ന്യൂഡൽഹി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹർജികൾ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിക്കും. ഈ മാസം 13 നാണ്് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് എസ്.കെ കൗൾ എന്നിവർ ഹർജി പരിഗണിക്കും.

ശബരിമല സ്ത്രീ പ്രവേശന വിധിക്ക് ശേഷമെത്തിയ എല്ലാ ഹർജികളും നവംബർ 13 ന് വൈകീട്ട് 3 മണിക്ക് പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. തുറന്ന കോടതിയിൽ കേസുകൾ കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യക്തമാക്കിയിരുന്നു.

ശബരിമല കേസിലെ ഭരണഘടന ബെഞ്ചിന്റെ വിധി അയ്യപ്പ ഭക്തന്മാരുടെ മൗലിക അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മൂന്ന് റിട്ട് ഹർജികളാണ് സുപ്രീംകോടതിയിലുള്ളത്. ഇതിന് പുറമെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 19 ഹർജികളും കോടതിക്ക് മുമ്പിലുണ്ട്. ഈ ഹർജികൾ ഭരണഘടനാ ബഞ്ച് പരിശോധിക്കും. അതേസമയം റിട്ട് ഹർജികൾ ഭരണഘടനാ ബഞ്ച് പരിശോധിക്കില്ല.

തമിഴ് നാട്ടിൽ നിന്നുള്ള അഭിഭാഷകൻ വിജയകുമാർ, ജയരാജ് കുമാർ, മുംബൈ മലയാളി ശൈലജ വിജയൻ എന്നിവർ നൽകിയ റിട്ട് ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.  ശബരിമല കേസിൽ ഏതാനും സ്ത്രീകൾ നൽകിയ ഹർജിയിൽ പുറപ്പെടുവിച്ച വിധി വിശ്വാസികളുടെ മൗലികാവകാശം ലംഘിക്കുന്നു, വിധി നിർദ്ദേശക സ്വാഭാവത്തിൽ ഉള്ളത് മാത്രമാണ് എന്നിവ ആണ് ഹർജികളിലെ പ്രധാന ആക്ഷേപം. ശബരിമലയിലെ ആചാരങ്ങൾ നടപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണം എന്നും ഹർജികളിൽ ആവശ്യപ്പെട്ടിട്ടുണ്ട്