പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധിക്ക് പിന്നാലെ, മുഖ്യമന്ത്രി പിണറായി വിജയനെ ജാതി കൂട്ടി അസഭ്യം പറഞ്ഞ വീട്ടമ്മ മണിയമ്മയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചെറുകോൽ പഞ്ചായത്ത് വടക്കേ പാരൂർ വീട്ടിൽ പരേതനായ ശിവപിള്ളയുടെ ഭാര്യ മണിയമ്മയെയാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

എസ്എൻഡിപി യോഗം ഭാരവാഹിയായ വി. സുനിൽ കുമാർ നൽകിയ പരാതിയിൽ ഇവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.പിണറായി വിജയന്റെ ഈഴവ (തിയ്യ) ജാതിയെ പരാമർശിച്ചായിരുന്നു ഇവരുടെ വിവാദ പരാമർശം. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ചില മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മണിയമ്മ മുഖ്യമന്ത്രിയെ ജാതിത്തെറി വിളിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമായപ്പോൾ ഇവർ മാപ്പുപറഞ്ഞ് രംഗത്തെത്തി.

ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി കൂട്ടി അസഭ്യം പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവർ പ്രയോഗത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഒന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്. അയ്യപ്പനെ ഓർത്താണ് പറഞ്ഞത്. ഈ അമ്മയോട് ക്ഷമിക്കണമെന്ന് മണിയമ്മ വീഡിയോയിൽ ആവശ്യപ്പെടുന്നു. ഈഴവ സമുദായത്തിൽ ഉള്ളവരെ അപമാനിക്കാനുള്ള ശ്രമം ആയിരുന്നില്ല. ഈഴവ സമുദായത്തിലുള്ളവർ ഈ അമ്മയോട് ക്ഷമിക്കണം.

യുവതികളെ ശബരിമലയിൽ കയറാൻ അനുവദിക്കില്ലെന്ന കടുത്ത നിലപാടിൽ നടത്തിയ സമരത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ പ്രയോഗവുമായി ചെറുകോൽ സ്വദേശിനി എത്തിയത്. 'ആ ചോ കൂതിമോന്റെ മോന്തയടിച്ചു പറിക്കണം' എന്നതടക്കമുള്ള നിരവധി അധിക്ഷേപങ്ങളാണ് ഇവർ നടത്തിയത്. പിണറായി വിജയൻ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കൻ മേഖലയിൽ ഇഴവരെ ചോകോൻ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേർത്താണ് മുഖ്യമന്ത്രിയെ ഇവർ അസഭ്യം പറഞ്ഞത്.

അതേസമയം, സംഘർഷങ്ങളിലും അക്രമങ്ങളിലും പങ്കാളികളായവർക്കു മേൽ വന്നിരിക്കുന്നത് വൻ സാമ്പത്തിക ബാധ്യത. പൊലീസ് വാഹനങ്ങളും കെഎസ്ആർടിസി ബസുകളും മറ്റും തകർത്ത കേസിൽ അറസ്റ്റിലായവർക്കു ജാമ്യം ലഭിക്കണമെങ്കിൽ 10,000 രൂപ മുതൽ 13 ലക്ഷം രൂപ വരെ കെട്ടിവയ്ക്കണം. നിലയ്ക്കലിൽ സന്നിധാനം സ്‌പെഷൽ ഓഫിസറായ എസ്‌പി അജിത്തിന്റെ വാഹനം കൊക്കയിലിട്ടവർക്കാണു 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടത്. ആകെ 9 പ്രതികളാണ് ഈ കേസിലുള്ളത്. നിലയ്ക്കൽ സംഘർഷങ്ങളിൽ പൊലീസിന്റെയും സർക്കാരിന്റെയും മാധ്യമങ്ങളുടെയും വാഹനങ്ങൾ വ്യാപകമായി തകർക്കപ്പെട്ടിരുന്നു. ഈ കേസുകളിലെ പ്രതികളും എട്ടും ഒൻപതും ലക്ഷം രൂപ കെട്ടിവയ്‌ക്കേണ്ടി വരും. കോടതിയാണ് ഇവരുടെ ജാമ്യത്തുക നിശ്ചയിക്കുക.

ശബരിമല സംഘർഷങ്ങളിലെ പ്രതികളുടെ സംസ്ഥാന വ്യാപക അറസ്റ്റ് മൂന്നാം ദിനവും തുടരുകയാണ്. ഇന്നലെ ഒറ്റ രാത്രി കൊണ്ടു വിവിധ ജില്ലകളിലായി എഴുന്നൂറിലേറെപ്പേരെ അറസ്റ്റ് ചെയ്തു. ഇതോടെ 452 കേസുകളിലായി അറസ്റ്റിലായവരുടെയെണ്ണം 2061 ആയി. ഇനിയും ആയിരത്തിലേറെപ്പേരെ കണ്ടെത്താനായി ജില്ലാ തലത്തിൽ പ്രത്യേക സംഘം തിരച്ചിൽ തുടരുകയാണ്. അറസ്റ്റ് തുടരുമെന്നും യുവതീപ്രവേശം നടപ്പാക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങളുമായി മുന്നോട്ടു പോകുമെന്നും ഡിജിപി വ്യക്തമാക്കി.

അറസ്റ്റിലായതിൽ 1500 ഓളം പേർക്കു സ്റ്റേഷനിൽനിന്നു ജാമ്യം ലഭിച്ചു. എന്നാൽ നിലയ്ക്കൽ സംഘർഷങ്ങളിലും വിവിധയിടങ്ങളിൽ വാഹനം നശിപ്പിച്ച കേസുകളിലും പ്രതികളായവർക്കു കോടതി വഴിയാണു നടപടികൾ. ഇത്തരത്തിലുള്ളവർക്കാണു ജാമ്യം ലഭിക്കാനായി പതിനായിരം മുതൽ ലക്ഷങ്ങൾ വരെ ജാമ്യത്തുക അടയ്‌ക്കേണ്ടി വരിക. മുന്നൂറിലേറെപ്പേറെ റിമാൻഡ് ചെയ്തു