ശബരിമല പുകിലിന്റെ അടിസ്ഥാനപ്രശ്നം നാല് തൽപ്പരകക്ഷികളുടെ (താഴ്മൺ മഠം, പന്തളം കൊട്ടാരം, എൻ.എസ്.എസ്, ബിജെപി) ലാഭചേതങ്ങളാണെന്ന വസ്തുത മുമ്പ് ഒരു കുറിപ്പിൽ വിശദമാക്കിയിരുന്നു. സവർണ്ണ-അവർണ്ണ വിഭാഗീയതയില്ലാതെ ഇത് വിശ്വാസികളുടെ പ്രശ്നമാണെന്ന സ്ഥിരം ഭംഗിവാക്കുകൊണ്ടാണ് ഈ കക്ഷികൾ യാഥാർഥ്യം മറച്ചുപിടിക്കുന്നത്. നേരാണ്, തൊഴാനെത്തുന്ന ഭക്തർക്ക് അത്തരം വിഭാഗീയതയില്ല. എന്നാൽ ബന്ധപ്പെട്ട സ്റ്റേറ്റ് ഹോൾഡേഴ്സിന്റെ കഥ അങ്ങനെയല്ലെന്ന് അമ്പലകാര്യത്തിൽ തുടർന്നു പോരുന്ന അവകാശക്കുത്തകകളും അതിന്മേൽ ഇക്കൂട്ടർക്ക് കോടതിവിധിയെത്തുടർന്ന് ഉണ്ടായിരുന്ന സന്നിപാതജ്വരവും വ്യക്തമാക്കിത്തരുന്നുണ്ട്. പന്തളം കൊട്ടാരത്തിന്റെ അവകാശവാദം പരസ്യമായിത്തന്നെ നീരാവിയാകുന്നത് നമ്മൾ കണ്ടു. അതിലൂടെ അവരുടെ യഥാർത്ഥ ഉള്ളിലിരുപ്പ് നഗ്‌നമാക്കപ്പെടുന്നതും. തന്ത്രികുടുംബവും സമാനമായി വിവസ്ത്രരായി. ബിജെപിയുടെ രാഷ്ട്രീയലാക്കിന്റെ കഥയും തഥൈവ. ശിഷ്ടം എൻഎസ്എസ്. ദേവസ്വം നിയമനങ്ങളിൽ 94 ശതമാനവും കീശയിൽ വച്ചുപോരുന്ന ഈ ജാതിസംഘത്തിന്റെ ഇംഗിതം പൊതുചർച്ചയിലേയ്ക്ക് വേണ്ടത്ര എത്തിയിട്ടില്ല. നിയമനങ്ങളിൽ 3.98% മാത്രമുള്ള എസ്എൻഡിപിയും 0.02% മാത്രമുള്ള കെപിഎംഎസും ശബരിമലക്ഷേത്രത്തിന്റെ യഥാർത്ഥ ഉടമകളും പൂജാരികളുമായിരുന്ന മലയരയന്മാരും മറ്റും നാവനക്കിത്തുടങ്ങിയിട്ടേയുള്ളൂ. ഒരവകാശസമരത്തിന് അവർ കൂടി തെരുവിലിറങ്ങിയാൽ കഥ പൂർണ്ണമാവും. ചുരുക്കിയാൽ, ജാതിയാണ് കൊട്ടിഘോഷിക്കുന്ന ആചാരസംരക്ഷണത്തിന്റെ മർമ്മം. അത് തുറന്നു പറയുന്നതാണ് മ്ലേച്ഛം; പ്രവർത്തിക്കുന്നതല്ല. ഇത് ജാതിത്തമ്പ്രാക്കൾ എക്കാലവും പിടിക്കാറുള്ള പരിചയാണ്. മർമ്മത്ത് പിടിച്ചാലുടൻ അദ്വൈതഡയലോഗിറക്കും. പൊള്ളയായ ഈ ഡയലോഗിന്റെ ആനുകാലിക വ്യാകരണം ഒരു ലളിതദ്വന്ദമാണ് - ബ്രഹ്മചര്യം VS  ആർത്തവം.

