സിംഗപ്പൂരിൽ ഇന്ന് നടക്കുന്ന ഫിൻടെക് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി  നരേന്ദ്ര മോദിക്ക് സിംഗപ്പൂരിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഹൃദ്യമായ സ്വീകരണം നൽകി. ലോകത്തിലേക്ക് തന്നെ ഏറ്റവും വലിയ ഫിനാൻഷ്യൽ ടെക്നോളജി ഇവെന്റുകളിൽ ഒന്നായ സിംഗപ്പൂർ ഫിൻടെക് ഫെസ്റ്റിവലിൽ മുഖ്യപ്രഭാഷണം നടത്തുന്ന ആദ്യ രാഷ്ട്രത്തലവനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഫുള്ളർട്ടൻ ഹോട്ടലങ്കണത്തിലാണ് ഇന്നുപുലർച്ചെ 'മോദി മോദി' വിളികളോടെ ഇന്ത്യൻ സമൂഹം അദ്ദേഹത്തെ വരവേറ്റത്. സിംഗപ്പൂരിലെ അയ്യപ്പ ഭക്തരുടെ കൂട്ടായ്മയായ സിംഗപ്പൂർ അയ്യപ്പ ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ, ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ വിശ്വാസികൾക്കനുകൂലമായി ഇടപെടണം എന്നഭ്യർത്ഥിച്ചുകൊണ്ടുള്ള മെമോറാണ്ടം ഈ അവസരത്തിൽ പ്രധാനമന്ത്രിക്ക് കൈമാറുകയുമുണ്ടായി.

ശബരിമലയിൽ ആചാരലംഘനം അനുവദിക്കരുതെന്ന കോടിക്കണക്കിന് വരുന്ന ഹിന്ദുമതവിശ്വാസികളുടെയും, വിശിഷ്യാ അയ്യപ്പഭക്തരുടെയും അഭ്യർത്ഥന, സംസ്ഥാന സർക്കാരും സുപ്രീം കോടതിയും കണക്കിലെടുക്കാത്ത സാഹചര്യമുണ്ടാവുകയാണെങ്കിൽ, നിയമനിർമ്മാണത്തിലൂടെ കേന്ദ്രസർക്കാർ ഭക്തജനങ്ങൾക്കനുകൂലമായി ഇടപെടണമെന്നഭ്യർത്ഥിക്കുന്ന നിവേദനമാണ് പ്രധാനമന്ത്രിക്ക് സമർപ്പിച്ചത്.

സിംഗപ്പൂർ അയ്യപ്പ ധർമ്മ പരിഷത്തിന്റെ നേതാക്കളായ സി ആർ ബാലചന്ദ്രൻ, ശ്രീജിത്ത് പറമ്പന്തള്ളി, ദീനദയാൽ ആസാദ്,ബിനോയ് അശോകൻ, ഹരിശങ്കർ ആലുവ, ഉണ്ണികൃഷ്ണൻ, നവീൻ നാരായണൻ, കൃഷ്ണൻ കണ്ടരി, അജയകുമാർ കുറുപ്പ് എന്നിവരാണ് സിംഗപ്പൂരിൽ വച്ച് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്