ശബരിമല: പുകയില ഉത്പന്നങ്ങൾ ചായ പാത്രത്തിലൊളിപ്പിച്ച് വിറ്റതിന് വിജയവാഡ ചിട്ടി നഗർ കാജാഹൗസിൽ കോട്ടേശ്വരറാവു എന്ന ഇരുപത്തിയൊൻപതുകാരൻ പിടിയിലായി. മാളികപ്പുറം ഫയർഫോഴ്‌സ് ഓഫീസിനു സമീപത്ത് നിന്നും എക്‌സൈസ് പിടികൂടിയ ഇയാളുടെ ചായ കെറ്റിലിൽ നിന്നും 42 പായ്ക്കറ്റ് ബീഡിയും 50 പായ്ക്കറ്റ് പാന്മസാലയും കണ്ടെത്തിയതായാണ് സൂചന. ചായ വിൽക്കുന്ന വ്യാജേന പുകയില ഉത്പന്നങ്ങൾ വിൽക്കുകയായിരുന്ന ഇയാളെ ഇന്നലെ രാവിലെ പരിശോധനയ്ക്കിടെ ഹെൽത്ത് ഇൻസ്‌പെക്ടർ പിടികൂടിയെങ്കിലും ഓടി രക്ഷപെടുകയായിരുന്നു.

സന്നിധാനം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ സച്ചിദാനന്ദൻ, അസി, എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പി ബാലകൃഷ്ണൻ, എക്‌സൈസ് ഉദ്യോഗസ്ഥരായ സുകുമാരൻ, പ്രകാശൻ, സുരേഷ് ബാബു, മുകുന്ദഘോഷ്, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് വൈകിട്ട് ഇയാളെ പിടികൂടിയത്.