ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധി പുറപ്പടുവിച്ചത് .ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനും ജസ്റ്റിസുമാരായ രോഹിന്റൺ നരിമാൻ, എ.എം. ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുമടങ്ങിയ ഭരണഘടനാബെഞ്ചാണ്. ഇന്ദു മൽഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.'

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര: സ്ത്രീകളെ ദൈവമായി കാണുന്ന രാജ്യത്ത് അവരോട് വിവേചനം കാട്ടുന്നത് ഭരണഘടനയിൽ അനുവദിക്കാനാവില്ല. സ്ത്രീകൾ പുരുഷനേക്കാൾ തരം താണവരോ വിലകുറഞ്ഞവരോ അല്ല. സ്ത്രീയെയും പുരുഷനെയും തുല്യമായി കാണണമെന്നാണ് ഭരണഘടന പറയുന്നത്. വിശ്വാസത്തിലും തുല്യത വേണം. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് പാടില്ല. മതത്തിന്റെ പേരിലുള്ള പുരുഷാധിപത്യം വിശ്വാസത്തിന്റെ കാര്യത്തിലായാലും അംഗീകരിക്കാൻ കഴിയില്ല. മതവിശ്വാസങ്ങൾ പിന്തുടരുന്നതിൽ ശാരീരികമായ പ്രശ്‌നങ്ങൾ കണക്കിലെടുക്കാൻ പാടില്ലെന്നും ദീപക് മിശ്ര നിരീക്ഷിച്ചു.

പുരുഷാധിപത്യപ്രകാരമുള്ള ചട്ടങ്ങൾ മാറണം. മതാചാരം പാലിക്കാനും പ്രാർത്ഥിക്കാനുമുള്ള അവകാശങ്ങളെ ഹനിക്കും വിധത്തിൽ പ്രവർത്തിക്കാൻ മതത്തിലെ പിതൃദായക്രമത്തെ അനുവദിച്ചുകൂടാ. ശാരീരിക സവിശേഷതകളെ ആധാരമാക്കിയുള്ള ചട്ടങ്ങൾ ഭരണഘടനാപരമായി നിലനിൽക്കില്ല. അയ്യപ്പ ഭക്തർ പ്ര്‌ത്യേക മതവിഭാഗമല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അയ്യപ്പഭക്തർ പ്രത്യേക മതവിഭാഗമാണെന്നും ചട്ടങ്ങൾ രൂപീകരിക്കാൻ അനുവദിക്കണമെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് കോടതിയിൽ വാദിച്ചത്.

കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഹിന്ദു വനിതകളുടെ മതവിശ്വാസം പിന്തുടരാനുള്ള അവകാശത്തെ ഹനിക്കുന്നു. ശബരിമലയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുന്ന ആചാരം അവശ്യസമ്പ്രദായമായി കരുതാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ഖൻവിൽക്കറിനും തനിക്കും വേണ്ടിയാണ് ചീഫ് ജസ്റ്റിസ് വിധിയെഴുതിയത്.

ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്: സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം ഒരു കാരണവശാലും നിയന്ത്രിക്കാൻ പാടില്ല. പ്രതികൂല കാലാവസ്ഥയും, മോശം ശാരീരിക അവസ്ഥയും കണക്കിലെടുത്താണ് പണ്ട് കാലത്ത് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാലം മാറി. ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റിനിറുത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. അയ്യപ്പഭക്തന്മാരെ പ്രത്യേക മതമായി കണക്കാക്കാൻ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ ഭിന്നാഭിപ്രായം: വിശ്വാസങ്ങൾ തീർത്തും വ്യക്തിപരം. അതിൽ കോടതികൾ ഇടപെടേണ്ടതില്ല. ഈ നിലപാടിനോട് മറ്റു ജഡ്ജിമാർ യോജിച്ചില്ല. മതപരമായ ആചാരങ്ങളെ തൊട്ടുകൂടായ്മാ വിഷയങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന വിഷയം. ഇന്ത്യൻ ഭരണഘടനയുടെ 25,26 ആർട്ടിക്കിൾ പ്രകാരം പ്രത്യേകം സംരക്ഷണം ലഭിച്ച സ്ഥലമാണ് ശബരിമല. അയ്യപ്പഭക്തന്മാർ പ്രത്യേക മതവിഭാഗമെന്ന പരിഗണന ലഭിക്കുന്ന വിഭാഗമാണ്. ജഡ്ജിമാരുടെ വ്യക്തിഗത അഭിപ്രായങ്ങൾക്ക് വിലയില്ലെന്നും ഇന്ദു മൽഹോത്ര പറഞ്ഞു.

