നിതികൾ എന്ന സംഘടനയെ കുറിച്ച് മലയാളികൾ കേൾക്കാൻ തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. തമിഴ്‌നാട്ടിലെ സ്ത്രീ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന ഒരു സംഘടന എന്നാണ് മലയാളത്തിലെ പത്രങ്ങളും ചാനലുകളും ഓൺലൈനുകളും പറയുന്നത്. എന്നാൽ ഇന്ന് കേരളത്തിലെ ഏതുകൊച്ചുകുഞ്ഞുങ്ങളോട് ചോദിച്ചാൽ പോലും പറയും മനീതികളെ കുറിച്ച്. ശബരിമലയിൽ ഇന്നലെ മനിതികളുടെ 12 പ്രതിനിധികളാണ് ആചാരം ലംഘിക്കാൻ ശ്രമം നടത്തിയത്. ഇന്ന് മനിതിയുടെ കേരളാ ഘടകത്തിന്റെ പ്രതിനിധികൾ എന്ന പേരിൽ രണ്ട് പേരും ഇന്ന് ശബരിമലയിൽ കയറാൻ ശ്രമിച്ചു. അങ്ങനെ മനിതികൾ മലയാളികൾക്ക് ഏറ്റവും സുപരിചിതമായ പേരായി മാറി. നൂറുകണക്കിന് പ്രവർത്തകരും നേതാക്കന്മാരും കോടിക്കണക്കിന് രൂപയുടെ സേവനവും നൽകുന്ന ഒരു സംഘനയ്ക്കും ലഭിക്കാത്ത സ്വീകാര്യതയും പ്രചരണവുമാണ് മനിതികൾക്ക് ലഭിച്ചത്.

അഞ്ജുവും രഹ്നാ ഫാത്തിയും മേരി സ്വീറ്റിയും മുതൽ അമ്മിണി വരെ അനേകം പേരുകൾ മലയാളികൾക്ക് ഇപ്പോൾ സുപരിചിതമാണ്. അമ്മിണി എന്ന പേര് അറിയാത്ത എത്ര വനിതകൾ ഇന്ന് കേരളത്തിൽ കാണും. അവരൊക്കെ പേരും പെരുമയും നേടിയത് ശബരിമലയിൽ കയറാൻ നടത്തിയ പാഴ്ശ്രമം കൊണ്ടാണ്. സംഘപരിവാർ സംഘടനകളുടേയും ഭക്തജനങ്ങളുടേയും പ്രതിഷേധം കൊണ്ടാണ് ഇവർക്കാർക്കും ശബരിമലയിൽ കയറാൻ സാധിക്കാത്തതെന്ന് അവർ പറയുമ്പോൾ പൊലീസ് അയഞ്ഞു കൊടുത്തതു കൊണ്ടാണ്, പൊലീസ് ക്രമസമാധാനം നടത്താൻ ശ്രമിക്കുന്നതുകൊണ്ടാണ് എന്ന് പറയുന്നവരാണ് ഇടതു പക്ഷക്കാർ. രണ്ട് കൂട്ടരെയും കുറ്റം പറയുന്നവരാണ് ആക്ടിവിസ്റ്റുകൾ. ആരാണ് ഈ മത്സരത്തിൽ വിജയിക്കുന്നത് എന്ന ചർച്ചയ്ക്ക് ഇവിടെ ഒരു പ്രസക്തിയും ഇല്ല. ശബരമില പോലെ കേരളീയ സമൂഹത്തെ ഇത്രമേൽ സ്വാധീനിക്കുന്ന ഒരു ആരാധാനാലയത്തിന്റെ ആചാരങ്ങൾ ലംഘിച്ചുകൊണ്ട് ചില ആക്ടിവിസ്റ്റുകൾ പറയുന്നത് നീതികേടാണ്.

