തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനോട് ഇടഞ്ഞ എൻഎസ്എസ് വീണ്ടും ശക്തമായ വിമർശനവുമായി രംഗത്തെത്തി. ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്ന് എൻ.എസ്.എസ്. മുഖപത്രമായ സർവീസ്. സർവീസിന്റെ പുതിയ ലക്കത്തിലാണ് സർക്കാരിനെയും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും അതിരൂക്ഷമായി എൻ.എസ്.എസ്. വിമർശിക്കുന്നത്

തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ ഭരണകാര്യത്തിൽ നിർദ്ദേശം നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനോ, നിർദ്ദേശം നൽകിയാൽ അത് അനുസരിക്കാനുള്ള ബാധ്യത ബോർഡിനോ ഇല്ലെന്നിരിക്കേ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും ഇപ്പോഴത്തെ നിലപാട് ശരിയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് എൻ.എസ്. എസ് മുഖപത്രമായ സർവീസിന്റെ പ്രധാന ചോദ്യം. ദേവസ്വം ബോർഡ് ആക്ടിലെ സെക്ഷൻ 4 അനുസരിച്ച് പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുകയെന്ന ഒരു അധികാരം മാത്രമേ സർക്കാരിനുള്ളൂ. ഇപ്രകാരം പ്രസിഡന്റിനെയും അംഗങ്ങളെയും നിയമിക്കുക എന്ന അധികാരമൊഴികെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാനോ ബോർഡ് പിരിച്ചുവിടാനോ അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കാനോ സർക്കാരിന് കഴിയില്ല.

ബോർഡിനെതിരെ നടപടി സ്വീകരിക്കാനുള്ള അവകാശം ആക്ടിലെ സെക്ഷൻ 9 അനുസരിച്ച് ഹൈക്കോടതിക്ക് മാത്രമാണുള്ളതെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ബോർഡ് അംഗങ്ങളാകുന്ന വ്യക്തികൾ ഹിന്ദു മതത്തിൽപ്പെട്ടവരും ദൈവത്തിലും ക്ഷേത്രാരാധനയിലും വിശ്വസിക്കുന്നവരുമായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. മാത്രമല്ല, 1999ലെ ഹൈക്കോടതി വിധിയനുസരിച്ച് ദേവസ്വം ബോർഡ് അംഗങ്ങളായി വരുന്നവർ രാഷ്ട്രീയക്കാരായിരിക്കരുതെന്ന് കൃത്യമായ നിർദ്ദേശമുണ്ട്. രാഷ്ട്രീയക്കാർ ഈ സ്ഥാനത്തേക്ക് കടന്നു വരികയാണെങ്കിൽ തങ്ങൾ സജീവരാഷ്ട്രീയ പ്രവർത്തകരല്ലെന്ന പ്രതിജ്ഞയും എടുക്കണം. എന്നാൽ ഇക്കാര്യത്തിൽ നിലവിലെ ബോർഡ് അംഗങ്ങളുടെ അവസ്ഥയെപ്പറ്റി അന്വേഷണം നടത്തണമെന്നും മുഖപ്രസംഗത്തിൽ ആവശ്യമുണ്ട്.

ശബരിമല വിഷയത്തിൽ തുടക്കം മുതൽ സർക്കാരിനെതിരെ കടുത്ത വിമർശനമാണ് എൻ.എസ്.എസ്. ഉന്നയിക്കുന്നത്. കഴിഞ്ഞ വിജയദശമി ദിവസം പെരുന്നയിൽ നടത്തിയ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പേരെടുത്ത് പറഞ്ഞു എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിമർശിച്ചിരുന്നു. കപട മതേതരവാദം മനസിൽ വച്ചു നിരീശ്വരവാദം അടിച്ചേൽപ്പിക്കുവാനുള്ള നീക്കമാണ് സർക്കാരിന്റേതെന്നും പൈതൃകമായി നേടിയ വിശ്വാസങ്ങൾ നടപ്പിലാക്കുവാൻ മുഖ്യമന്ത്രി പിണറായിയുടെ അനുവാദം വേണമെന്നു പറഞ്ഞാൽ നടക്കില്ലെന്നുമായിരുന്നു സുകുമാരൻ നായരുടെ വിമർശനം.