പരസ്പരവിരുദ്ധമായ രണ്ട് വ്രതങ്ങളാണ് ശബരിമലയിൽ പുലരുന്നത്
വൈദിക ഹിന്ദുമതപ്രകാരം നാലിനം ബ്രഹ്മചര്യമാണ് - ഗായത്രീബ്രഹ്മചര്യം, പ്രാജാപത്യബ്രഹ്മചര്യം, വൈദിക ബ്രഹ്മചര്യം, നൈഷ്ഠിക ബ്രഹ്മചര്യം. ആജീവനാന്ത നിഷ്ഠ പാലിക്കുന്ന നാലാം ഉരുപ്പടിയാണ് കൂട്ടത്തിൽ പരമോന്നതം. ശബരിമല അയ്യപ്പൻ ഈ വകുപ്പിൽപ്പെടുന്നു എന്നാണ് വയ്‌പ്പ്. തൊട്ടടുത്ത് ഇരിപ്പുണ്ട് മാളികപ്പുറത്തമ്മ. അയ്യപ്പൻ നിഷ്ഠ പിഴച്ചാൽ വേൾക്കാമെന്ന പ്രത്യാശയിൽ കഴിഞ്ഞുകൂടുന്ന നിത്യകന്യക. മലചവുട്ടാൻ കന്നിഅയ്യപ്പന്മാർ വരാത്ത പക്ഷം മാളികപ്പുറത്തിന്റെ അഭീഷ്ടം സാധിച്ചുകൊടുക്കാമെന്നാണ് അയ്യപ്പന്റെ വ്രതനിഷ്ഠയിലെ ഉപവകുപ്പ്. അങ്ങനെ പരസ്പരവിരുദ്ധമായ രണ്ട് വ്രതങ്ങളാണ് ശബരിമലയിൽ പുലരുന്നത്.

ഇവിടെ 'മൈനറായ' മൂർത്തിയുടെ വ്രതം പരിരക്ഷിക്കാൻ അയ്യപ്പന്റെ മനുഷ്യരായ രക്ഷകർത്താക്കൾ ഉണ്ടാക്കിയ ബന്തവസാണ്, ആർത്തവമുള്ള മുഴുവൻ സ്ത്രീജനത്തിനും മലയിലുള്ള വിലക്ക്. ഇവിടെയാണ് ഒരു മനുഷ്യജീവി പുറപ്പെടുവിക്കുന്ന ലൈംഗികമായ, ഉല്പാദനപരമായ ഊർജ്ജം സംബന്ധിച്ച പ്രശ്നമുയരുന്നത്. ഈ ഊർജ്ജം നെഷ്ഠിക ബ്രഹ്മചര്യ വ്രതത്തിന് പ്രതിബന്ധമാകുമോ? മൂർത്തിയുടെ കൺട്രോൾ പോകുമോ? ഭക്തരുടെ നിലയിലല്ല, ദൈവീകാവസ്ഥയിലാണെന്നു പറഞ്ഞിട്ടു കാര്യമില്ല. എന്തെന്നാൽ, ഋഷിപുംഗവന്മാർ തൊട്ട് ഈശ്വരന്മാർക്കുവരെ കൺട്രോൾ നഷ്ടപ്പെടുന്ന കഥകൾ പുരാണങ്ങളിൽ ഉടനീളമുണ്ട്. അയ്യപ്പ സങ്കല്പവും അനവധി ദേവസങ്കല്പങ്ങളിൽ ഒന്നു മാത്രമാണെന്നിരിക്കെ മേപ്പടി ബന്തവസിന് യുക്തിയുണ്ടാവുന്നു.

ഇമ്മാതിരി സങ്കല്പത്തിൽ അന്തർലീനമായ ചില നിലപാടുകളുണ്ട്. ആണിന് അവന്റെ പ്രത്യുൽപ്പാദനശക്തി നിയന്ത്രിക്കാൻ കഴിവുണ്ടെന്നതാണ് അതിൽ പ്രധാനം. ശാരീരികവും ഐന്ദ്രികവുമായ പ്രലോഭനങ്ങളെയും ഉത്തേജനങ്ങളെയും സ്വേച്ഛയാൽ നിയന്ത്രിച്ചുകൊണ്ട് അവൻ ഇതു സാധിക്കുന്നു. എന്നാൽ പെണ്ണിന് അതിന് കഴിവില്ല എന്നതാണ് ഈ ആൺ വിവക്ഷയുടെ ബാക്കിപത്രം. പെണ്ണിനെ ഈ 'വിഷയ'ത്തിൽ സദാ റെഡി - മോദിലുള്ള സ്വത്വമായിട്ടാണ് ഈ പരിപ്രേക്ഷ്യക്കാർ കണക്കാക്കുന്നത്. അതുകൊണ്ട്, 41 ദിവസത്തെ വ്രതശുദ്ധിയാൽ നിയന്ത്രണവിധേയമാക്കപ്പെട്ട ആൺലൈംഗികോർജ്ജം സന്നിധാനത്തെ മൂർത്തിയുടെ നിഷ്ഠക്ക് ഹാനികരമാവില്ല. ലൈംഗികോർജത്തെ ഇങ്ങനെ നിയന്ത്രിക്കാൻ പെണ്ണിനു കഴിയില്ല, ശ്രമിച്ചാലും പറ്റില്ല. 41 ദിവസത്തെ വ്രതം പറ്റാത്ത വിധത്തിലാണല്ലോ അവളുടെ ആർത്തവ ചക്രം തന്നെ. ആചാരപക്ഷക്കാരുടെ ഈ നിലപാടിൽ അന്തർലീനമായ വിവേചനപരമായ ലൈംഗികവിചാരവും അതിന്റെ സ്വാഭാവിക പരിണതിയാണ് ആൺമേൽക്കോയ്മയും. അതിന്റെ ഗർവായ ലീലാവിലാസം കാണാൻ ഇപ്പറയുന്ന ബ്രഹ്മചര്യസംരക്ഷണത്തിന്റെ വേരിലേയ്ക്കിറങ്ങുന്നു.

