കൊച്ചി: ശബരിമലയിൽ അഹിന്ദുക്കളെ തടയണമെന്ന വാദം സർക്കാർ തള്ളി. മറ്റുമതങ്ങളെ കൂടി കേൾക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. വഖഫ് ബോർഡ്, ക്രിസ്ത്യൻ-മുസ്ലിം സംഘടനകൾ, ആദിവാസി സംഘടനകൾ കൂടി കേൾക്കണം. അഹിന്ദുക്കൾ ശബരിമലയിൽ പ്രവേശിക്കുന്നത് തടയണമെന്ന ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്.

ശബരിമല മതേതര ക്ഷേത്രമാണ്. ബുദ്ധക്ഷേത്രമാണെന്നും വാദമുണ്ട്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തിൽ പല വാദങ്ങളുണ്ട്. മലയരയന്മാർ ഉൾപ്പെടെയുള്ളവർ വാദം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ കോടതി ഉടൻ തീരുമാനമെടുക്കരുത്. പൊതുജന താൽപര്യം ഉള്ള വിഷയം എന്ന നിലയിൽ പത്ര പരസ്യം നൽകണം.

ശബരിമലയിൽ ഹിന്ദുക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട 1965 ലെ ആക്റ്റും, റൂളും അടിസ്ഥാനപ്പെടുത്തി സെക്ഷൻ 3 എയുടെ അടിസ്ഥാനത്തിൽ അഹിന്ദുക്കൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശമില്ലായെന്നാണ് ഹൈക്കോടതിയിൽ ഹർജിക്കാരൻ വാദം ഉന്നയിച്ചത്. ഈ വാദം തള്ളിക്കൊണ്ടാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ശബരിമല മതേതര ക്ഷേത്രമാണെന്നാണ് മുഖ്യമായി സർക്കാർ വാദം. ഇവിടെ ഓരോ തീർത്ഥാടനകാലത്തും നിരവധി മുസ്ലിം -ക്രിസ്ത്യൻ മതവിശ്വാസികൾ ദർശനത്തിനെത്തുന്നുണ്ട്. വാവര് നട സന്നിധാനത്താനുളേളത്. എരുമേലിയിൽ എത്തുന്ന അയ്യപ്പഭക്തർ വാവര് പള്ളിയിൽ ദർശനം നടത്തിയ ശേഷമാണ് ശബരിമലയ്ക്ക് പോകുന്നത്. ക്രിസ്തുമതത്തിൽ ജനിച്ച യേശുദാസ് പാടിയ പാട്ടുകേട്ടാണ് അയ്യപ്പൻ ഉറങ്ങുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതുകൊണ്ടു ഏതെങ്കിലും ഒരു മതത്തെ മാത്രം കേട്ട് തീരുമാനം എടുക്കരുതെന്നും സർക്കാർ കൂട്ടിച്ചേർത്തു.

അത്തരത്തിൽ മതേതരസങ്കപത്തിൽ അധിഷ്ഠിതമാണ് ശബരിമല. ഇക്കാരണത്താൽ ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ എതിർസത്യവാങ്മൂലത്തിൽ പറഞ്ഞു.

1965 ലെ ആക്റ്റ് നിലനിൽക്കുന്ന സാഹചര്യത്തിൽ വഖഫ് ബോർഡ്, ക്രിസ്ത്യൻ, മുസ്ലിം സംഘടനകൾ, വാവ്ര ട്രസ്റ്റ്, ആദിവാസി സംഘടനകൾ തുടങ്ങിയവരുടെ അഭിപായം കൂടി കേൾക്കണം. എതിർസത്യവാങ്മൂലം കൂടി പരിഗണിച്ച ശേഷം ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കണം. ആക്റ്റിലെ സെക്ഷൻ 3 ബി മാത്രമാണ് സുപ്രീം കോടതി റദ്ദാക്കിയത്. മറ്റെല്ലാ വകുപ്പുകളും നിലനിൽക്കുന്നു. നിയമപ്രകാരം ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ അഹിന്ദുക്കൾക്ക് ദർശനം അനുവദിക്കുന്നില്ല. ഈ പശ്ചാത്തലത്തിലാണ് തീരുമാനമെടുക്കും മുമ്പ് വിവിധ സംഘടനകളുടെ വാദം കൂടി കേൾക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സെക്ഷൻ 3 എ പ്രകാരം അഹിന്ദുക്കൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കാത്ത സാഹചര്യത്തിലാണ് നിയമപ്രശ്‌നം നിലനിൽക്കുന്നത്.

അതേസമയം ശബരിമല വ്യത്യസ്തമായ പാരമ്പര്യം നിലനിൽക്കുന്ന ക്ഷേത്രമെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. അതേസമയം സുപ്രീംകോടതി വിധി നടപ്പിലാക്കുകയല്ല, ശബരിമലയെ തകർക്കുകയാണ സർക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി ജനറൽ സെക്രട്ടറി
കെ.സുരേന്ദ്രൻആരോപിച്ചു. ഈ വിഷയത്തിൽ സർക്കാർ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അഹിന്ദുക്കൾക്കു പ്രവേശനമില്ലെന്ന വ്യവസ്ഥ ശബരിമലയിൽ നടപ്പാക്കണമെന്ന പൊതു താൽപര്യ ഹർജിയുമായി അഖില ഭാരതീയ അയ്യപ്പധർമ പ്രചാര സഭ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കേരള ഹിന്ദു പൊതു ആരാധനാ സ്ഥല ചട്ടത്തിലെ 3 (ബി) വകുപ്പിന്റെ അടിസ്ഥാനത്തിലാണ് യുവതികൾക്കു വിലക്കുണ്ടായിരുന്നത്. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നു കോടതി വിധിച്ചു. എന്നാൽ, 3(എ) വകുപ്പു പറയുന്നത് അഹിന്ദുക്കൾക്കു പ്രവേശനമില്ലെന്നാണ്. ഹിന്ദുക്കളല്ലാത്ത സ്ത്രീകളെ പ്രവേശിപ്പിക്കാൻ സർക്കാർ സംവിധാനം ദുരുപയോഗിച്ച് ഉദ്യോഗസ്ഥർ ശ്രമിക്കുകയാണെന്നും അത് മതസൗഹാർദത്തിനു ഭംഗം വരുത്തുന്നുവെന്നും ഹർജിയിൽ പറയുന്നു.