ആഴത്തിൽ വേരൂന്നിയ മതവിശ്വാസങ്ങളെ, രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കായി മാറ്റിയെഴുതരുത്. ഒരു മതം എന്താണ് പിന്തുടരേണ്ടതെന്നത് ആ മതമാണു തീരുമാനിക്കേണ്ടത്. വ്യക്തിവിശ്വാസത്തിന്റെ വിഷയമാണിത്. വൈവിധ്യമാർന്ന വിശ്വാസങ്ങളുടെ മണ്ണാണ് ഇന്ത്യ. ബഹുസ്വരതയ്യാർന്ന സമൂഹത്തിൽ വിവേകമുൾക്കൊള്ളാത്ത വിശ്വാസങ്ങൾ പോലും പിന്തുടരാനുള്ള സ്വാതന്ത്ര്യമാണ് നീതിയുക്തമായി ഭരണഘടന നൽകേണ്ടതെന്നും അവർ വിധിന്യായത്തിൽ കുറിച്ചു.

ആർ.എഫ്.നരിമാൻ: 41 ദിവസം വ്രതം എടുക്കാനാകില്ലെന്ന വാദം സ്ത്രീകളെ അബലകളായി കാണുന്നതിനാൽ. സ്ത്രീപ്രവേശനം വിലക്കുന്നത് ആർട്ടിക്കിൾ 25(1) ന്റെ ലംഘനമാണ്. മൗലികാവകാശങ്ങൾ സമൂഹത്തിന്റെ പരിവർത്തനത്തിന് അത്യാവശ്യമാണെന്നും നരിമാൻ നിരീക്ഷിച്ചു.

ജീവശാസ്ത്രപരമായ കാരണത്താൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നത് ഇന്ത്യൻ ഭരണഘടനയിലെ തുല്യതയ്ക്കുള്ള അവകാശം ഉറപ്പാക്കുന്ന വകുപ്പായ 14, മത,ജാതി,സ്ഥലം, ഭാഷ എന്നിവയുടെ പേരിലുള്ള വിവേചനത്തെ തടയുന്ന വകുപ്പ് 15, തൊട്ടുകൂടായ്മയുടെ നിഷ്‌കാസനം ഉറപ്പാക്കുന്ന വകുപ്പ് 17 എന്നിവയുടെ ലംഘനമാണോ എന്ന പരിശോധനയായിരുന്നു പ്രധാനമായും ഭരണഘടനാ ബെഞ്ച് നടത്തിയത്. ഈ വകുപ്പാണ് സുപ്രീം കോടതി റദ്ദാക്കിയത്.

ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നത് തുല്യതയ്ക്കുള്ള അവകാശത്തെ ഹനിക്കുന്നതാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എട്ടുദിവസത്തെ സുദീർഘമായ വാദപ്രതിവാദങ്ങൾക്കുശേഷം ഓഗസ്റ്റ് ഒന്നിനാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് വിധിപറയാൻ മാറ്റിയത്.

ആർത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിൻബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു 2006-ൽ ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി സംഘടനകളും വ്യക്തികളും രണ്ട് അമിക്കസ് ക്യൂറിമാരും വാദമുന്നയിച്ചു. ദേവസ്വം ബോർഡ്, എൻ.എസ്.എസ്., പന്തളം രാജകുടുംബം, പീപ്പിൾ ഫോർ ധർമ, 'റെഡി ടു വെയ്റ്റ്', അമിക്കസ് ക്യൂറി രാമമൂർത്തി തുടങ്ങിയവർ നിലവിലെ സ്ഥിതി തുടരണമെന്ന് വാദിച്ചു. മുഖ്യഹർജിക്കാർക്കു പുറമേ അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ, 'ഹാപ്പി ടു ബ്ലീഡ്' സംഘടന തുടങ്ങിയവർ സ്ത്രീപ്രവേശനത്തിനായി ശക്തമായി വാദിച്ചു.