ചെന്നൈ: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിയെ ആദരിക്കുന്നുണ്ടെങ്കിലും വിശ്വാസങ്ങളും ആചാരങ്ങളും പാലിക്കപ്പെടേണ്ടതാണെന്ന് തമിഴ് സൂപ്പർ താരം രജനീകാന്ത്. ക്ഷേത്രത്തിൽ കാലങ്ങളായി ആചരിക്കുന്ന രീതികളെയും ഐതിഹ്യങ്ങളേയും ബഹുമാനിക്കേണ്ടതുണ്ടെന്നും രജനീകാന്ത് പറഞ്ഞു.

ക്ഷേത്രങ്ങളിലെ പഴക്കമുള്ള ആചാരങ്ങളിൽ ആരും ഇടപെടരുതെന്നും അദ്ദേഹം പറഞ്ഞു. മീ ടൂ കാമ്പയിൻ സ്ത്രീകൾക്ക് നല്ലതാണ്. എന്നാൽ അത് ദുരുപയോഗം ചെയ്യരുതെന്നും രജനീകാന്ത് കൂട്ടിച്ചേർത്തു.

അതേസമയം, തന്റെ പാർട്ടി പ്രഖ്യാപനം നീളുന്ന കാര്യത്തിൽ വ്യക്തമായി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. പാർട്ടി രൂപീകരണത്തിന് വേണ്ട കാര്യങ്ങൾ 90 ശതമാനം പൂർത്തിയായി. എന്നാൽ എന്ന് പ്രഖ്യാപിക്കുമെന്ന കാര്യം ഇപ്പോൾ പറയാനാകില്ല. പ്രഖ്യാപനം എന്നുണ്ടാകുമെന്ന് പിന്നീട് അറിയിക്കാമെന്നും രജനീകാന്ത് വ്യക്തമാക്കി.

രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്ന പ്രഖ്യാപനം വന്നിട്ടും രജനിയുടെ പാർട്ടി പ്രഖ്യാപനം ഇനിയും നീളുകയാണ്. നിലവിൽ ആരാധക സംഘടനയായ രജനി മക്കൾ മൺട്രം കേന്ദ്രീകരിച്ചാണു പ്രവർത്തനങ്ങൾ നടക്കുന്നത്.

തികഞ്ഞ ഒരു ഈശ്വര വിശ്വാസിയായ രജനികാന്ത് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപ് സന്ദർശിക്കുന്ന പ്രധാന സ്ഥലമാണ് ബാബാജി ഗുഹ. സൂപ്പർ സ്റ്റാർ രജനികാന്ത് എല്ലാ വർഷവും ഈ സ്ഥലം സന്ദർശിക്കാറുണ്ട്. ഹരി, വെങ്കട് എന്നീ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് രജനികാന്തിന്റെ ഈ യാത്ര.