വ്യക്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ശക്തമായ പ്രതികരണത്തിന് ഇടയാക്കി.

ചിത്തിര ആട്ട സമയത്തും തുലാമാസത്തിലും നട തുറന്നപ്പോൾ ദർശനത്തിന് എത്തിയ യുവതികൾക്ക് പ്രതിഷേധം കാരണം മടങ്ങി പോകേണ്ടി വന്നു. ആയിരത്തോളം യുവതികൾ ഈ സീസണിൽ ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ദർശനത്തിനായി എത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്. നിലവിൽ അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ ആകില്ല. അസാധാരണമായ സുരക്ഷ ഒരുക്കിയിട്ടും യുവതികളായ തീർത്ഥാടകരെ ഭീഷണിപ്പെടുത്തുന്നതും തടയുന്നതും തുടരുകയാണ്. തെമ്മാടിത്തവും കയ്യേറ്റവും മാധ്യമങ്ങളിൽ ആവർത്തിച്ചു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ആകാത്തതും ഈ സാഹചര്യങ്ങളും പരിഗണിച്ചു വിധി നടപ്പാക്കാൻ സാവകാശം അനുവദിച്ചു ഉത്തരവ് ഇറക്കണമെന്ന ആവശ്യം.

സാവകാശം തേടിയുള്ള ഹർജി നൽകാമെന്ന കാര്യത്തിൽ അനുകൂലമായ നിയമോപദേശം കിട്ടിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നതെന്ന് നേരത്തേ പത്മകുമാർ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധി നടപ്പാക്കുന്നതിൽ സാവകാശം വേണമെന്ന് മാത്രമാണ് ബോർഡ് ആവശ്യപ്പെടുക.

എത്ര കാലം സാവകാശം വേണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അത്തരം ഒരു ആവശ്യവും ഇപ്പോൾ ബോർഡ് ഉന്നയിക്കില്ലെന്ന് പത്മകുമാർ വ്യക്തമാക്കിയിരുന്നു. എത്ര കാലം സാവകാശം നൽകാനാകുമെന്ന് സുപ്രീംകോടതി തീരുമാനിക്കട്ടെയെന്നും പത്മകുമാർ പറഞ്ഞു.

സുപ്രീംകോടതിയിൽ ദേവസ്വംബോർഡിന് വേണ്ടി ഹാജരാകുന്നത് അഡ്വ. ചന്ദ്രോദയ് സിംഗാണെന്ന് ദേവസ്വംബോർഡ് നേരത്തേ നിശ്ചയിച്ചിരുന്നു. ഒപ്പം ദേവസ്വംബോർഡിന്റെ അഭിഭാഷകൻ, അഡ്വ.സുധീറും സുപ്രീംകോടതിയിൽ ബോർഡിനെ പ്രതിനിധീകരിക്കും. അതേസമയം, സാവകാശ ഹർജി തള്ളിയാൽ മണ്ഡലകാലം സംഘർഷഭരിതമായി തുടരുമെന്നതിനാൽ ദേവസ്വം ബോർഡിന് തിരിച്ചടിയാവുകയും ചെയ്യും.

അതിനിടെ, ശബരിമല യുവതീപ്രവേശനം ഹർജികൾ ജനുവരി 22 ന് മുമ്പ് പുനഃപരിശോധിക്കാനാവല്ലെന്ന് സുപ്രീം കോടതി വീണ്ടും വ്യക്തമാക്കി. നട തുറന്നതിനാൽ വിധി സ്റ്റേ ചെയ്യണമെന്ന കാര്യം മാത്രം പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി. തീരുമാനം അഞ്ചംഗഭരണഘടനാബെഞ്ചിന് മാത്രമേ പരിഗണിക്കാൻ സാധിക്കൂവെന്ന് ചീഫ് ജസ്റ്റിസ് ആവർത്തിച്ചു വ്യക്തമാക്കി.

അയ്യപ്പഭക്തരുടെ ദേശീയകൂട്ടായ്മയ്ക്ക് വേണ്ടി അഭിഭാഷകനായ മാത്യു നെടുമ്പാറ കോടതിയിൽ ഈ വിഷയം ഉന്നയിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം ഉണ്ടായത്. മറ്റു കേസുകൾക്കു ശേഷം ശബരിമലയിലെ അടിയന്തരസാഹചര്യം കണക്കിലെടുത്ത് സെപ്റ്റംബർ 28 ലെ വിധി നടപ്പിലാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്നും ഭക്തർക്ക് യാതൊരു സൗകര്യവും ശബരിമലയിലില്ല എന്നും മാത്യു നെടുമ്പാറ കോടതിയെ അറിയിച്ചു.

എന്നാൽ ഈ വിഷയത്തിലെ ഹർജികൾ പരിഗണിക്കാൻ കോടതി ഉദ്ദേശിക്കുന്നില്ലെന്നും എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ ജനുവരി 22 ന് വരൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. ഒരു തരത്തിലും അതിനു മുമ്പ് ഇക്കാര്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.