ലൈംഗിക ബന്ധം പുലർത്തുന്ന ജീവജാലങ്ങളിൽ ശാരീരികസുഖത്തോടൊപ്പം പ്രത്യുല്പാദനത്തിന്റെ നൈസർഗ്ഗിക ക്രിയ കൂടിയാണ് രതി. എന്നാൽ ബോധമണ്ഡലവികാസം വഴി ആന്തരികജീവിതം പ്രാപ്യമായ മനുഷ്യജീവിയിൽ സംഗതി ഇതിനപ്പുറം പോകുന്നു. ലൈംഗികമായ രതിബന്ധങ്ങൾ കേവലം ശാരീരികാനന്ദവും പ്രത്യുൽപ്പാദന സൗകര്യവും മാത്രമല്ല മനുഷ്യർക്ക് നൽകുന്നത്. ഇണയോട് ചേരുമ്പോൾ, സ്വത്വപരമായി ഒരു തുടർച്ചാഭാവം കൂടിയാണ്. തികച്ചും ഭൗതികവും പരിമിതവുമായ ദേഹചട്ടക്കൂടിനെ അതിലംഘിച്ചുപോവുന്നതായുള്ള ഒരു തോന്നലാണത്. ഒറ്റപ്പാടിൽ നിന്ന് ഇഹലോകാതീതമായ് ഒരു പൂർണ്ണതയിൽ ലയിക്കുമ്പോഴുള്ള ഒന്ന്. അതാണ് രതിവേഴ്ചയുടെ രൂപകാത്മമായ ബന്ധഭാവം. ഇണയോടുള്ള വൈകാരികമായ ബന്ധമാണ് ഈ അവസ്ഥയെ മെച്ചപ്പെടുത്തുന്ന ഘടകം. കലാപരിപാടി ആരംഭിക്കുന്നതിന് മുമ്പ് സംഗതിയുടെ സൂക്ഷ്മവായന നടത്താൻ സകലരും മറക്കുന്നു എന്നതാണ് ഇതിന്റെ മറുവശം. രണ്ട് വ്യക്തികൾക്കിടയിലെ ബാന്ധവത്തിലുള്ള കുനുഷ്ഠുകൾ, ലൈംഗികബന്ധം വഴി പുലരാവുന്ന പകർച്ചവ്യാധികൾ, വൈയക്തിക ലൈംഗികശേഷിയുടെ പൊരുത്തക്കേടുകൾ, വൈകാരികതയിലെ വൈജാത്യങ്ങൾ, സർവോപരി മറ്റൊരാളെ സ്വന്തം സ്വകാര്യതയിലേയ്ക്ക് കയറ്റുമ്പോഴുള്ള സന്ധികൾ, സമാസങ്ങൾ. രതി, ശാരീരികമായും മാനസികമായും വ്യക്തിക്ക് എടങ്ങേറുകളും സമ്മാനിക്കാം. 'സേഫ് സെക്സ്' എന്നത് എച്ച്ഐവി പരസ്യത്തിന് മാത്രം തിരയുന്ന ഫലിതബിന്ദുവാണെന്ന് ചുരുക്കം. അതൊക്കെ വിട്ടാലും പിന്നെയുമുണ്ട് ഗുലുമാൽ വ്യക്തിപരമായ ജീവിതലക്ഷ്യങ്ങൾ നേടാനുള്ള പ്രയാണത്തിലും സംഗതി ഒരു തടസ്സമാകാം. വിശേഷിച്ചും സമയവും അധ്വാനവും ഇവിടെ വൈയക്തികമണ്ഡലത്തിലും പങ്കാളിത്ത മണ്ഡലത്തിലുമായി വീതിക്കേണ്ടിവരുന്നു. ഇതാണ് മിക്ക മതങ്ങളിലും ബ്രഹ്മചര്യം പ്രിയങ്കരവകുപ്പായതിന്റെ പ്രായോഗികകാരണം.

