ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ അനുകൂല വിധിയുമായി സുപ്രീംകോടതി. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാമെന്ന വിധിയിൽ സുപ്രീംകോടതി എത്തുന്നത് ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. സ്ത്രീ പ്രവേശനത്തിലെ ചരിത്ര വിധിയാണ് ഇത്. വിധി അംഗീകരിക്കുമെന്ന് ശബരിമലയിലെ തന്ത്രി കുടുംബമായ താഴമൺ അംഗീകരിച്ചു. പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാനുള്ള അവസരമാണ് ഇതോടെ ഉയരുന്നത്.

സ്ത്രീകളെ പ്രവേശിക്കരുതെന്ന ആചാരം അംഗീകരിക്കാനാകില്ല. ഇത് സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ്. ശരീരിക ഘടനയുടെ പേരിലെ വിവേചനം അംഗീകരിക്കാനാകില്ല. സ്ത്രീകളോടുള്ള വിവേചനം ഇരട്ടത്താപ്പാണ്. ഈ സാഹചര്യത്തിൽ സ്ത്രീകളെ വിലക്കുന്ന ചട്ടം സുപ്രീംകോടതി എടുത്തു കഴിഞ്ഞു. ഇതോടെ അടുത്ത മാസപൂജ മുതൽ തന്നെ സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താനാകും. കേരളാ സർക്കാരിന്റെ നിലപാടുകളാണ് അംഗീകരിക്കപ്പെടുന്നത്. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് സ്ത്രീ പ്രവേശനത്തെ ചർച്ചയാക്കുന്നതിനെ സുപ്രീംകോടതി അംഗീകരിച്ചില്ല. ശാരീരിക അവസ്ഥയുടെ പേരിലെ വിവേചനം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിലപാട് വിശദീകരിച്ചു.

ജീവശാസ്ത്രപരമായ കാരണങ്ങളാൽ സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് വേർതിരിവാണെന്നും ഭരണഘടനയിലെ 14,15,17 വകുപ്പുകളുടെ ലംഘനമാണ് നടക്കുന്നതെന്നും കോടതി കണ്ടെത്തുകയാണ്. ഭരണഘടനയുടെ 25,26 വകുപ്പുകളിൽ പറയുന്ന 'ധാർമികത' എന്നതിന്റെ സംരക്ഷണം ശബരിമലയിലെ ആചാരത്തിന് കിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുമ്പോൾ, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമല്ലെന്നും കോടതി നിരീക്ഷിക്കുന്നു. മതപരമായ കാര്യങ്ങളിലെ സ്വയംനിർണയാവകാശത്തിന്റെ പേരിൽ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാനാകില്ലെന്നും കോടതി വിശദീകരിക്കുകയാണ്.

അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗത്തിന്റെ സ്വഭാവമില്ല. നിയമപരമായി രൂപീകരിക്കപ്പെട്ട ബോർഡിനാൽ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സഞ്ചിതനിധിയിൽനിന്നു പണം ലഭിക്കുന്നതുമായ 'മതവിഭാഗ'ത്തിന് 14,15(3), 39എ), 51എ(ഇ) വകുപ്പുകളിൽ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാർമികതയും ലംഘിക്കാനാകില്ലെന്ന പൊതു തത്വവും കോടതി ഉയർത്തുകയാണ്. ഈ സാഹചര്യത്തിലാണ് കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കാൻ മതവിഭാഗത്തെ അനുവദിക്കുന്ന ചട്ടം സുപ്രീംകോടതി അസാധുവാക്കുന്നു. സ്ത്രീ പുരുഷനേക്കാൾ ചെറുതല്ലെന്നും എല്ലാവർക്കും തുല്യനീതി വേണമെന്നും കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണു വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ ആർ.എഫ്. നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങിയതായിരുന്നു ബെഞ്ച്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതിയിൽനിന്ന് പടിയിറങ്ങുംമുമ്പുള്ള ചരിത്രപ്രധാനമായ മറ്റൊരുവിധിയാണ് ശബരിമല കേസിലേത്. ദീപക് മിശ്രയും എ.എം. ഖാൻവിൽക്കറും ഒറ്റ വിധിയാണ് പ്രസ്താവിച്ചത്. ബാക്കിയുള്ള മൂന്ന് പേരും വെവ്വേറെ വിധിയും. ഇതിൽ നാലുപേരും ഒരേ അഭിപ്രായം രേഖപ്പെടുത്തി. വനിതാ അംഗമായ ഇന്ദു മൽഹോത്രയാണ് വിധിയിൽ എതിർപ്പ് അറിയിച്ചത്.

പത്തിനും അമ്പതിനുമിടയിൽ പ്രായമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനാണ് 2006-ൽ സുപ്രീംകോടതിയെ സമീപിച്ചത്. എട്ടുദിവസത്തെ സുദീർഘമായ വാദപ്രതിവാദങ്ങൾക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറി രാമമൂർത്തിയുടെ നിലപാട്. ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിൻബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യത്തിലാണ് സുപ്രീംകോടതി തീരുമാനം എടുക്കുന്നത്.

