കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി ശബരിമലയിലെ യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിരന്തരമായ സംവാദത്തിലാണ് കേരളം. ഒരു വശത്ത് അയ്യപ്പ ഭക്തരും സംഘപരിവാർ അണികളും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണ് എന്ന് പറഞ്ഞുകൊണ്ട് അതിന് തടയിടാൻ ശ്രമിക്കുമ്പോൾ മറുവശത്ത് ഭരണകൂടവും അതിനെ പിന്തുണയ്ക്കുന്ന ചില പുരോഗമന വാദികളും സാമൂഹിക പ്രവർത്തകരും ഇത് സാമൂഹ്യ മാറ്റത്തിന്റെയും പരിഷ്‌കാരത്തിന്റെയും തുടക്കമായതിനാൽ അത് നടന്നേ മതിയാകൂ എന്നും പറഞ്ഞുകൊണ്ടുള്ള ചർച്ചകളാണ് നടക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ശബരിമലയിൽ നട തുറന്നിട്ടും ഒരു യുവതി പോലും അവിടെ എത്തിയില്ല എന്നതാണ് വാസ്തവം.

അങ്ങനെ ഒരു യുവതിക്ക് പോലും ശബരിമലയിൽ എത്താൻ സാധിക്കാത്തതിന്റെ ഉത്തരവാദികൾ ആര് എന്ന് ചോദിച്ചാൽ ഒരു വശത്ത് സമരം ചെയ്യുന്ന വിശ്വാസികളും സംഘപരിവാറുകാരും ആണെങ്കിൽ മറുവശത്ത് സർക്കാർ തന്നെയാണ്. യുവതികളെ പ്രവേശിപ്പിക്കണം എന്ന് പുറത്ത് പറയുമ്പോഴും യഥാർത്ഥത്തിൽ അതിനോട് അനുകൂലിക്കാത്ത നിലപാട് പൊലീസും സർക്കാരും എടുക്കുന്നതുകൊണ്ടും കൂടിയാണ് ഇതു വരെ ഒരു യുവതിയും അവിടെ പ്രവേശിക്കാത്തത്. സാമൂഹിക മാറ്റത്തിലൂന്നിയ നയത്തിന്റെയും സുപ്രീം കോടതി വിധിയോടുള്ള ആദരവിന്റെയുമൊക്കെ ബലത്തിൽ സർക്കാർ ഇങ്ങനെ പരസ്യമായ ഒരു നിലപാടെടുത്തിട്ടും ഒരു യുവതിയോയും ശബരിമലയിൽ പ്രവേശിപ്പിക്കാൻ സാധിക്കാതെയിരിക്കുമ്പോൾ ഇതിന്റെ യഥാർത്ഥത്തിലുള്ള നഷ്ടം അനുഭവിക്കുന്നത് കേരളവും ശബരിമലയുമാണ്.

പ്രായോഗികമായി ഒരു യുവതിയേയും പ്രവേശിപ്പിക്കാൻ സാധിക്കുകയില്ല എന്ന് സർക്കാരിനും പൊലീസിനും അറിയാമായിരിക്കവേ അത് തുറന്ന് പറയാൻ മടികാണിക്കുന്നതുകൊണ്ട് നമുക്ക് നഷ്ടമാകുന്ന അവസരങ്ങളും ശബരിമലയുടെ അപ്രസക്തമാകുന്ന പ്രസക്തിയും ഏറെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. നട മണ്ഡല കാലത്തിന് വേണ്ടി തുറന്ന് 9 ദിവസം കഴിഞ്ഞിട്ടും ശബരിമലയിൽ വരുന്ന ഭക്തരുടെ എണ്ണം പകുതിയിൽ താഴെ പോലും എത്തിയില്ല എന്നത് ആശങ്കാ ജനകമാണ്. ശബരില കേരളത്തിന്റെ ആവേശമാകുന്നത് ഇത് നൽകുന്ന സാമ്പത്തിക ഇടപാടുകൾ കൂടിയാണ്. കോടിക്കണക്കിന് രുപ മുടക്കി ലേലം വിളിച്ച കടകളൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അതേ സമയം പൊലീസിനും പട്ടാളത്തിനും കൂടി നൽകുന്ന ചെലവ് കൂടി കണക്കിലാക്കുമ്പോൾ സാധാരണ മണ്ഡല മകരവിളക്ക് കാലത്തിന് വേണ്ടി ഉപയോഗിക്കുന്നതിനേക്കാൾ ഏറെ പണം സർക്കാരിന് ചെലവാക്കേണ്ടി വരുന്നു. കാണിക്ക വഞ്ചികളിൽ ഒന്നും കാശു വരുന്നില്ല. ഭക്തർ അങ്ങോട്ട് തിരിഞ്ഞ് നോക്കുന്നത് പോലുമില്ല.

ഇതിന്റെ അനന്തര ഫലമെന്ന് പറയുന്നത് കേരളത്തിന്റെ സാമ്പത്തിക നിലയെ പോലും ബാധിക്കുന്ന തരത്തിൽ വളരാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്. ശബരിമലയിൽ ലഭിച്ചു എന്ന് പറയുന്ന കാണിക്കയും സംഭാവനയും ഒക്കെ മാത്രമല്ല ശബരിമലയുടെ പ്രസക്തി. അതിനപ്പുറം ഒരു പ്രദേശത്തെ മുഴുവൻ സാമ്പത്തികമായ ഉന്നതിയിലേക്ക് നയിക്കുന്ന ഒരു സാമ്പത്തിക സ്രോതസ് കൂടിയാണ് ശബരിമല. എരുമേലിയും റാന്നിയും വടശേരിക്കരയും ളാഹയും ഒന്നും മാത്രമല്ല ഏതാണ്ട് പത്തോ അൻപതോ കിലോ മീറ്റർ ചുറ്റളവിൽ അനേകം പേരുടെ ജീവനോപാധിയാണ് ശബരിമല എന്ന് പറയുന്നത്. ഈ സമീപനം കൊണ്ട് ആ ജീവനോപാധി ഏകദേശം നിലച്ചിരിക്കുകയാണ്. ഒപ്പം ശബരിമല എന്ന് പറയുന്ന മലയാളിക്ക് എക്കാലത്തും അഭിമാനത്തോടെ പറയാവുന്ന കേരളത്തിന്റെ സ്വന്തമായ ഏക ദൈവവും പരീക്ഷണത്തെ നേരിടുകയാണ്. നമുക്ക് ഭഗവാൻ ദൈവമല്ലാതെ മറ്റൊരു ദൈവം പോലും സ്വന്തമായി ചൂണ്ടിക്കാട്ടാനില്ല.