ബ്രഹ്മചര്യത്തിന്റെ എല്ലാത്തരം ഈഷൽഭേദങ്ങളും സ്ത്രീവിരുദ്ധവും പ്രകൃതിവിരുദ്ധവുമാണ്
ആണിനെ കാര്യകർത്താവും പെണ്ണിനെ സഹായഘടകവുമായി കണ്ടുപോന്ന സാമൂഹിക ക്രമങ്ങളിലെല്ലാം ഈ നിലപാട് ശക്തമായ വേരിറക്കം നേടിയിട്ടുണ്ട്. ഒരാണിന്റെ ജീവിതത്തിലെ ആദ്യഘട്ടത്തിൽ ശ്രദ്ധ ചിതറിപ്പോകാതെ അവനെ കാക്കാൻ ഈ നിഷ്ഠയാണ് ആചരണമൂലമായി ഇന്നും പ്രചരിപ്പിക്കപ്പെടുന്നത്. ഉദാഹരണമായി, വിദ്യാഭ്യാസത്തിനുള്ള സമ്പൂർണ്ണസമർപ്പണം. ഓളമേതുമില്ലാത്ത ജലാശയം പൊലീരിക്കണം വിദ്യാർത്ഥിമനസ് എന്ന ചിരപുരാതന പ്രയോഗം വരുന്നത് ഈ കാഴ്ചപ്പാടിൽ നിന്നാണ്. ഓളമുണ്ടാകുന്ന എന്തിനെയും വർജിക്കണം, അകറ്റിനിർത്തണം. ഇനി, ആത്മീയ മണ്ഡലത്തിൽ ഈ ബ്രഹ്മചര്യനിഷ്ഠയെ ഈശ്വരസാക്ഷാത്കാരം, മോക്ഷം, ദൈവരാജ്യത്തോടുള്ള അടുപ്പം തുടങ്ങി ഏതെങ്കിലും രൂപത്തിലുള്ള അതിലംഘന മാർഗ്ഗമായാണ് കണക്കാക്കുന്നത്. സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളെ അമിതമായി ലൈംഗികവൽക്കിരിക്കുന്നത് ഈ ചിന്താസന്ധിയിലാണ്. ഉദാഹരണമായി സ്ത്രീകൾ.

എല്ലാത്തരം മതവിശ്വാസങ്ങളിലെയും സാരോപദേശ കഥകൾക്ക് ഒരു പൊതുലൈനുണ്ട്. അതിലെല്ലാം ആണിനെ പ്രലോഭിപ്പിച്ചു ദിശ തെറ്റിക്കുന്നത് പെണ്ണാണ്, മറിച്ചല്ല. ഒറ്റപ്പാടിൽ നിന്ന് നൈരന്തര്യത്തിന്റെ വിവിധ രൂപങ്ങളിലേയ്ക്ക് എത്തി പൂർണതയുടെ ആത്മീയഹർഷം അനുഭവിക്കലാണല്ലോ ആത്മീയാചാര്യഗണവും ഋഷിശ്വരന്മാരുമൊക്കെ ഉദ്യമിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്യുന്ന കലാപരിപാടി. ഇത്തരക്കാരെ പ്രലോഭിപ്പിച്ച് മാർഗ്ഗതടസമുണ്ടാക്കുന്ന പ്രതിപ്പട്ടിക നോക്കുക - അപ്സരസ്, മാലാഖ, മനുഷ്യസുന്ദരി... യോഗിയുടെ ശക്തമായ ഇച്ഛയെ തളയ്ക്കുന്ന കാമബാണ രതിബന്ധം വഴിക്കായാലും ബ്രഹ്മചര്യനിഷ്ഠ വഴിക്കായാലും (ബ്രഹ്മത്തിൽ ചരിക്കുക) പ്രക്രിയയുടെ ആത്യന്തികലക്ഷ്യം തുടർച്ചാഭാവം കൈവരിക്കലാണ്. പ്രകൃതിദത്തമായ ഭൗതികശരീരത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങുന്നവരാണ് ഇപ്പറഞ്ഞ രണ്ടാളും. എന്നുവച്ചാൽ തികച്ചും ഭൗമജീവികൾ. ഈ ഭൗമികത, പ്രകൃതിയോടുള്ള ബന്ധത്തെ കൃത്യമായി വിശദീകരിക്കുന്നു. അതുകൊണ്ടുതന്നെ പെണ്ണിനോടുള്ള ബന്ധത്തെയും. കാരണം, പെണ്ണ് എന്നത് പ്രകൃതിയുടെ സ്ത്രൈണവ്യവസ്ഥിതിയാണ്. സൃഷ്ടിക്കുള്ള പ്രകൃതിയുടെ ഭൗതികഭാഗം. പെണ്ണിന് സൃഷ്ടിക്കാൻ കഴിയുമ്പോൾ ആണിന് അതിൽ സംഭാവന ചെയ്യാനേ പാങ്ങുള്ളു. അതുകൊണ്ടുതന്നെ വ്യക്തമായും കാണാം, പെൺശരീരമാണ് പ്രകൃതിയോട് കൂടുതൽ അടുത്തത്, കൂടുതൽ ഭൗമികം. അത് ജീവനെ സൃഷ്ടിക്കുന്നു, വളർത്തിയെടുക്കുന്നു. ആയതിനാൽ പെണ്ണിൽ നിന്ന് അകലുക/മോചിതനാവുക എന്നതിനർത്ഥം പ്രകൃതിയിൽ നിന്ന് അകലുക/മോചിതനാവുക എന്നാണ്. ബ്രഹ്മചര്യത്തിന്റെ എല്ലാത്തരം ഈഷൽഭേദങ്ങളും ഈ സാരാർത്ഥത്തിൽ സ്ത്രീവിരുദ്ധവും അതിനാൽത്തന്നെ പ്രകൃതിവിരുദ്ധവുമാകുന്നു. ഈ ആന്തരികവൈരുധ്യമാണ് പെണ്ണുതൊട്ട് ലിംഗന്യൂനപക്ഷങ്ങൾ വരെയുള്ള ജനവിഭാഗങ്ങളെ നേരിടുന്നതിൽ ഈ സങ്കല്പക്കാർക്ക് വൈക്ലബ്യമുണ്ടാകുന്നത്. ടി വൈക്ലബ്യം അവരെ ഇപ്പറഞ്ഞ പ്രതിപക്ഷമായി ചാപ്പയടിക്കാൻ പ്രേരിപ്പിക്കുന്നു.

