- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹലാൽ പതിച്ച ചാക്കുകളിൽ ഇനി ശർക്കര അയയ്ക്കരുതെന്ന് വാക്കാൽ നിർദ്ദേശം വിതരണക്കാർക്ക് നൽകി ദേവസ്വം ബോർഡ്; പമ്പയിലെ ഗോഡൗണിലെ ശർക്കര ചീത്തയാകാൻ കാരണം ഗൾഫിൽ നിന്ന് നിലവാരം ഇല്ലാതെ മടക്കിയ ഉൽപ്പനം ശബരിമലയിലേക്ക് രഹസ്യമായി എത്തിച്ചതോ? സന്നിധാനത്ത് ശർക്കര പ്രതിസന്ധിക്കും സാധ്യത
തിരുവനന്തപരം: ഹലാൽ ചാക്കിലെ ശർക്കര ഇനി ശബരിമലയിലേക്ക് കൊണ്ടു വരരുതെന്ന് വിതരണക്കാരനോട് വാക്കൽ നിർദ്ദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയതായി സൂചന. ഹലാൽ എന്നെഴുതിയ ചാക്കു കെട്ട് എങ്ങനെ ശബരിമലയിൽ എത്തിയെന്നതിൽ വിശദ പരിശോധനയും നടത്തും. ഇതു സംബന്ധിച്ച് ചില നിഗമനങ്ങളിൽ ദേവസ്വം ബോർഡ് എത്തിയിട്ടുണ്ട്. പഴകിയ ശർക്കര ശബരിമലയിലേക്ക് എത്തിച്ചുവെന്ന സംശയവും ബലപ്പെടുകയാണ്. മുൻ ബോർഡിന്റെ കാലത്തുണ്ടായ ഈ വിവാദത്തിൽ അന്വേഷണം നടത്തില്ലെന്നും സൂചനകളുണ്ട്.
പമ്പയിലെ ഗോഡൗണിലുള്ള ശർക്കര മാറ്റം തുടരുകയാണ്. പഴകിയ ശർക്കര ലേലത്തിൽ പിടിച്ചതും വിതരണം ഏറ്റെടുത്ത കരാറുകാരന്റെ അടുപ്പാക്കാരനാണോ എന്ന് സംശയമുണ്ട്. അങ്ങനെ വന്നാൽ കൊണ്ടു പോകുന്ന ശർക്കര വീണ്ടും പുതിയ പാക്കറ്റിൽ തിരിച്ചെത്താനും സാധ്യത ഏറെയാണ്. ശർക്കര പഴകിയതാണ് ഹലാൽ വിവാദം ചർച്ചയാകാൻ കാരണം. വിതരണം ചെയ്ത മുഴുവൻ ശർക്കരയ്ക്കും ഹലാൽ പാക്കുകളില്ല. ചിലതു മാത്രമാണ് ആ ഗണത്തിൽ പെടുന്നത്. ഇത് പലവിധ സംശയങ്ങൾക്കും ഇടനൽകുന്നുണ്ട്.
വിതരണകാരൻ കൊണ്ടു വരുന്ന ശർക്കരയുടെ ആദ്യ ബാച്ച് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കും. ഇത് നല്ല നിലവാരമുള്ളതായിരിക്കും. അതിന് ശേഷം കൊണ്ടു വരുന്നത് ഗുണനിലവാരം കുറഞ്ഞതാണോ എന്ന സംശയമാണ് പുതിയ വിവാദം ഉയർത്തുന്നത്. ഗൾഫിലേക്ക് കയറ്റി അയയ്ക്കാൻ തയ്യാറാക്കിയ പാക്കറ്റുകൾ മാറി ശബരിമലയിൽ എത്തിയതാണെന്ന വിശദീകരണമാണ് വിതരണ കമ്പനി ഹലാൽ വിവാദത്തിൽ ദേവസ്വം ബോർഡിന് നൽകിയത്. ഗൾഫിലേക്ക് കയറ്റി അയച്ചതും നിലവാരമില്ലാത്തതു കൊണ്ട് മടക്കിയതുമായ ശർക്കരയും ശബരിമലയിലേക്ക് കൊണ്ടു വന്നിരുന്നോ എന്ന സംശയമാണ് ഇതുണ്ടാക്കുന്നത്.
