തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശന വിഷയം സംസ്ഥാനത്ത് ഉണ്ടായക്കിയ കോലാഹലങ്ങൾ ചെറുതല്ല. എന്നാൽ ഇതിന്റെ കാഠിന്യം ശബരിമലയിൽ കുറഞ്ഞിട്ടും നിയമസഭയിൽ ഇപ്പോഴും നേതാക്കന്മാർ തമ്മിൽ തല്ലുന്നത് എന്തിനാണെന്നാണ് പൊതു സമൂഹത്തിൽ നിന്നുയരുന്ന സംശയം. കഴിഞ്ഞ 11 ദിവസമായി വിഷയത്തിന്റെ പേരിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തല്ലുന്ന കാഴ്‌ച്ചയാണ് നിയമസഭയിൽ കാണുന്നത്. എന്നാൽ അതിനൊപ്പം തന്നെ ഞെട്ടിക്കുന്ന മറ്റൊരു വാർത്തയും പുറത്ത് വരികയാണ്.

പതിനൊന്ന് ദിനങ്ങൾ സഭ തമ്മിൽ തല്ലി പിരിഞ്ഞപ്പോൽ പൊതു ജനങ്ങളുടെ ഒരു കോടിയിലേറെ രൂപയാണ് വെള്ളത്തിലായത്. വിഷയം ജനമനസുകളിൽ നിന്ന് മാറിയിട്ടും നേതാക്കന്മാർ എന്തിനിത് ഊതിപ്പെരുപ്പിക്കാൻ ശ്രമിക്കുന്നുവെന്നാണ് ഏവരുടേയും സംശയം. എന്നാൽ സംഗതിക്ക് കൃത്യമായൊരു അവസാനം കാണാൻ ശ്രമിക്കാതെ ഏവരും ഇപ്പോൾ വനിതാ മതിലിന് പുറകേയാണ്.

ആഴ്‌ച്ചകൾക്ക് മുൻപ് പ്രളയദുരിതം ചർച്ച ചെയ്യാനായി നിയമസഭ ഒരു ദിവസം പ്രത്യേകമായി സമ്മേളിച്ചതിനു കാൽക്കോടി രൂപയാണു ചെലവായത്. ക്രിയാത്മകമായ ഒരു നിർദ്ദേശം പോലും ഉയർന്നില്ലെന്നു മുഖ്യമന്ത്രി അന്നു പരിതപിച്ചു. അതിനുശേഷം നിയമസഭയുടെ ഒരു സമ്മേളനം കഴിയുകയാണ്. പ്രളയദുരിതത്തിൽ മുങ്ങിനിൽക്കുന്ന ജനങ്ങൾ ആരുടെയും കണ്ണിൽപ്പെട്ടില്ല. ശബരിമല മാത്രമായിരുന്നു അവർക്കു കേരളത്തിലെ ഏക പ്രശ്നം. മുട്ടുമടക്കിയാൽ മാനം പോകുമെന്ന് ഇരുകൂട്ടരും കണക്കാക്കിയതോടെ സഭാസ്തംഭനം തുടർക്കഥയായി. ഗവർണറുടെ വിമർശനം ഒരു ഫലവുമുണ്ടാക്കിയില്ല.

വിശദ ചർച്ച ആവശ്യമായിരുന്ന പല വിഷയങ്ങളും നിയമസഭയുടെ പരിഗണനയ്ക്കായി നിശ്ചയിച്ചിരുന്നു. നഗരങ്ങളിലെ ഗതാഗത സംവിധാനത്തിനായി രൂപീകരിക്കുന്ന മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അഥോറിറ്റി, സ്പോർട്സ് കൗൺസിലിൽ സമഗ്രമാറ്റം ഉദ്ദേശിച്ചുള്ള കായികനിയമ ഭേദഗതി, ജി.എസ്.ടി. ബിൽ, ഉപധനാഭ്യർഥന, ധനവിനിയോഗ ബിൽ, ഓർഡിനൻസുകൾക്കു പകരമായുള്ള 13 ബില്ലുകൾ... ഇവയെല്ലാം ഒരു ചർച്ചയും കൂടാതെ സഭയിലൂടെ കടന്നുപോയി. സംസ്ഥാനത്തിന്റെ സാമ്പത്തികനില ചർച്ച ചെയ്യപ്പെട്ടില്ല.

കേരള ബാങ്ക്, സർവകലാശാലകൾ, വിദേശനിർമ്മിത മദ്യം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരേ ഉന്നയിക്കുന്ന ഒരു ആരോപണവും പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽ കൊണ്ടുവന്നില്ല. ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി. ഇതിലൊന്നും ചർച്ചയ്ക്കു താൽപര്യമില്ലായിരുന്ന സർക്കാരിനു ശബരിമലവാഗ്വാദം ഉർവശീശാപം പോലെയായി. കഴിഞ്ഞ മാസം 27-നു തുടങ്ങിയ സമ്മേളനം പല ദിവസങ്ങളിലും ചോദ്യോത്തരവേള പോലും പൂർത്തിയാക്കാതെയാണു പിരിഞ്ഞത്.

ഒരു ദിവസം പ്രളയവും ഒരു ദിവസം മന്ത്രി കെ.ടി. ജലീലിനെതിരായ ബന്ധുനിയമന വിവാദവും ചർച്ചയായി. ഒമ്പതു ദിവസം പാഴായി. എംഎ‍ൽഎമാരുടെ സിറ്റിങ് ഫീസടക്കം ഒരു ദിവസത്തെ സമ്മേളനത്തിന് പത്തു ലക്ഷത്തിൽപ്പരം രൂപയാണു ഖജനാവിൽനിന്നുള്ള ചെലവ്. ഈയിനത്തിൽത്തന്നെ ഒരു കോടിയിലേറെ രൂപ ഒഴുകിപ്പോയി. ആചാരപാലന, നവോത്ഥാനത്തർക്കത്തിൽ ചോർന്നുപോയ ഈ പണമുണ്ടായിരുന്നെങ്കിൽ ചിലർക്കെങ്കിലും കയറിക്കിടക്കാൻ കൂര സ്വന്തമാകുമായിരുന്നു.