ആ മുദ്രണത്തിനുള്ള ശക്തിവേലാണ് അക്കൂട്ടർക്കെല്ലാം മേൽ അമിത രതീയത കല്പിച്ചുകെട്ടുന്ന പതിവ്. ആണിന് സമമല്ലാത്ത അധഃകൃതവിഭാഗങ്ങളായാണ് അവർ എന്നതാണ് പുരഷസങ്കല്പത്തിലെ ചിരപുരാതന വിഭാവന. ചുരുക്കിയാൽ, പ്രകൃതിദത്തമായ ലോകത്തോടുള്ള കല്പിതവെറുപ്പിന്റെ/അവമതിപ്പിന്റെ വിത്താണ് ബ്രഹ്മചര്യം. അതാണ് ശബരിമലപ്രശ്നത്തിന്റെ കാതലായി ആചാരസംരക്ഷണവാദികൾ പ്രചരിപ്പിക്കുന്ന മനോഭാവവും. കഥയറിയാതെ ധാരാളം പെണ്ണുങ്ങളും ഈ കെണിയിൽ വീഴുന്നു. അത് മതങ്ങൾ നൂറ്റാണ്ടുകളിലൂടെ മനുഷ്യരിലുണ്ടാക്കിയ വ്യാജബോധനിർമ്മിതിയുടെ ഫലമാണെന്നത് മറ്റൊരു വസ്തുത. വാസ്തവത്തിൽ, ഇത് വിവേകത്തിലൂടെ പ്രബുദ്ധമാകാൻ മനുഷ്യവംശത്തിനുള്ള സാധ്യതയ്ക്ക് പച്ചയായ പാരവയ്‌പ്പാണ്. ഈ സൈസ് ബോധനിർമ്മിതിയുടെ ആഴമറിയാൻ ബ്രഹ്മചര്യത്തിന്റെ പ്രതിയോഗിയായി പ്രചരിപ്പിക്കാവുന്ന ഘടകം തന്നെ സഹായിച്ചുതരും - ആർത്തവം.

ആർത്തവത്തിന്റെ അശുദ്ധികല്പന ഒരു കഥയിൽനിന്നാണ്
പ്രകൃതിദത്തമായ ഒരു കേവലശാരീരിക പ്രകൃകതയാണ് ആർത്തവമെങ്കിലും അതിന് അശുദ്ധിയുടെ ചാപ്പയടിച്ചുകൊടുക്കുന്നതിൽ സുദീർഘമായ ഒരു തന്ത്രസമുച്ചയമുണ്ട് - മതത്തിന്റെ, ആചാര രാഷ്ട്രീയത്തിന്റെ. മനുഷ്യരുടെ ന്യായബോധത്തെ മറികടക്കാൻ മതങ്ങൾ എക്കാലവും അവലംബിക്കുന്ന അടവാണല്ലോ, വിശ്വാസവും യുക്തിയും തമ്മിലുള്ള ബന്ധമില്ലായ്മ. ഉദ്ദിഷ്ടലാഭത്തിന് ഉപയുക്തമാക്കുക കഥകളെയാണ്. ഇന്ത്യയിൽ 'പുരാണം' എന്നു പറയും. കഥയിൽ ചോദ്യമില്ല എന്ന ചിരപുരാതന ചരക്ക് മുതലാക്കി ആദ്യം കഥയിറക്കും. പിന്നെ അതിന്മേലുള്ള ആചാരനിർമ്മിതിയും. രണ്ടുമായാൽപ്പിന്നെ ചോദ്യങ്ങളില്ല; ഉത്തരങ്ങൾ മാത്രം. അങ്ങനെയുള്ള ഒരു കഥയിൽ നിന്നാണ് ആർത്തവത്തിന്റെ അശുദ്ധികല്പന ഉരുത്തിരിയുന്നത്.

ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം വിശ്വരൂപൻ എന്നൊരു ബ്രഹ്മരക്ഷസിനെ ദേവരാജനായ ഇന്ദ്രൻ സ്വന്തം ഗുരുവായി സ്വീകരിക്കുന്നു. വൈദികച്ചടങ്ങുകളിലും ഹവിസർപ്പിക്കുന്നതിലുമൊക്കെ ഇന്ദ്രൻ ഗുരുവിനെ അർപ്പണബുദ്ധ്യാ സഹായിക്കുന്നു. ഈ ചടങ്ങുകളുടെ ഫലമായി കിട്ടുന്ന വരങ്ങൾക്കൊണ്ട് അസുരഗണത്തെ തോൽപ്പിക്കാം എന്നതാണ് കണക്കുകൂട്ടൽ. എന്നാൽ, ഗുരു യജ്ഞത്തിലെ അർപ്പണമൊക്കെ നടത്തിയത് സ്വന്തം അമ്മയായ രക്ഷസിന്. കോപാകുലനായ ഇന്ദ്രൻ ടിയാനെ വകവരുത്തുന്നു. പ്രതികാരാഗ്‌നിയായി മാറിയ അമ്മരക്ഷസ് ഇന്ദ്രനെ വേട്ടയാടാനിറങ്ങുന്നു. ഗുരുവിനെ കൊന്നതിലെ ബ്രഹ്മഹത്യാപാപം മൂലം (ടി ഗുരുവിന്റെ പിതാവ് ബ്രാഹ്മണനായിരുന്നത്രേ!) ഇന്ദ്രൻ ദേവലോകത്തുനിന്നു ഭ്രഷ്ടനാവുന്നു. ഒടുവിൽ ഒരു താമരപ്പൂവിനുള്ളിൽ കയറി ഒളിക്കുന്നു. 10,000 കൊല്ലം അതിലിരുന്ന് വിഷ്ണുഭജനം. അനന്തരം വിഷ്ണു പ്രത്യക്ഷപ്പെട്ട് പോംവഴി പറയുന്നു. ബ്രഹ്മഹത്യാപാപം പോകാൻ വകുപ്പില്ല. പകരം പ്രത്യാഘാതം ലഘൂകരിക്കാൻ ഈ പാപഭാരം മറ്റാരെങ്കിലും വീതിച്ചെടുത്താൽ മതി. അതുപ്രകാരം ഇന്ദ്രന്റെ രക്ഷയ്ക്കായി ടിയാന്റെ പാപം ഏറ്റുവാങ്ങാൻ പറ്റിയ നാലുകൂട്ടരെ കണ്ടെത്തുന്നു - ഭൂമി, സമുദ്രം, വൃക്ഷങ്ങൾ, മനുഷ്യസ്ത്രീകൾ. ഓരോ കൂട്ടരും ഇരുപാപത്തിന്റെ ഓരോ കഷണങ്ങൾ സ്വീകരിക്കുന്നു. ഈ പാപവിതരണത്തിന്റെ ഫലമായി അവർ ഓരോരുത്തരും ആചന്ദ്രതാരം ഈ പാപക്കഷണങ്ങളുടെ പ്രത്യാഘാതങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നു.

ഭൂമി വിള്ളലുകളായി, സമുദ്രം തിരയും നുരയുമായും വൃക്ഷങ്ങൾ കറയായും പെണ്ണ് ആർത്തവരക്തമായും. ഇങ്ങനെ തന്റെ പാപത്തിന്റെ ഒരു ഭാഗം ഏൽപ്പിച്ചുകൊടുക്കുക വഴി ഇന്ദ്രൻ മനുഷ്യപ്പെണ്ണുങ്ങളെ ഓരോ മാസവും കുറച്ചുദിവസത്തേയ്ക്ക് ദുർബലയും അശുദ്ധിയുള്ളവരും പാപികളാക്കുന്നു!