എട്ടു ദിവസത്തെ വാദപ്രതിവാദങ്ങൾക്കു ശേഷമാണ് ശബരിമല സ്ത്രീപ്രവേശന കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പറയുന്നത്. വാദങ്ങൾ ക്രോഡീകരിച്ച് എഴുതി നൽകാൻ ഹർജിയെ അനുകൂലിച്ചും എതിർത്തും രംഗത്തെത്തിയ കക്ഷികളുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടിരുന്നു. പത്തിനും അമ്പതിനുമിടയിലുള്ള സ്ത്രീകളെ ശബരിമലയിൽ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. സ്വകാര്യത ഉൾപ്പെടെ പല വിഷയങ്ങളിലും പ്രതിഷ്ഠയ്ക്ക് അവകാശങ്ങളുണ്ടെന്നും അതു പരിശോധിക്കേണ്ടതു ഭരണഘടനാ സാധുതയുടെ അടിസ്ഥാനത്തിലാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ശബരിമലയിലേത് പ്രത്യേക വിശ്വാസ സമൂഹമാണെന്ന് എങ്ങനെ തിരിച്ചറിയുമെന്നും സ്ത്രീവിലക്കിനെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും ബെഞ്ച് ചോദിച്ചിരുന്നു. എന്നാൽ, പ്രതിഷ്ഠയുടെ അവകാശങ്ങൾ കൂടി കണക്കിലെടുക്കണമെന്ന വാദത്തെ ഭാഗികമായി അംഗീകരിക്കുന്ന തരത്തിലായിരുന്നു അവസാന നിരീഷണങ്ങൾ. കേസിലെ രണ്ടാം അമിക്കസ്‌ക്യൂറി രാമമൂർത്തിയുടെ വാദമാണ് നിർണ്ണായകമായത്. ശബരിമലയിലെ പുരാതനമായ ആചാരങ്ങൾ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം വാദിച്ചിരുന്നു. ദേശീയഗാനം പാടാൻ വിസമ്മതിച്ച യഹോവ സാക്ഷികളായ മൂന്നു വിദ്യാർത്ഥികളെ സ്‌കൂളിൽ നിന്നു പുറത്താക്കിയ നടപടിക്കെതിരേ 1986-ൽ സുപ്രീംകോടതി വിധിച്ചത് രാമമൂർത്തി ചൂണ്ടിക്കാട്ടി.

യഹോവയെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കാനാവില്ലെന്ന് വിശ്വസിക്കാൻ അവർക്ക് മൗലികാവകാശമുണ്ടെന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്. വിശ്വാസ സമൂഹത്തിനു അവരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവകാശമുണ്ടെന്ന് ഷിരൂർ മഠത്തിന്റെ കേസിൽ(1954) ഏഴംഗ ബെഞ്ച് വിധിച്ചതും അമിക്കസ് ചൂണ്ടിക്കാട്ടി. പ്രതിഷ്ഠ ബ്രഹ്മചാരിയാണെന്നതുകൊണ്ട് സ്ത്രീപ്രവേശനം വിലക്കാനാവില്ലെന്നും ശബരിമലയിലേത് പ്രത്യേക വിശ്വാസ സമൂഹമല്ല, മറിച്ച് ഹിന്ദുക്ഷേത്രമാണെന്നും സംസ്ഥാന സർക്കാരിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദമുയർത്തുകയും ചെയ്തു..

ഹരിജനങ്ങൾക്ക് ക്ഷേത്രപ്രവേശനം വിലക്കുന്ന നിയമങ്ങൾ റദ്ദാക്കിയതുപോലെ ശബരിമലയിലും കോടതി ഇടപെടണമെന്ന് ഹാപ്പി ടു ബ്ലീഡ് കൂട്ടായ്മയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്സിങ് വാദിച്ചിരുന്നു. നിശ്ചിത പ്രായപരിധിയിൽപ്പെട്ട സ്ത്രീകളെയാണ് ശബരിമലയിൽ വിലക്കുന്നതെങ്കിലും അത് ലിംഗാടിസ്ഥാനത്തിലുള്ള വിലക്കുതന്നെയാണെന്ന് നിലപാട് അവർ എടുത്തു. ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് നിയമപരമായ വ്യക്തിത്വമുണ്ടെന്ന വാദത്തെ മറ്റൊരു അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രൻ എതിർക്കുകയും ചെയ്തു. ഭരണഘടനയുടെ 25-ാം വകുപ്പിൽ പറയുന്ന അവകാശങ്ങൾ മനുഷ്യർക്കുള്ളതാണെന്ന് അദ്ദേഹം വാദിച്ചു. ഇങ്ങനെ കത്തിക്കയറിയ വാദങ്ങളെല്ലാം പരിശോധിച്ചാണ് സുപ്രീംകോടതി അന്തിമ നിഗമനത്തിൽ എത്തുന്നത്.