ശബരിമലയിൽ ഞങ്ങൾക്ക് കയറണം, ഭഗവാനെ ഞങ്ങൾക്ക് തൊഴണം എന്ന് ചില സ്ത്രീകൾ അവരുടെ ഭക്തിയുടെ ഭാഗമായി അവകാശപ്പെട്ടാൽ അതിൽ നമുക്ക് കുറ്റം പറയാൻ കഴിയില്ല. ആചാരങ്ങൾ അപ്രസക്തമാകുന്നതും ആചാരങ്ങൾ അനാചാരങ്ങളായി മാറുന്നതും ആ വിശ്വാസത്തിന്റെ ഭാഗമായിരിക്കുന്ന ഭൂപരിപക്ഷത്തിന്റെ താൽപര്യത്തെ ഹനിക്കുമ്പോഴാണ്. ഇവിടെ ശബരിമലയിൽ യുവതികൾ പ്രവേശിക്കണം എന്ന വാശികാണിച്ച എല്ലാ സ്ത്രീകളം അയ്യപ്പനെ ഇഷ്ടപ്പെടാത്തവരാണ്. അവർ ഈ നാടകത്തിന്റെ ഭാഗമായി മാത്രം അയ്യപ്പ വേഷം കെട്ടിയാടുന്ന ഫാൻസിഡ്രസുകാരാണ്. മനിതികൾ ഇന്നുവരെ ഭക്തിയുടെ പേരിൽ ഒന്നും ചെയ്തിട്ടുമില്ല അറിയപ്പെട്ടിട്ടുമില്ല. മുൻപ് ശബരിമലയിൽ എത്താൻശ്രമിക്കുകയും ജയിലിൽ ആകുകയും ചെയ്ത രഹ്നാ ഫാത്തിമ അടക്കമുള്ളവർ ഭക്തരായിരുന്നില്ല. അങ്ങനെ ഭക്തരല്ലാത്ത സ്ത്രീകൾക്ക് വണ്ടി ഒരു വലിയ സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആചാരങ്ങളേയും ഹനിക്കാൻ ശ്രമിക്കുന്നവർ ആരായാലും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ശബരിമലയിൽ പ്രവേശിക്കാൻ ഈ യുവതികൾക്ക് ആർക്കും താൽപര്യം ഇല്ലെന്നതാണ് സത്യം. എന്നിരുന്നാലും ശബരിമലയിൽ പോകുന്നു എന്ന് പ്രഖ്യാപിച്ചാൽ ചുളുവിൽ പ്രശസ്തയാവുകയും ഒരു ദിവസം മുഴുവൻ ചാനൽ കാമറകളിൽ നിറഞ്ഞ് നിൽക്കുകയും ചെയ്യാം. ഇന്നലെ കയറിയ തമിഴ് മനിതികളും ഇന്നു കയറിയ മലയാളി മനിതികളും ലക്ഷ്യം വയ്ക്കുന്നത് പെരുമയും പ്രശസ്തിയും തന്നെയാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം നവോത്ഥാന സംരക്ഷകരും പുരോഗമന വാദികളും എന്ന പേരും കിട്ടും. സർക്കാരിനെ സംബന്ധിച്ചിടത്തോളം വോട്ട് ബാങ്കിലേക്കുള്ള ഒരു കവാടമാണ്. എല്ലാവരും മുതലെടുപ്പിന് ശ്രമിക്കുമ്പോൾ നഷ്ടം ശബരിമലയ്ക്കാണ്. ഭഗവാനെ കാണാൻ നോമ്പെടുത്ത് കാത്തിരിക്കുന്ന സാധാരണ വിശ്വാസികൾക്ക് മാത്രമാണ്. അനേകം വിശ്വാസികൾ ഇക്കുറി ഭയാശങ്കകളാൽ ഭഗവാനെ കാണേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു. അനേകം ഭക്തർക്ക് ഇവിടെ എത്തി നേരെ ചൊവ്വെ ഭഗവാനെ കാണാൻ സാധിക്കാതെ വേദനിച്ച് മടങ്ങുന്നു. മണിക്കൂറുകളോളം വഴിയിൽ കിടന്ന് മണിക്കൂറുകളോളം ദുരിതം അനുഭവിച്ച് പൊലീസ് കേസും ജയിൽ വാസവുമായി അനേകം പേർക്ക് ജീവിക്കേണ്ടി വരുന്നു. ശബരിമലയുടെ ഓജസിനും പെരുമയ്ക്കും ഇത് മങ്ങലേൽപ്പിക്കുന്നു.

ഒരുകാര്യം വ്യക്തമാണ്. ശബരിമലയിൽ ഒരു യുവതിയും പ്രവേശിക്കാൻ പോകുന്നുല്ല. അതിന് കാരണം ഭക്തരുടെ പ്രതിഷേധമാവാം. അതുകൊണ്ട് തന്നെ ശബരിമലയുടെ പേരിലുള്ള ഈ ആളൊരുക്കവും ബഹളവും അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. ഇന്ന് അമ്മിണിക്കും മനിതികൾക്കും കയറാൻ സാധിച്ചില്ലെങ്കിൽ നാളെ മറ്റൊരാൾക്കും അതിന് സാധിച്ചെന്ന് വരില്ല. അതുകൊണ്ട് സർക്കാർ ഇരട്ടത്താപ്പ് മാറ്റി ആരെയും തൽക്കാലം കയറ്റാൻ സാധിക്കയില്ല എന്ന് പറഞ്ഞ് ആ പുണ്യഭൂമിയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.