ഇതേ കഥയ്ക്ക് ഇന്ത്യയിൽ പല പതിപ്പുകളുണ്ട്. വൃത്രൻ എന്ന ഗുരുവിനെ (ഇയാളും പാതി ബ്രാഹ്മണൻ) കൊന്ന വകയിലാണ് ഇന്ദ്രന് ബ്രഹ്മഹത്യാപാപം കിട്ടിയതെന്നാണ് മറ്റൊരു പുരാണം. അതിൽ ചത്തുവീണ വൃതന്റെ വായിൽ നിന്നാണ് ഇന്ദ്രനെ വേട്ടയാടുന്ന ഭീകരരൂപിണിയുടെ വരവ്. എല്ലാ കഥകളുടെയും കേന്ദ്രത്തെ ബ്രാഹ്മണനെ കൊന്ന പുരുഷന്റെ പാപത്തെ പെണ്ണായി ചിത്രീകരിക്കുന്ന സ്ഥിരം പംക്തി പതിച്ചുകിട്ടിയ ഈ പാപഭാരം പേറിയിട്ടും പെണ്ണിന് ഇന്നും രക്ഷയില്ല. ആർത്തവം മറ്റാരെങ്കിലും കൈപ്പറ്റുന്ന പ്രശ്നമല്ലല്ലോ. ഈവിധം പൗരാണികതയിൽ ഉറപ്പിച്ചെടുത്ത അശുദ്ധിക്കുമേലാണ് ആചാരനിഷ്ഠയുടെ 'യുക്തി'.

ശാസ്ത്രീയമായി നോക്കിയാൽ ഗർഭാശയത്തിന്റെ ഉൾഭിത്തിയുടെ ലൈനിംഗാണ് മാസാമാസം ശരീരം പൊഴിച്ചുകളയുന്നത് - ബീജസംയോഗം നടക്കാത്ത വേളയിൽ. എൻഡോമെട്രിയൽ കോശകലകൾ, സെർവിക്കൽ മ്യൂക്കസ്, യോനീസ്രവങ്ങൾ, ബാക്ടീരിയൽ ഫ്‌ളോറ ഇത്യാദി അടങ്ങുന്നതാണ് ആർത്തവരക്തം എന്ന പേരിൽ പുറംതള്ളപ്പെടുന്നത്. ഇങ്ങനെ പുറംതള്ളപ്പെടുന്ന പദാർത്ഥങ്ങളെ അധികപ്പറ്റ് അഥവാ വേസ്റ്റ് ആയി കണക്കാക്കിയാൽ അവ മാലിന്യങ്ങളാണെന്നു പറയാം. എങ്കിൽ ഇതേ കൽപ്പനപ്രകാരം മനുഷ്യശരീരം പുറംതള്ളുന്ന മാലിന്യങ്ങളുടെ ഒരു നീണ്ട പട്ടിക വേറെ വരും. മലം, മൂത്രം, വിയർപ്പ്, കണ്ണുനീർ, മൂക്കിള തൊട്ട് കാർബൺഡയോക്സൈഡ് വരെ. ഇതെല്ലാം മനുഷ്യശരീരം തള്ളുന്ന മാലിന്യങ്ങളാണെങ്കിൽ. ശബരിമലയിൽ ആണുങ്ങൾക്കും കയറാൻ വകുപ്പില്ല - തന്ത്രിമാരടക്കം. താഴമൺമഠക്കാർക്ക് മണ്ഠലകാലേ ഇപ്പറഞ്ഞ മാലിന്യങ്ങളൊന്നുമില്ലെങ്കിൽ അതേതോ അപൂർവ്വ രോഗത്തിന്റെ ലക്ഷണമായി കരുതേണ്ടിവരും.

ചോരതൂവുക എന്നാൽ ദിവ്യത്വം തൂവിക്കളയുകയോ
ചുരുക്കത്തിൽ, നൈഷ്ഠിക ബ്രഹ്മചര്യം വച്ചുള്ള മതയുക്തി ജീവശാസ്ത്രത്തെ തങ്ങൾക്ക് സൗകര്യമായ ഒരു ഭാഗത്ത് വച്ച് മുറിച്ചെടുത്ത് ഉപയോഗിക്കുന്നു. ഇവിടെവച്ചാണ് നമ്മൾ ഈ സമീപനത്തിന്റെ സാമൂഹികശാസ്ത്രവശം മനസിലാക്കേണ്ടത്. ആർത്തവം എന്ന പ്രകൃതിദത്ത പ്രക്രിയക്ക് ദുർമ്മുദ്ര ചാർത്തുന്ന രീതി പല സംസ്‌കാരങ്ങളിലും കാണാനാവും. മതങ്ങളുടെ ഉല്പത്തിയിൽത്തന്നെ ആർത്തവപ്രശ്നത്തിനുള്ള റോളിനെപ്പറ്റി പ്രമുഖ ഫ്രഞ്ച് സാമൂഹ്യശാസ്ത്രകാരൻ എമിൽ ഡർക്കൈമിന്റെ വിഖ്യാതപഠനങ്ങൾ തന്നെയുണ്ട്. സംഘടിത ആചാരങ്ങളെ ത്വരിപ്പിക്കുന്നതിൽ ഈ വിഷയത്തെ വ്യത്യസ്ത സമൂഹങ്ങൾ എവ്വിധം ഉപയോഗപ്പെടുത്തി എന്ന് അതിൽനിന്നു മനസിലാക്കാം.