പമ്പയിലെ ഗോഡൗണിൽ നിന്നും പഴകിയ ശർക്കര മാറ്റാത്തതു കൊണ്ട് പുതിയത് നിറയ്ക്കാൻ കഴിയുന്നില്ലെന്നതാണ് വസ്തുത. ഇത് ഭാവിയിൽ അരവണ നിർമ്മാണത്തേയും പ്രതിസന്ധിയിലാക്കും. അതിവേഗം പഴകിയ ശർക്കര മാറ്റാൻ ലേലം പിടിച്ചവരോട് ദേവസ്വം ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മഴയും മറ്റും ഈ പ്രവർത്തികൾക്ക് തടസ്സം നിൽക്കുകയാണ്. സീസണ് മുമ്പേ ചെയ്യേണ്ട ജോലി വൈകിയതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം.
ശബരിമലയിലെ 'ഹലാലിൽ' വിശദീകരണവുമായി ദേവസ്വം ബോർഡും രംഗത്തു വന്നിരുന്നു. അരവണയുടെയും അപ്പത്തിന്റെയും വിൽപന തടസ്സപ്പെടുത്തി ബോർഡിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് ഉയരുന്നതെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയിരുന്നു. ഇതോടെ സംഭവം കോടതിയുടെ പരിഗണനയിലേക്ക് വരികയാണ്. അപ്പം, അരവണ നിർമ്മാണത്തിനു ഹലാൽ സർട്ടിഫിക്കറ്റ് ഉള്ള ശർക്കര ഉപയോഗിക്കുന്നതു തടയണമെന്ന ഹർജിയിലാണു വിശദീകരണം. ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ.ആർ.കുമാർ നൽകിയ ഹർജി ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണു പരിഗണിക്കുന്നത്. ഹർജി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. കോടതിയുടെ നിലപാട് കേസിൽ അതീവ നിർണ്ണായകമാകും.
മഹാരാഷ്ട്ര സത്താറയിലെ കരാർ കമ്പനി 2019ൽ സപ്ലൈ ചെയ്ത ശർക്കര പാക്കറ്റുകളിൽ ഹലാൽ മാർക്കിങ് കണ്ടിരുന്നെന്നും അന്വേഷണം നടത്തിയിരുന്നെന്നും ബോർഡ് അറിയിച്ചു. അറബ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോൾ ഗുണനിലവാരത്തിന്റെ ഉറപ്പിനായി ഹലാൽ സർട്ടിഫിക്കേഷൻ എടുത്തിരുന്നതായും കമ്പനി അറിയിച്ചിരുന്നു - ബോർഡ് അറിയിച്ചു. ഈ വാദം ഹൈക്കോടതി മുഖവിലയ്ക്ക് എടുക്കാനാണ് സാധ്യത. ഇതോടെ ശബരിമലയിലെ ഹലാൽ വിവാദവും തീരും.
ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ഉപയോഗിച്ചെന്ന വിവാദം തുടരുന്നതിനിടെ ശർക്കര പായ്ക്കറ്റുകൾ നിർമ്മിക്കുന്നത് ശിവസേന നേതാവിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസ് വെബ് സൈറ്റിലെ രേഖകൾ വിശദീകരിച്ചിരുന്നു. മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ് ആണ് ശർക്കര പായ്ക്കറ്റുകൾ നിർമ്മിക്കുന്നത്. കമ്പനി ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ ശിവസേനാ നേതാവാണ്. 2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർത്ഥിയായിരുന്നു ധ്യാൻദേവ്.
പത്തു വർഷമായി കൃഷി-അനുബന്ധ മേഖലയിൽ സജീവമായ കമ്പനിയാണ് ധ്യാൻദേവിന്റെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ. സൾഫറില്ലാത്ത പഞ്ചസാര ഉൽപ്പന്നങ്ങളാണ് കമ്പനിയുടെ ഹൈലൈറ്റ്. ശർക്കരയും അതിന്റെ പൊടിയും മറ്റുമായി വിവിധ പേരുകളിൽ ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലുണ്ട്.
അതിലൊന്നാണ് ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്ന ജാഗ്വരി പൗഡർ. ഈ മേഖലയിലെ ഹോൾസെയിൽ വമ്പന്മാരാണ് വർധൻ ആഗ്രോ പ്രൊസസിങ്. ഗൾഫ് രാഷ്ട്രങ്ങൾ ഉൾപ്പെടെ പല വിദേശരാജ്യങ്ങളിലേക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