രണ്ട് ലിംഗജാതികൾക്കിടയിൽ ആദ്യത്തെ ഭിന്നതയുണ്ടാക്കിയ പ്രതിഭാസമാണ് ആർത്തവം. ചോര പുറത്തു ആവുന്നത് ഭീകരമാണെന്ന ടോട്ടംകാലവിശ്വാസത്തിലാണ് അങ്ങനെ തൂവുന്ന ചോരയോട് സ്പർശബന്ധം പാടില്ലെന്ന വ്യവസ്ഥ ഉടലെടുക്കുന്നത്. കാരണം, ടോട്ടംകാലത്ത് ചോരയ്ക്ക് ദിവ്യപരിവേഷമായിരുന്നു. മനുഷ്യർക്കും മൃഗരാശിക്കും ഒരേ പൂർവികരാണെന്നും അതിനാൽ ഈ ജീവികൾക്കെല്ലാമുള്ള ചോരകൊണ്ട് വിശുദ്ധപദവിയുണ്ടെന്നും അക്കാല മനുഷ്യർ കരുതി. ചോരയിലെ ഈ ഐകമത്യഭാവനയാണ് ചോരതൂവുക എന്നാൽ ദിവ്യത്വം തൂവിക്കളയുക എന്ന വിശ്വാസത്തിന് വഴിവച്ചത്. അതായത്, വിശുദ്ധമായതിനെ തൂവിക്കളയുക ദേഹം അശുദ്ധമാണെന്ന വിഷയഗതി. കിഴക്കും പടിഞ്ഞാറുമുള്ള സംസ്‌കാരങ്ങളിൽ ഈ ടോട്ടംധാരണയെ ഉപയോഗപ്പെടുത്തിയ വിധങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും ആർത്തവത്തിന് ദുർമുദ്രയടിക്കുന്ന ഒരു പൊതു പാറ്റേൺ ഇതിലെല്ലാം കാണാം.

ടോട്ടംകാലത്തു നിന്ന് മനുഷ്യൻ 21-ാം നൂറ്റാണ്ടുവരെയെത്തി. ഇതിനിടെ വകതിരിവിന്റെ നൂറായിരം പടവുകൾ കയറി. എന്നിട്ടാണ് നമ്മൾ ഒരു പ്രതിഷ്ഠയുടെ ബ്രഹ്മചര്യവും അതിന് ആർത്തവമുള്ള ഭക്തർ ഉയർത്തുന്ന ഭീഷണിയും പറഞ്ഞ് തമ്മിൽ തല്ലുന്നത്. ആർത്തവത്തെക്കുറിച്ച് പ്രാകൃതധാരണയ്ക്ക് ആചാരപ്പേരിൽ മർക്കടമുഷ്ടി പിടിക്കുന്നത് ശാസ്ത്രമറിയുന്ന പലരും തന്നെയാണ്. അവരിൽ പഠിപ്പുള്ള പെണ്ണുങ്ങളുമുണ്ട്. സ്വന്തം അറിവിന് സ്വന്തം ജീവിതത്തിൽ പോലും പ്രയോഗബലമില്ലാതാക്കാൻ അവർക്ക് മടിയില്ലാത്തതിൽ അത്ഭുതം വേണ്ടതില്ല. കാരണം, ആചാരവിശ്വാസങ്ങളുടെ താക്കോൽ ഇന്നും ചില ടോട്ടം കാല ജീവികളുടെ അരയിൽത്തന്നെയാണ്. ജാതി വ്യവസ്ഥ പണിതുയർത്തിയ അതേ അരയിൽ. അവിടമാണ് തങ്ങളുടെയും ചാവിയുടെ ഭദ്രാസനം എന്നുറപ്പിച്ച് നാമസങ്കീർത്തനം ചെയ്യുകയാണ്. കറകളഞ്ഞ അടിമകളുടെ റോൾ. ഈ പാരമ്പര്യം അഭംഗുരം പുലരുമ്പോൾ, ആരാനും ആചാരം പിശക്കിയാൽ നടയടച്ച് ചാവി കൊട്ടാരത്തിലേല്പിക്കും. ഉടനേ, ഇല്ലാക്കിരീടം വച്ച് തമ്പ്രാക്കൾ ഉറഞ്ഞു തുള്ളും. ഭടജനം ഏറ്റുതുള്ളും. ഇതാണ് വ്യാജബോധ നിർമ്മിതി മനുഷ്യരിലുണ്ടാക്കുന്ന മാസ് ഹിസ്റ്റീരിയ. അതിന്റെ 21-ാം നൂറ്റാണ്ടിലെ കോമഡിഷോയാണ് നാമജപ ഘോഷയാത്ര തൊട്ടുള്ള പ്ലാൻ എ, ബി, സി...

( പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വിജു വി നായർ മറുനാടൻ മലയാളിക്കുവേണ്ടി പ്രത്യേകമായി എഴുതിയ ലേഖനമാണിത്)